
ഒരു വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഫാര്‍മിങ് ലീഡര്‍ ചാനലിന് ലഭിച്ചത്
രാജ്യത്തൊട്ടാകെ കാര്‍ഷികരംഗം പ്രതിസന്ധി നേരിടുന്ന കാലമാണിത്. കര്‍ഷകര്‍ പലരും ആത്മഹത്യയുടെ വക്കിലും. എന്നാല്‍ ഹരിയാനയിലെ ദര്‍ഷന്‍ സിങ് എന്ന കര്‍ഷകന് എല്ലാമാസവും കൊയ്ത്തുകാലമാണ്. അദ്ദേഹത്തിന്റെ കൃഷി അധികവും പാടങ്ങളിലല്ല, സൈബര്‍ഇടങ്ങളിലാണ്. ദര്‍ഷന്‍ സിങ്ങിന്റെ ഒരു മാസത്തെ വരുമാനം രണ്ടു ലക്ഷം രൂപയാണ്. യൂട്യൂബിലാണ് ദര്‍ഷന്റെ കൃഷി. യൂട്യൂബിലെ ഹിറ്റായ ഫാര്‍മിങ് ലീഡര്‍ എന്ന കൃഷി സംബന്ധമായ ചാനല്‍ വഴിയാണ് ദര്‍ഷന്‍ സിങ് പണമുണ്ടാക്കുന്നത്. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 22 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഫാര്‍മിങ് ലീഡര്‍ ചാനലിനു ലഭിച്ചത്. പ്രതിദിനം ലക്ഷക്കണക്കിനു പേര്‍ ഈ ചാനലിലെ വിഡിയോകള്‍ കാണുന്നു.
കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷനും തന്റെ വഴി കൃഷിയാണെന്നു പണ്ടു തന്നെ തിരിച്ചറിഞ്ഞിരുന്നു. 2015 വരെ ദര്‍ഷന്‍ പഠനവും കുടുംബത്തിന്റെ 12 ഏക്കര്‍ സ്ഥലത്തെ കൃഷിയുമൊക്കെ ഒരുമിച്ചു കൊണ്ടു പോയി. എല്ലാവരും രാസവളത്തിനു പിന്നാലെ പാഞ്ഞപ്പോള്‍ ദര്‍ഷന്‍ ജൈവകൃഷിയിലേക്കു തിരിഞ്ഞു. ആദ്യം രണ്ടേക്കറെടുത്തു ജൈവ കൃഷി നടത്തി തുടര്‍ന്നു പതിയെ പതിയെ മൂന്നു വര്‍ഷം കൊണ്ടു മുഴുവന്‍ ഇടത്തും ജൈവകൃഷി തുടങ്ങി. 2017ല്‍ വരുമാനം വര്‍ധിപ്പിക്കാനായി ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതാണു ദര്‍ഷന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങള്‍ പൊന്തി വന്നു. ഓണ്‍ലൈനില്‍ പരിഹാരങ്ങള്‍ക്കായി തിരഞ്ഞപ്പോള്‍ കിട്ടിയതൊക്കെ വെറുതേ ക്ലിക്ക് ലഭിക്കാനിട്ടിരിക്കുന്ന വസ്തുക്കള്‍. ഒന്നില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അതു കൊണ്ടു ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയംകൊയ്ത കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു.
ഈ യാത്രകളിലാണ് യൂട്യൂബ് ചാനല്‍ എന്ന ആശയം ദര്‍ഷനു ലഭിച്ചത്. കൃഷിയില്‍ വിജയിച്ച കര്‍ഷകരില്‍ നിന്നു ലഭിക്കുന്ന പാഠങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടുന്നതിനാണ് അവ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇടാന്‍ തീരുമാനിച്ചത്. അങ്ങനെ 2017 സെപ്റ്റംബറില്‍ ഫാര്‍മിങ് ലീഡര്‍ പിറന്നു. വിഡിയോകള്‍ക്കു നല്ല പ്രതികരണം ലഭിച്ചതോടെ ദര്‍ഷന്‍ ഒരു ലേപ്പല്‍ മൈക്കും കൂടി വാങ്ങി, പ്രതിവാരം മൂന്നും നാലും വിഡിയോകള്‍ വീതം പോസ്റ്റു ചെയ്യാന്‍ തുടങ്ങി. ആറു മാസം കൊണ്ടു തന്നെ വിഡിയോകള്‍ക്കു ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി. 2018 മാര്‍ച്ച് മാസം ആയപ്പോഴേക്കും യൂട്യൂബില്‍ നിന്നു പണം ലഭിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്ന് അത്രനാള്‍ സമ്പാദിച്ച തുകയേക്കാള്‍ കൂടുതല്‍ യൂട്യൂബില്‍ നിന്നു കിട്ടാന്‍ തുടങ്ങിയതോടെ ദര്‍ഷന്‍ അതു മുഴുവന്‍ സമയ പ്രൊഫഷനാക്കി. നിലവില്‍ 500ല്‍ അധികം വിഡിയോകളാണു ചാനലില്‍ ഉള്ളത്. മൊബൈലിന് പകരം പ്രഫഷണല്‍ ക്യാമറയില്‍ വിഡിയോകള്‍ ചിത്രീകരിച്ചു തുടങ്ങി. നിരവധി കര്‍ഷകരുടെ വിജയകഥകള്‍ ചാനല്‍ വഴി പുറം ലോകമറിഞ്ഞു. ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തു മാതളനാരകം കൃഷി ചെയ്ത് 25 ലക്ഷം സമ്പാദിച്ച സന്തോഷ് ദേവി, കാലികള്‍ക്കു 24 മണിക്കൂറും ഓട്ടോമാറ്റിക്കായി വെള്ളം കൊടുക്കാനുള്ള ഡ്രിങ്കിങ് ബൗള്‍ കണ്ടു പിടിച്ച അംബാലയിലെ കര്‍ഷകന്‍ ഹര്‍വിലാസ് സിങ്, എന്നിങ്ങനെ നിരവധി കര്‍ഷകരുടെ കഥകള്‍ ചാനലിലെത്തി. ദര്‍ഷന്റെ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതോടെ പല കര്‍ഷകരും ചെറിയ തോതില്‍ നാട്ടിലെ സെലിബ്രിട്ടികള്‍ തന്നെയായി മാറി. ഇത് അവരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ പലരും ദര്‍ഷന്റെ പാത പിന്തുടര്‍ന്ന് യൂട്യൂബ് ചാനലുകളും ആരംഭിക്കുന്നുണ്ട്.
Photo Courtesy - Google