
ബെയ്ജിംഗ്: ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള എണ്ണവില ഉയർത്തിയ സാഹചര്യത്തിലും ചൈനയുടെ വ്യവസായ മേഖല ശക്തമായ നേട്ടം കൈവരിച്ചു. മാർച്ചിൽ വ്യാവസായിക ലാഭം 15.8 ശതമാനം ഉയർന്നതായി ചൈനയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ജനുവരി–ഫെബ്രുവരി കാലയളവിൽ ഇത് 15.2 ശതമാനം ആയിരുന്നു.
2026ലെ ആദ്യ പാദത്തിൽ (ജനുവരി–മാർച്ച്) മൊത്തത്തിലുള്ള ലാഭവളർച്ച 15.5 ശതമാനം ആയി. കോവിഡ് കാലത്തെ മാറ്റിനിർത്തിയാൽ 2017ന് ശേഷമുള്ള മികച്ച പ്രകടനമാണിത്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ചിപ്പ് നിർമാണം എന്നീ ഹൈടെക് മേഖലകളാണ് ഈ വളർച്ചയ്ക്ക് പ്രധാന കരുത്തായത്. മാർച്ചിൽ മാത്രം ഈ മേഖലകളിലെ ലാഭം 21 ശതമാനം ഉയർന്നപ്പോൾ, ആദ്യ മൂന്ന് മാസങ്ങളിൽ 47.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇതിന്റെ അനുബന്ധ വ്യവസായങ്ങളിലും ശ്രദ്ധേയമായ നേട്ടമുണ്ടായി. ഒപ്റ്റിക്കൽ ഫൈബർ നിർമ്മാണ മേഖലയിൽ മാർച്ചിൽ 337 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒപ്റ്റോഇലക്ട്രോണിക്സ് 43 ശതമാനം, ഡിസ്പ്ലേ ഉപകരണ നിർമ്മാണം 36.3 ശതമാനം, ഡ്രോൺ നിർമ്മാണം 54 ശതമാനം എന്നിങ്ങനെ ലാഭം വർധിച്ചു. അസംസ്കൃത വസ്തു നിർമ്മാണം 78 ശതമാനം, എയറോസ്പേസ്–ന്യൂ എനർജി മേഖലകൾ 117 ശതമാനം വളർച്ചയും നേടി.
അതേസമയം, കയറ്റുമതി രംഗവും ശക്തമായി മുന്നേറി. ജനുവരി–മാർച്ച് കാലയളവിൽ ചൈനയുടെ കയറ്റുമതി 14.7 ശതമാനം ഉയർന്നു, 2022ന് ശേഷമുള്ള മികച്ച വളർച്ചയായി ഇത് കണക്കാക്കപ്പെടുന്നു. എങ്കിലും, ഉയർന്ന എണ്ണവിലയുടെ സ്വാധീനം ചൈനയെ ബാധിക്കുന്നുണ്ട്. ഈ വർഷം പണപ്പെരുപ്പം 1.2 ശതമാനം വരെ ഉയരുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ഇത് -2.6 ശതമാനം ആയിരുന്നു, അതായത് പണച്ചുരുക്കം അനുഭവപ്പെട്ടിരുന്നു.










