
ജനീവ: എൽ നിനോ പ്രതിഭാസം ഈ വർഷം മധ്യത്തോടെ രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില കൂടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. മേയ് തുടക്കം മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാമെന്നാണ് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നത്. ഇത്തവണ അതിന്റെ തീവ്രത കൂടുതലായിരിക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതല താപനില സാധാരണ നിലയെക്കാൾ ഉയരുമ്പോഴാണ് എൽ നിനോ രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ആഗോളതലത്തിൽ കാറ്റിന്റെ ദിശ, അന്തരീക്ഷമർദ്ദ വ്യതിയാനം, മഴയുടെ വിതരണം എന്നിവയിൽ മാറ്റങ്ങൾ സംഭവിക്കും.
ഇന്ത്യയിലെ മൺസൂണിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. എൽ നിനോ സജീവമായാൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമാകാൻ സാധ്യത കൂടുതലാണ്. ഇതോടെ മഴയുടെ അളവ് കുറയുകയും ചില പ്രദേശങ്ങളിൽ വരൾച്ചാ സാഹചര്യം രൂപപ്പെടുകയും ചെയ്യാം.
എൽ നിനോയ്ക്കു വിപരീതമായി കിഴക്കൻ പസഫിക് സമുദ്രത്തിൽ താപനില കുറയുന്ന ഘട്ടമാണ് ലാ നിന. ഈ രണ്ട് പ്രതിഭാസങ്ങളും സാധാരണയായി 2 മുതൽ 7 വർഷം ഇടവേളയിൽ മാറിമാറി സംഭവിക്കുന്നു. ഓരോ എൽ നിനോ ഘട്ടവും ഏകദേശം 9 മുതൽ 12 മാസം വരെ നീളാറുണ്ട്.
മുമ്പുണ്ടായ എൽ നിനോയുടെ സ്വാധീനത്തിൽ 2023 ലോകത്തിലെ രണ്ടാമത്തെ ചൂടേറിയ വർഷമായി രേഖപ്പെടുത്തിയപ്പോൾ, 2024 ഏറ്റവും ചൂടേറിയ വർഷമായി മാറിയിരുന്നു.










