12:35am 18 January 2026
NEWS
വിവാഹത്തിന് മുമ്പ് ഒരുചുറ്റിക്കളിയും നടക്കില്ല,
ഇന്തോനേഷ്യയില്‍ പുതിയ നിയമംവരുന്നു,
പൊട്ടിത്തെറിച്ച് യുവാക്കള്‍ തെരുവില്‍

26/09/2019  05:06 AM IST
Keralasabdam Online Desk
HIGHLIGHTS

കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ലൈംഗിക ബന്ധം ഈ നിയമം നടപ്പില്‍ വന്നാല്‍ ക്രിമിനല്‍ കുറ്റമായി മാറും. കുറ്റത്തിന് പിടിക്കപ്പെടുന്നവര്‍ക്ക് ഒരു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാം. സ്വവര്‍ഗരതിയും ഈ നിയമ പ്രകാരം കുറ്റകരമായി മാറും

ന്തോനേഷ്യന്‍ സര്‍ക്കാരിനെതിരെ രോഷാകുലരായി യുവാക്കള്‍ തെരുവിലിറങ്ങുന്നു. വൈവാഹികമല്ലാത്ത ഏതൊരു രതിയും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഒരു നിയമത്തിന് കരട് ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് അവിടത്തെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. പൊലീസിന്റെ ടിയര്‍ ഗ്യാസിനെയും ലാത്തിചാര്‍ജ്ജിനെയും തൃണവല്‍ഗണിച്ചുകൊണ്ടാണ് യുവതലമുറയുടെ പ്രതിഷേധം. വിവാഹപൂര്‍വ, വിവാഹബാഹ്യ രതി, സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമത്തിനുള്ള കരടുബില്ലാണ് ഇന്തോനേഷ്യയിലെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. മുസ്ലിം ഭൂരിപക്ഷസര്‍ക്കാര്‍ നിലവിലുള്ള ഇന്തോനേഷ്യയില്‍ യാഥാസ്ഥിതിക മുസ്‌ലിം പക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. എന്തിനധികം പറയുന്നു, രാജ്യത്തെ നിയമനിര്‍മ്മാണസഭയില്‍ പോലും പ്രസ്തുത വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായി. കഴിഞ്ഞദിവസം സഭയില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടിയിരുന്ന ബില്‍ വ്യാപകമായുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രസിഡന്റ് ജോകോ വിഡോഡോ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇത്രയ്ക്കധികം പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്താനും മാത്രം എന്താണ് ആ ബില്ലില്‍ ഉള്ളത്.? ഈ ബില്‍ നിയമമായാല്‍ അത് ഒരു സാധാരണ ഇന്തോനേഷ്യന്‍ പൗരന്റെ സൈ്വരജീവിതത്തെ അത് എങ്ങനെയൊക്കെയാണ് ബാധിക്കുക.

എന്താണ് പുതിയ നിയമം

വിവാഹ പൂര്‍വ രതി, അഥവാ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ലൈംഗിക ബന്ധം ഈ നിയമം നടപ്പില്‍ വന്നാല്‍ ക്രിമിനല്‍ കുറ്റമായി മാറും. കുറ്റത്തിന് പിടിക്കപ്പെടുന്നവര്‍ക്ക് ഒരു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാം. സ്വവര്‍ഗരതിയും ഈ നിയമ പ്രകാരം കുറ്റകരമായി മാറും. എന്നാല്‍ അവിടെ അവസാനിക്കുന്നില്ല ഈ ബില്ലിന്റെ വ്യാപ്തി. പ്രസിഡന്റിനെ ദുഷിക്കുന്നത് കുറ്റകരമാവും ഈ നിയമപ്രകാരം. മതത്തെയോ, ദേശീയപതാകയെയോ, ദേശീയ ഗാനത്തെയോ അപമാനിച്ചാല്‍ അതും ക്രിമിനല്‍ കുറ്റമാകും. ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭം മാത്രമേ ഇനി അലസിപ്പിക്കാനാകൂ. അല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ സ്വാഭാവികമായി അലസിപ്പോവണം.  ഈ നിയമം നിലവില്‍ വന്ന ശേഷം, ഇത് രണ്ടുമല്ലാതെ സ്വേച്ഛയാ ചെയ്യുന്ന ഗര്‍ഭച്ഛിദ്രങ്ങള്‍ കുറ്റകരമാകും. നാലുവര്‍ഷം വരെ തടവാണ് ശിക്ഷ. ദുര്‍മന്ത്രവാദം ചെയ്യുന്നതിനും ഈ നിയമപ്രകാരം ശിക്ഷയുണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുക, അഥവാ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നതും ഇനി മേലില്‍ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമത്രെ. ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ  പരസ്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കണ്മുന്നിലെത്തിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ കുറ്റമാണ്.

മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ നിയമം എന്ന് പലരും ട്വീറ്റ് ചെയ്തു. ഇന്തോനേഷ്യയുടെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തെയും ഈ നിയമം ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ബാലി പോലെ പ്രസിദ്ധമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ഈ നിയമം തടഞ്ഞേക്കും. ഓസ്ട്രേലിയയില്‍ നിന്നും മറ്റുമായി വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേര്‍ ഇപ്പോള്‍ ബാലി സന്ദര്‍ശിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img