01:38am 18 January 2026
NEWS
സെല്‍ഫിയെന്ന് വെച്ചാല്‍ ഇതാണ് ഐറ്റം,
ഒന്നൊന്നര ഇന്റര്‍നാഷണല്‍ സെല്‍ഫി,
സാത്വിക് ഹെഗ്ഡെ താരമാകുന്നു

25/09/2019  05:00 AM IST
Keralasabdam Online Desk
HIGHLIGHTS

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയുടെ വീഡിയോ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണു റീട്വീറ്റ് ചെയ്തത്. അതിനുപിന്നാലെ അപൂര്‍വ സെല്‍ഫിക്ക് അവസരം കൈവന്ന ഭാഗ്യവാന്‍ ആരാണെന്ന അന്വേഷണവുമുണ്ടായി

സെലിബ്രിറ്റികളുടെ കൂടെനിന്ന് സെല്‍ഫി എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?  വിരളമായിരിക്കും. സെല്‍ഫിയെടുക്കാന്‍ സമ്മതം അറിയിച്ച സെലിബ്രിറ്റി ഇന്റര്‍നാഷണല്‍ താരം ആണെങ്കിലോ ?  സെല്‍ഫി എടുക്കുന്നവനും താരമാകും. അത്തരത്തില്‍ ഭാഗ്യം സിദ്ധിച്ച സാത്വിക് ഹെഗ്‌ഡെ എന്ന പയ്യന്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ്.  ഇന്ത്യ-അമേരിക്കബന്ധത്തില്‍ പുത്തന്‍ ഏട് രചിച്ച ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിക്കുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ താരമാവുകയാണ് ഈ കൗമാരക്കാന്‍. അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ രണ്ടു ലോകനേതാക്കള്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച സാത്വിക് ഹെഗ്ഡെയെന്ന പതിമൂന്നുകാരന്‍ ഒറ്റക്ലിക്കില്‍ സുപ്രസിദ്ധനായി മാറിയിരിക്കുകയാണ്. പരിപാടി നടന്ന ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്കു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചാനയിക്കുന്നതിനിടെയായിരുന്നു അപൂര്‍വ സെല്‍ഫി. പരിപാടിക്കു മുന്നോടിയായി വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച ഏതാനും കുട്ടികള്‍ വേദിക്കുപിന്നില്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. നൃത്തവേഷത്തിലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ശുഭ്രവസ്ത്രധാരിയായ ഏക ആണ്‍തരിയായിരുന്ന സാത്വിക്കിനാണു പക്ഷേ, ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ തലവരയുണ്ടായത്.

കുട്ടികളോടു കുശലംചോദിച്ചു ചുവപ്പുപരവതാനിയിലൂടെ മുന്നോട്ടുനീങ്ങിയ നേതാക്കളില്‍ ട്രംപിനോടാണു സാത്വിക് സെല്‍ഫി അഭ്യര്‍ഥന നടത്തിയത്. ട്രംപ് സമ്മതം മൂളിയതോടെ പയ്യന്‍ പാന്റ്സിന്റെ പോക്കറ്റില്‍ കരുതിയിരുന്ന മൊഫൈല്‍ ഫോണ്‍ പുറത്തെടുത്തു തയാറായി. ഇതിനോടകം രണ്ടുമൂന്നടി മുന്നോട്ടുനീങ്ങിയ പ്രധാനമന്ത്രി മോഡിയെ തിരികെവിളിച്ചു ട്രംപ് പയ്യന്റെ അഭിലാഷം നിറവേറ്റി. സാത്വിക്കുമായി ഏതാനും സെക്കന്‍ഡ് സംസാരിച്ച യു.എസ്. പ്രസിഡന്റ്വക ഹസ്തദാനവും മോഡിവക തോളത്തുതട്ടി അഭിനന്ദനവും. എല്ലാറ്റിനും സാക്ഷികളായി സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികളുടെ മുഖത്തു വിടര്‍ന്നത് അദ്ഭുതവും ഒപ്പം അസുലഭഅവസരം നഷ്ടമായതിന്റെ നിരാശയും.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയുടെ വീഡിയോ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണു റീട്വീറ്റ് ചെയ്തത്. അതിനുപിന്നാലെ അപൂര്‍വ സെല്‍ഫിക്ക് അവസരം കൈവന്ന ഭാഗ്യവാന്‍ ആരാണെന്ന അന്വേഷണവുമുണ്ടായി. കഴിഞ്ഞദിവസം വൈകിട്ടോടെ 'അജ്ഞാത ഭാഗ്യവാന്റെ'  വിശദാംശങ്ങള്‍ പുറത്തായി. കര്‍ണാടകത്തിലെ ഉത്തര കന്നഡയില്‍നിന്ന് 17 വര്‍ഷം മുമ്പ് ടെക്സസിലേക്കു ചേക്കേറിയവരാണ് സാത്വിക്കിന്റെ കുടുംബം. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ പ്രഭാകറിന്റെയും അധ്യാപികയായ മേധയുടെയും മകനാണു സാത്വിക്. സാന്‍ അന്റോണിയോയിലാണു താമസം. ഹൂസ്റ്റണില്‍ യോഗാ പരിപാടിയിലാണു സാത്വിക് പങ്കെടുത്തതെന്ന് അമ്മാവന്‍ ഗണേഷ് ഹെഗ്ഡെ പറഞ്ഞു. പരിപാടിക്കുശേഷം വാട്സാപ്പില്‍ ലോകനേതാക്കളുമൊത്തുള്ള സെല്‍ഫി കണ്ടതോടെ തങ്ങള്‍ അമ്പരന്നുപോയെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img