04:26am 02 May 2026
NEWS
ഗര്‍ഭകാലത്തെ അവസാന മൂന്ന് മാസങ്ങള്‍
06/01/2026  11:28 AM IST
Health Desk
ഗര്‍ഭകാലത്തെ അവസാന മൂന്ന് മാസങ്ങള്‍

 

ഗര്‍ഭധാരണത്തിന്റെ 28 ആഴ്ച മുതല്‍ 40 ആഴ്ച വരെയുള്ള കാലയളവാണ് ഗര്‍ഭകാലത്തെ അവസാന മൂന്നു മാസങ്ങളായി കണക്കാക്കുന്നത്. ഈ കാലഘട്ടം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ ഗര്‍ഭകാല പരിചരണം ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഈ സമയത്ത് അമ്മയ്ക്ക് വരാന്‍ സാദ്ധ്യതയുള്ള സങ്കീര്‍ണതകളെ പറ്റിയാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭസമയത്ത് ഉണ്ടാകുന്ന പ്രമേഹം എന്നിവയാണ് അമ്മയ്ക്ക് വരാന്‍ സാദ്ധ്യതയുള്ളതില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍.

ഗര്‍ഭിണികളിലെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

28 ആഴ്ച കഴിഞ്ഞാണ് സാധാരണയായി ഗര്‍ഭിണികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നത്. High BP / ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്ത് വളരെ അപകടകാരിയാണ്. ഈ അവസ്ഥ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്.

രക്തസമ്മര്‍ദ്ദം അമ്മയുടെ അവയവങ്ങളെ പ്രതികൂലമായി ബാധിക്കാം. സാധാരണ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അതിനോടനുബന്ധിച്ച് വന്നേക്കാവുന്ന പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഈ അവസ്ഥയില്‍ നിന്നും വ്യത്യസ്തമാണ്. അമ്മയുടെ വൃക്കകള്‍, കരള്‍,  തലച്ചോറ്, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതികൂലമായി ബാധിക്കുന്നു. ഈ അസുഖത്തെ പ്രീ-എക്ലാംസിയ (pre-eclampsia) എന്ന് പറയുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി മാത്രം നില്‍ക്കുകയാണെങ്കില്‍ Gestational Hypertension എന്നും അമ്മയുടെ മറ്റു അവയവങ്ങളെ ബാധിച്ചു കഴിഞ്ഞാല്‍ പ്രീ-എക്ലാംസിയ എന്നും വിളിക്കും. പ്രീ-എക്ലാംസിയ വന്ന അമ്മയ്ക്ക് ജന്നി രോഗം വരാം, ഇതിനെ എക്ലാംസിയ എന്ന് പറയുന്നു. വൃക്ക തകരാറ് (kidney failure), കരള്‍ രോഗം (HELLP Syndrome) എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു.

ഗര്‍ഭിണികളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എങ്ങനെ കണ്ടുപിടിക്കാം?

ഗര്‍ഭിണികള്‍ 28 ആഴ്ച കഴിഞ്ഞ്  രണ്ടാഴ്ച കൂടുമ്പോള്‍ അവരുടെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണ്. ഈ സമയത്തെ അമ്മയുടെ രക്തസമ്മര്‍ദ്ദം ശ്രദ്ധയോടെയും വളരെ കൃത്യതയോടെയും രേഖപ്പെടുത്തണം. ബിപി നോക്കുമ്പോള്‍ ആദ്യം രേഖപ്പെടുത്തുന്ന സംഖ്യ (Systolic pressure) 140 ഓ അതിന് മുകളിലോ ആയാല്‍, രണ്ടാമത്തെ സംഖ്യ (Diastolic pressure) 90 ഓ അതില്‍ കൂടുതലോ ആയാല്‍ അതിനെ ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദം / Gestational Hypertension എന്ന് പറയുന്നു. ചില ഗര്‍ഭിണികളില്‍ സിസ്റ്റോളിക് ബിപി 160 - 200 വരെ ഉയര്‍ന്നു കാണാറുണ്ട്. ഇങ്ങനെയുള്ളവരില്‍ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം  കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ തന്നെ ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് കുറയുന്നതുമൂലം കുഞ്ഞിന്റെ അനക്കം നിന്നു പോകാന്‍ സാദ്ധ്യതയുണ്ട്.  പ്രീ-എക്ലാംസിയ ഉള്ള ഗര്‍ഭിണികളില്‍ പ്രസവിക്കുന്നതിന് മുമ്പ് തന്നെ മറുപിള്ളയുടെ പിറകില്‍ രക്തസ്രാവം വരാം. മറുപിള്ള ഗര്‍ഭപാത്രത്തില്‍ നിന്നും ഇളകിമാറുന്നതുകൊണ്ട് കുഞ്ഞിനുള്ള രക്തയോട്ടം നിലച്ചു പോകുന്നു. 28 ആഴ്ച കഴിഞ്ഞ ഗര്‍ഭിണികളെ എല്ലാ 2 ആഴ്ചയും കണ്ട് രക്തസമ്മര്‍ദ്ദം കൃത്യമായി രേഖപ്പെടുത്തുന്നതോടൊപ്പം മൂത്രത്തില്‍ ആല്‍ബുമിന്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്.

ഗര്‍ഭകാലത്തെ പ്രമേഹം

26 ആഴ്ച കഴിഞ്ഞ് പ്രകടമാകുന്ന മറ്റൊരു അസുഖമാണ് ഗര്‍ഭകാലത്തെ പ്രമേഹം. ഇതിനെ Gestational Diabetes Mellitus (GDM) എന്ന് പറയുന്നു. അമിതവണ്ണമുള്ളവര്‍, പാരമ്പര്യമായി പ്രമേഹം ഉള്ള കുടുംബത്തിലെ സ്ത്രീകള്‍, ഭാരം കൂടിയ കുഞ്ഞിനെ മുമ്പ് പ്രസവിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് ഈ അസുഖം വരാനുള്ള സാദ്ധ്യത കൂടുതല്‍. 24 - 26 ആഴ്ചയില്‍ Glucose Challenge പരിശോധനയിലൂടെയാണ് ഈ പ്രമേഹം നിര്‍ണ്ണയിക്കുന്നത്. അപ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ അളവില്‍ ആണെങ്കില്‍ പോലും 32ാം ആഴ്ചയിലും 36ാം ആഴ്ചയിലും തുടര്‍ പരിശോധന നടത്തണം.

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിനെ സാരമായി ബാധിക്കുന്നു

ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം വര്‍ദ്ധിക്കുന്നു. അമ്മയില്‍ നിന്നും പൊക്കിയിലൂടെ കുഞ്ഞിന് ലഭിക്കുന്ന അമിതമായ ഷുഗര്‍ പല വ്യതിയാനങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ അനക്കം കുറഞ്ഞു പോവുകയും ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് വരെയും കാരണമാവുകയും ചെയ്യുന്നു. ഇത് കൂടാതെ കുഞ്ഞിന്റെ ഭാരം ഒരു പരിധിയില്‍ കൂടുതല്‍ വര്‍ദ്ധിക്കുമ്പോള്‍ സുഖപ്രസവം ദുഷ്‌കരമാവുകയും സിസേറിയന്‍ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടതായും വരാം. പലപ്പോഴും ഗര്‍ഭിണിയുടെ വയറിന്റെ വലിപ്പം കൂടുമ്പോഴോ ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴോ ആയിരിക്കും Gestational Diabetes കണ്ടുപിടിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രമേഹം നിയന്ത്രിക്കാനുള്ള മരുന്നുകളോ ആവശ്യമെങ്കില്‍ ഇന്‍സുലിന്‍ കുത്തിവയ്‌പ്പോ വേണ്ടിവരും. ഗര്‍ഭകാലത്തെ പ്രമേഹം കുഞ്ഞിനെയാണ് സാരമായി ബാധിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പ്രസവം കഴിഞ്ഞാലും ഈ കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് ജന്നി വരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് ജനനശേഷം ഈ കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ അളവില്‍ മുലപ്പാല്‍ കൊടുക്കുകയും അമ്മയുടെ പാല്‍ പോരാ എന്നുണ്ടെങ്കില്‍ നവജാത ശിശുരോഗ വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം മുലപ്പാലിന് പകരം നല്‍കുന്ന പൊടികള്‍ (Formula milk) കൊടുക്കേണ്ടതായും വരാം.

ഗര്‍ഭകാലത്ത വിളര്‍ച്ച അപകടകാരിയാണ്

ഗര്‍ഭിണികളില്‍ സാധാരണയായി കാണുന്ന മറ്റൊരു അവസ്ഥയാണ് വിളര്‍ച്ച. ഗര്‍ഭകാലത്ത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11ഗ്രാം എങ്കിലും ഉണ്ടായിരിക്കണം. ഈ അളവ് കുറഞ്ഞ് പോകുന്നതനുസരിച്ച് പലവിധ അസ്വസ്ഥതകള്‍ അമ്മയ്ക്ക് ഉണ്ടാകാം. അമിതമായ ക്ഷീണം, എപ്പോഴും ഉറക്കം വരിക, കാര്യങ്ങള്‍ ചെയ്യുവാന്‍ ഉത്സാഹം ഇല്ലാതാവുക, കുറച്ചു ദൂരം നടക്കുമ്പോഴോ, പടികള്‍ കയറുമ്പോഴോ, ആയാസമുള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴോ കിതപ്പ് അനുഭവപ്പെടുക, തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. വിളര്‍ച്ച നേരത്തെ ഉണ്ടായാലും ലക്ഷണങ്ങള്‍ പ്രകടമാകുന്നത് 7 മാസം കഴിയുമ്പോഴാണ്. ഹീമോഗ്ലോബിന്റെ അളവ് 7ഗ്രാമില്‍ കുറഞ്ഞു കഴിഞ്ഞാല്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. ഗര്‍ഭകാലത്തുണ്ടാകുന്ന ചില ശാരീരിക വ്യത്യാസങ്ങള്‍ കാരണമാണ് 30 - 32 ആഴ്ചകളില്‍ ഈ അവസ്ഥ വഷളാകുന്നത്. വിളര്‍ച്ച മൂലം പലതരം അസ്വസ്ഥകളും ഗര്‍ഭിണികളില്‍ ഉണ്ടാകും. അതിനാല്‍ വിളര്‍ച്ച മാറ്റാനുള്ള കരുതലുകളും ഈ കാലയളവില്‍ ഗര്‍ഭ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


ഈ കാര്യങ്ങളൊക്കെയും തന്നെ ശ്രദ്ധിച്ച് ഗര്‍ഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ ഗര്‍ഭിണികളുടെ ശാരീരിക-മാനസികാവസ്ഥ മനസ്സിലാക്കി അവര്‍ക്കു വേണ്ട പിന്തുണ നല്‍കേണ്ടത് അവരുടെ ജീവിത പങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. കുടുംബാംഗങ്ങളും ജീവിത പങ്കാളിയും നല്‍കുന്ന പിന്തുണ ഗര്‍ഭകാലം സന്തോഷത്തോടെ ആസ്വദിക്കാന്‍  സ്ത്രീയെ സഹായിക്കും എന്ന് മാത്രവുമല്ല അത് ഗര്‍ഭസ്ഥ ശിശുവിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 

 

Photo Courtesy - The last three months of pregnancy

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.