10:50pm 10 June 2026
NEWS
സ്ത്രീകളിലെ കാന്‍സര്‍: എങ്ങനെ പ്രതിരോധിക്കാം.
10/06/2026  11:59 AM IST
Health Desk
സ്ത്രീകളിലെ കാന്‍സര്‍: എങ്ങനെ പ്രതിരോധിക്കാം

വര്‍ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. സ്തനങ്ങളിലും, ഗര്‍ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും, പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില്‍ സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നു. ഒരു സ്ത്രീ കാന്‍സര്‍ ബാധിതയാകുമ്പോള്‍ അവരുടെ കുടുംബത്തെ മൊത്തത്തില്‍ സാരമായി ബാധിക്കുന്നു.

എന്താണ് അര്‍ബുദം / കാന്‍സര്‍?

ആരോഗ്യകരമായ കോശങ്ങളില്‍ ചില ജനതക വ്യതിയാനം വരുമ്പോള്‍ അവ അനിയന്ത്രിതമായി വിഭജിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അര്‍ബുദം എന്ന രോഗം ഉണ്ടാകുന്നത്. പല കാരണങ്ങളാല്‍ ഇത്തരം ജനിതക വ്യതിയാനം സംഭവിക്കാം. അര്‍ബുദ രോഗത്തിന് കാരണമായ ഘടകങ്ങളില്‍ 'പാരമ്പര്യം' ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയും ദിവസേന ഉണ്ടാകുന്ന പരിസ്ഥിതി സംബന്ധമായ വിഷവസ്തുക്കളോടുള്ള സമ്പര്‍ക്കവും നല്ലൊരു പങ്കുവഹിക്കുന്നു.

പ്രതിരോധ മാര്‍ഗഗ്ഗങ്ങള്‍

1. ആരോഗ്യകരമായ ഭക്ഷണരീതി

അര്‍ബുദം പ്രതിരോധിക്കുന്നതിനായി ഭക്ഷണത്തില്‍ തവിട് അടങ്ങിയ ധാന്യങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗ്ഗങ്ങള്‍, ബെറീസ്, നട്‌സ് എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.  ബെറീസ് കഴിക്കുന്നതിലൂടെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന free radicals നെ കുറയ്ക്കാം. അതിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം. അതുപോലെ തന്നെ തവിട്  അടങ്ങിയ ധാന്യങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചുവന്ന മാംസം, പ്രോസസ്സ് ചെയ്ത മാംസം, മധുര പാനീയങ്ങള്‍, പ്രോസസ്സ്ഡ് ഫുഡ് തുടങ്ങിയവ ഒഴിവാക്കുന്നത് കാന്‍സര്‍വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

2. വ്യായാമം ശീലമാക്കുക

ഇന്നത്തെ കാലത്ത് മിക്കവാറും ആളുകള്‍ ഒരു അലസമായ ജീവിതചര്യയാണ് പാലിക്കുന്നത്. വ്യായാമത്തിന്റെ ഗുണങ്ങള്‍ അറിയാമെങ്കിലും പലപ്പോഴും ജോലിത്തിരക്ക് മൂലവും മറ്റു കാരണങ്ങളാലും വ്യായാമത്തിന് പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ അലസമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും ആളുകളില്‍ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അര്‍ബുദം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു.

സ്തനാര്‍ബുദം, പെരുങ്കുടലിനെയും വന്‍കുടലിനെയും ബാധിക്കുന്ന കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ തുടങ്ങിയ പതിമൂന്നോളം കാന്‍സറുകള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുമ്പോള്‍ ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കൂടുന്നത് വഴിയാണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുന്നത്. വ്യായാമം ശീലമാക്കുന്നതിലൂടെ പലവിധ രോഗകാരണങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാനും രോഗം പ്രതിരോധിക്കാനും സാധിക്കുന്നു. ഹോര്‍മോണുകളുടെ അളവുകള്‍ നിയന്ത്രിക്കുക, ഇന്‍സുലിന്റെ അളവ് കുറയ്ക്കുക, ശരീരത്തിലെ വീക്കം കുറയ്ക്കുക, രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുക തുടങ്ങിയവ വ്യായാമത്തിലൂടെ സാദ്ധ്യമാകുന്നു. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് ഊര്‍ജ്ജസ്വലമായ വ്യായാമമോ അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു.

3. പുകവലി ഒഴിവാക്കുക

പുകവലി നിയന്ത്രിക്കുന്നതിനേക്കാള്‍ ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെട്ട രീതിയില്‍ അര്‍ബുദത്തെ തടയാനാകും. ശ്വാസകോശം, അന്നനാളം, തൊണ്ട തുടങ്ങിയ ഭാഗങ്ങളിലാണ് പുകവലി മൂലമുള്ള അര്‍ബുദം ബാധിക്കുന്നത്. സ്ത്രീകളിലെ പുകവലി സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കും കാരണമാകുന്നു.

4. അമിതമായ മദ്യപാനം ഒഴിവാക്കുക

അമിതമായ മദ്യപാനം അന്നനാളത്തിലെയും, വയറിലെയും, കരളിലെയും കാന്‍സറിന് കാരണമാകുന്നു

5. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് മെലനോമ പോലുള്ള ത്വക്കിനെ ബാധിക്കുന്ന അര്‍ബുദത്തിന് കാരണമാകുന്നു. രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്കുള്ള വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. അതിനായി, സംരക്ഷണ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ തണല്‍ പ്രയോജനപ്പെടുത്തുക, എസ്പിഎഫ് 30ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ത്വക്കിനെ ബാധിക്കുന്ന അര്‍ബുദം ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.

6. ആരോഗ്യകരമായ ലൈംഗിക രീതി തിരഞ്ഞെടുക്കുക

ഒന്നിലധികം ലൈംഗിക പങ്കാളികള്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം എന്നിവ എച്ച്‌ഐവി, എച്ച് പി വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അണുബാധകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടുന്നു. ഹെപ്പറ്റൈറ്റിസ് രോഗം കരള്‍ സംബന്ധമായ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. എച്ച് പി വി വൈറസ് സെര്‍വിക്കല്‍ കാന്‍സര്‍, മലദ്വാരത്തിലെ കാന്‍സര്‍, വായിലെ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകള്‍ക്ക് കാരണമാകുന്നു. 

7. പ്രത്യുല്‍പാദന ഘടകങ്ങള്‍

ഗര്‍ഭധാരണവും മുലയൂട്ടലും സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയില്‍ നിന്നും പ്രതിരോധം നേടാന്‍ സഹായിക്കുന്നു.

8. സ്‌ക്രീനിംഗിന്റെ പങ്ക്

കാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് പരിശോധനകള്‍ സഹായകമാണ്. ഈ ഘട്ടത്തില്‍ ചികിത്സ ആരംഭിക്കുകയാണെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനോ പൂര്‍ണ്ണമായും ഭേദമാക്കാനോ സാധിക്കുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും വര്‍ഷത്തിലൊരിക്കലോ, രണ്ട് വര്‍ഷത്തിലൊരിക്കലോ മാമോഗ്രാം ചെയ്യേണ്ടതാണ്. സ്വയം പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കാത്ത മുഴകള്‍ മാമോഗ്രാമിലൂടെ കണ്ടെത്താന്‍ കഴിയും. ഇങ്ങനെ കണ്ടെത്തുന്നതിലൂടെ പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ച് രോഗം ഭേദമാക്കാന്‍ സാധിക്കുന്നു. മൂന്നുവര്‍ഷം കൂടുമ്പോള്‍ പാപ് സ്മിയര്‍ പരിശോധനയോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ എച്ച് പി വി പരിശോധനയോ നടത്തുന്നതിലൂടെ സെര്‍വിക്കല്‍ കാന്‍സര്‍, കാന്‍സറിന് മുന്നോടി ആയിട്ടള്ള ഘട്ടത്തിലോ, പ്രാരംഭ ഘട്ടത്തിലോ കണ്ടെത്താനാകും.

9. ജനിതക പരിശോധന

സ്തനാര്‍ബുദം, അണ്ഡാശയ   അര്‍ബുദം എന്നിവ ബാധിച്ചിട്ടുള്ള രോഗികളില്‍ അവര്‍ BRCA Gene mutation എന്ന ജനിതക വ്യതിയാനം പോസിറ്റീവ് ആയി കണ്ടെത്തിയാല്‍ മറ്റു കുടുംബാംഗങ്ങള്‍ക്കും പരിശോധനയ്ക്ക് വിധേയരാകാം. പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍ അണ്ഡാശയ കാന്‍സറിന്റെ പ്രതിരോധമാര്‍ഗ്ഗമായി ഫെല്ലോപ്പിയന്‍ ട്യൂബുകളും അണ്ഡാശയങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. അതുപോലെ തന്നെ മലാശയ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ബാധിച്ചിട്ടുള്ള രോഗികളില്‍ Lynch Syndrome എന്ന ജനിതക വ്യതിയാനം പോസിറ്റീവ് ആയി കണ്ടെത്തിയാല്‍ മറ്റു കുടുംബാംഗങ്ങള്‍ക്കും പരിശോധനയ്ക്ക് വിധേയരാകാം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ മലാശയത്തെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം കണ്ടുപിടിക്കാനുള്ള Colonoscopy സ്‌ക്രീനിംഗ് ചെയ്യേണ്ടതാണ്.

10. പ്രതിരോധ കുത്തിവയ്പ്പുകള്‍

എച്ച് പി വി വൈറസ് മൂലമുള്ള അണുബാധയാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. വായ്ക്കുള്ളിലെ അര്‍ബുദം, മലദ്വാരത്തിലെ അര്‍ബുദം എന്നിവയും എച്ച് പി വി വൈറസുമായി ബന്ധപ്പെട്ട കാന്‍സറുകളാണ്. എച്ച് പി വി കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ ഇതില്‍ നിന്നും പ്രതിരോധം നേടാനാകും.

ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ നല്ലൊരു ശതമാനും കാന്‍സറും തടയാനാകും.


Dr. Anjana J. S.
Consultant Gynecological Oncologist
Sut Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.