01:24pm 25 April 2026
NEWS
അമേരിക്കയിലെ ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ?
25/04/2026  10:30 AM IST
nila
അമേരിക്കയിലെ ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ?

വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-1 ബി വിസാ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നിർദേശിച്ച് റിപ്പബ്ലിക്കൻ പാർട്ടി പുതിയ ബിൽ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ ആണ് ബിൽ മുന്നോട്ടുവച്ചത്. നിലവിലെ വിസാ രീതിയെ സമൂലമായി പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.  അമേരിക്കൻ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം എന്നാണ് റിപ്പോർട്ടുകൾ.

 ബ്രാൻഡൻ ഗിൽ, പോൾ ഗോസർ, ആൻഡി ഓഗിൾസ് എന്നിവരുൾപ്പെടെ പ്രമുഖ റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പിന്തുണയ്ക്കുന്നു. ഇപ്പോൾ വർഷംതോറും അനുവദിക്കുന്ന 65,000 എച്ച്-1 ബി വിസകൾ 25,000 ആയി കുറയ്ക്കണമെന്നതാണ് പ്രധാന നിർദേശം. കൂടാതെ ലോട്ടറി സംവിധാനം ഒഴിവാക്കി, ഉയർന്ന ശമ്പളം നൽകുന്ന തൊഴിലുകൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് മാറണമെന്നും ബിൽ ആവശ്യപ്പെടുന്നു. കുറഞ്ഞ വാർഷിക ശമ്പളം 2 ലക്ഷം ഡോളറായി നിശ്ചയിക്കണമെന്നും നിർദേശിക്കുന്നു.

അമേരിക്കൻ തൊഴിലാളികളെ ലഭ്യമല്ലെന്ന് തൊഴിലുടമകൾ തെളിയിക്കേണ്ടതും, വിദേശികളെ നിയമിക്കാൻ സ്വദേശികളെ പിരിച്ചുവിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതും നിർബന്ധമാക്കാൻ ബിൽ നിർദേശിക്കുന്നു. എച്ച്-1 ബി വിസയുള്ളവർക്ക് ഒന്നിലധികം ജോലികൾ ചെയ്യുന്നതും, മൂന്നാം കക്ഷി ഏജൻസികൾ വഴി നിയമനം നടത്തുന്നതും നിരോധിക്കണമെന്നുമാണ് വ്യവസ്ഥകൾ. ഇതിന് പുറമെ, വിസയുള്ളവർക്ക് കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരുന്നതിലും ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, വിദ്യാർത്ഥികളുടെ ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് പദ്ധതി അവസാനിപ്പിക്കാനും ബിൽ നിർദേശിക്കുന്നു.

ടെക്നോളജി, എൻജിനീയറിങ് മേഖലകളിൽ വിദഗ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന എച്ച്-1 ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. അതിനാൽ ബിൽ നിയമമായാൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ തിരിച്ചടിയാകും. അതേസമയം, വിദേശ തൊഴിലാളികൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നതിലൂടെ സ്വദേശികളുടെ അവസരങ്ങൾ കുറയുന്നുവെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം; എന്നാൽ തൊഴിലാളി ക്ഷാമം നികത്താൻ ഈ വിസ അനിവാര്യമാണെന്നാണ് വ്യവസായ മേഖലയിലെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img