
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൾ തോമസ് അലൻ എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പികൂടിയിരുന്നു. 31കാരനായ കോൾ തോമസ് അലൻ കാലിഫോർണിയ സ്വദേശിയാണ്. ഇയാൾ അധ്യാപകനെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കൻ സമയം സമയം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.
വാഷിങ്ടണിൽ മാധ്യമപ്രവർത്തകരുടെ വിരുന്ന് നടന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ചെക്ക്പോയിന്റിൽ അക്രമി തോക്കുമായി കടന്നുവരുന്നതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിനു ശേഷം നിലത്തുകിടക്കുന്ന അക്രമിയുടെ ചിത്രവും ട്രംപ് പങ്കുവച്ചു.
കോൾ അലൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും അതേസമയം, ഇയാൾ വലിയതോതിൽ ആയുധം കൈവശം വച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോൾ അലൻ പരിപാടി നടന്ന ഹോട്ടലിൽ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടൻ ഡിസി പൊലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ മാധ്യമങ്ങളോടു പറഞ്ഞു.










