09:11am 27 April 2026
NEWS

മാലി പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

27/04/2026  07:46 AM IST
nila
 മാലി പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലുണ്ടായ ആക്രമണത്തിലാണ് മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വസതിയെ ലക്ഷ്യമിട്ട് നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ മന്ത്രിയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.

2020ൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ജിഹാദി സംഘടനയായ ജെഎൻഐഎമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്എൽഎയും സംയുക്തമായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. വടക്കൻ മേഖലയിലെ പ്രധാന നഗരമായ കിഡാൽ വിമതർ പൂർണ നിയന്ത്രണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

പ്രധാന നഗരങ്ങൾ പിടിച്ചടക്കുന്നതിലുപരി സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വിമാനത്താവളത്തിനു സമീപമുള്ള സെനു ജില്ലയിലും സൈനിക താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 

മാലിയിലെ അക്രമ സംഭവങ്ങളെ ഐക്യരാഷ്ട്രസംഘടന ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും യൂറോപ്യൻ യൂണിയനും ശക്തമായി അപലപിച്ചു. സാഹേൽ മേഖലയിലെ ഭീകരവാദം നേരിടാൻ രാജ്യാന്തര പിന്തുണ അത്യാവശ്യമാണെന്ന് യുഎൻ വക്താവ് വ്യക്തമാക്കി. ഫ്രാൻസുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന മാലിയിലെ സൈനിക ഭരണകൂടത്തിനു, പ്രതിരോധ മന്ത്രിയുടെ അപ്രതീക്ഷിത വിയോഗം വലിയ തിരിച്ചടിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img