
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ അനിമേഷൻ വീഡിയോ. ലെഗോ രൂപകൽപ്പനയിൽ തയ്യാറാക്കിയ ഈ വീഡിയോയിൽ, വെടിവെയ്പ്പ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്ന നാടകമെന്നാണ് പരിഹാസം. നേതൃശൈലിയെയും സുരക്ഷാ സംവിധാനങ്ങളെയും പരിഹസിക്കുന്നതാണ് വീഡിയോ.
ട്രംപിന്റെ ജനപ്രീതി കുറയുമ്പോൾ ശ്രദ്ധ തിരിക്കാൻ ഇത്തരം സംഭവങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് വീഡിയോയിൽ പ്രധാനമായി ഉയർത്തുന്നത്. “പോളുകൾ താഴുമ്പോഴെല്ലാം ഇതേ നാടകമാണ് ആവർത്തിക്കുന്നത്” എന്ന ആശയമാണ് വീഡിയോയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
വീഡിയോയിൽ ട്രംപിനെ ദുർബലനും അഹങ്കാരപരനും ആയി ചിത്രീകരിക്കുമ്പോൾ, പുറത്തേക്ക് ശക്തനായ നേതാവായി പ്രകടിപ്പിക്കാൻ ശ്രമിച്ചാലും അണിയറയിൽ അദ്ദേഹം പരിഹാസവിഷയമാണെന്ന തരത്തിലുള്ള വിമർശനവും ഉണ്ട്. അദ്ദേഹത്തിന്റെ പിന്തുണക്കാർക്കിടയിലും നേത്യത്വത്തിലെ പിഴവുകൾക്കെതിരെ അസന്തോഷം ഉയരുന്നുവെന്ന സൂചനയും നൽകുന്നു.
ഇറാൻ അനുകൂലികളായ എക്സ്പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സമാനമായ ലെഗോ വിഡിയോകൾ പ്രചരിപ്പിച്ചതിന് ഈ ഗ്രൂപ്പിനെ ഈ മാസം ആദ്യം യൂട്യൂബ് നിരോധിച്ചിരുന്നു.










