
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയൊച്ച കേട്ടതോടെ ട്രംപിനെയും പ്രഥമ വനിതയേയും സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
വൈറ്റ്ഹൗസ് ലേഖകരായ മാധ്യമപ്രവർത്തരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും പുറമേ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ യുഎസ് ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
പിന്നീട് ഡിന്നർ പരിപാടി പുനരാരംഭിച്ചു. ട്രംപിന്റെ നിർദേശത്തോടെയായിരുന്നു ഇത്. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന് അനുവദിച്ചില്ലെന്നും സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായി എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.










