
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെയ്പ്പുണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിശബ്ദം കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളുകൾ മരണഭയത്തോടെ പരക്കംപായുന്നതിനിടെ മാധ്യമ പ്രവർത്തകരിൽ ചിലർ വിലകൂടിയ മദ്യകുപ്പികൾ അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി പരക്കംപായുന്നതിനിടെയാണ് ചില മാധ്യമപ്രവർത്തകർ മദ്യക്കുപ്പികൾ ബാഗിലാക്കിയത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലുണ്ടായത്. ‘അവർ ടിക്കറ്റെടുത്ത് ഇരിക്കുന്ന മേശപ്പുറത്തെ വൈൻ അവർ എടുത്താൽ അത് എങ്ങനെ മോഷണമാകും?’–ഒരാളുടെ കമന്റ് ഇങ്ങനെ. ‘ആ കുപ്പികൾ നേരത്തെ തുറന്നവയാണ്, അത് കുടിക്കാൻ വേണ്ടി അവിടെ വച്ചതാണ്. ഇതിൽ എന്ത് മോഷണമാണുള്ളത്?’– മറ്റൊരാൾ കുറിച്ചു. അപകടത്തിനിടെ ഇങ്ങനെ ചെയ്തത് മോശമായ പ്രവൃത്തിയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കോൾ തോമസ് അലൻ ആണ് (31) ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ജീവനക്കാർ കീഴടക്കി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു.










