കവര്‍ന്നെടുത്തു, എന്നിട്ടും ഞാന്‍ ജീവിക്കുന്നു

നമ്മള്‍ ഈ പ്രപഞ്ചത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുന്നതിന്റെ തുടക്കമാണിത്. എന്നിട്ടും നിങ്ങള്‍ സമ്പത്തിനെക്കുറിച്ചും ഉപരിപ്ലവമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചും വാചാലരാകുന്നത് എന്തു ധൈര്യത്തിലാണ്
നിങ്ങള്‍ കളിക്കുന്നത് പ്രകൃതിയോടാണ്. രണ്ട് പ്രളയങ്ങള്‍ സംഹാരതാണ്ഡവം ആടിയിട്ടും അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിങ്ങള്‍ എന്തുചെയ്തു ? ഇത് ഞങ്ങള്‍ വളരെ ഗൗരവരവകരമായാണ് കാണുന്നത്. ഉത്തരം പറഞ്ഞേ മതിയാകൂ. മരട് ഫ്‌ളാറ്റ് കേസ് പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര കേരളാചീഫ് സെക്രട്ടറി ടോം ജോസിനോട് പറഞ്ഞ വാക്കുകളാണിത്. കേരളത്തില്‍ പ്രളയബാധിതര്‍ക്ക് നിങ്ങള്‍ ഇതുവരെ എത്രവീട് വെച്ചുനല്‍കി എന്ന ചോദ്യത്തിന് പോലും കൃത്യമായ ഉത്തരം നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് സാധിച്ചില്ല എന്നത് ഇതിന്റെ മറുവശം. ജസ്റ്റിസ് മിശ്ര ഉന്നയിച്ച ഈ ചോദ്യത്തിന്റെ എക്‌സറ്റന്‍ഷനാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്ന പെണ്‍കുട്ടി ഉന്നയിച്ചത്. ആഗോളതാപനം ഒരു ഭീഷണിയായി ഭൂമിക്ക് മുകളില്‍ നിലകൊള്ളുമ്പോള്‍ നാം ഇന്നും തിയറികള്‍ മാത്രം പറഞ്ഞ് കാലം തള്ളുന്നു. ഇത് വരാനിരിക്കുന്ന വിപത്തുകളിലേക്കുള്ള ചൂണ്ടുപലകയാണ്. ഇനിയെങ്കിലും നാം ഉണര്‍ന്നേ മതിയാകൂവെന്നും ഗ്രേറ്റ ട്യുന്‍ബെര്‍ഗ് പറയുന്നു.
യു.എന്‍. കാലാവസ്ഥാഉച്ചകോടിയില്‍ ഈ പെണ്‍കുട്ടി പറഞ്ഞവാക്കുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. അതിന്റെ പൂര്‍ണരൂപം -
ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും ; ഇതാണ് എനിക്കു പറയാനുള്ളത്. ഈ നടക്കുന്നതത്രയും തെറ്റാണ്. ഞാന്‍ ഇവിടേക്കു വരേണ്ടതേയല്ല , മറിച്ചു സാഗരങ്ങള്‍ക്കപ്പുറത്ത് എന്റെ സ്‌കൂളില്‍ ചെലവഴിക്കേണ്ട സമയമാണിത്. എന്നാല്‍, പ്രതീക്ഷയുടെ തിരിവെട്ടത്തിനായി നിങ്ങളെല്ലാവരും ഞങ്ങളെ തേടിയെത്തിയിരിക്കുകയാണ്. എന്തു ധൈര്യത്തിലാണിത് ? മൂന്നു ദശാബ്ദത്തിലേറെയായി ഈ വിഷയത്തില്‍ ശാസ്ത്രത്തിന്റെ നിലപാട് സുവ്യക്തമാണ്. എന്നിട്ടും അതെല്ലാം അവഗണിച്ച്, അനിവാര്യമായ രാഷ്ട്രീയ നിലപാടോ പരിഹാര മാര്‍ഗങ്ങളോ തേടുന്നതിനു പകരം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന പൊള്ളവാദവുമായി ഇവിടെയെത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. പൊള്ളയായ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നെടുത്തു. എന്റെ ബാല്യം കവര്‍ന്നെടുത്തു. എന്നിട്ടും ഞാന്‍ ഈ ലോകത്തെ ഭാഗ്യമുള്ളവരിലൊരാളായി ജീവിക്കുന്നു. നമ്മുടെ പരിസ്ഥിതി അടപടലം വീഴുകയാണ്. ജനങ്ങള്‍ ദുരിതംപേറി നരകിച്ചു മരിക്കുന്നു. നമ്മള്‍ ഈ പ്രപഞ്ചത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുന്നതിന്റെ തുടക്കമാണിത്. എന്നിട്ടും നിങ്ങള്‍ സമ്പത്തിനെക്കുറിച്ചും ഉപരിപ്ലവമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചും വാചാലരാകുന്നത് എന്തു ധൈര്യത്തിലാണ്?
നിങ്ങള്‍ ഞങ്ങളെ കേള്‍ക്കുന്നുണ്ടെന്നും ഇതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും പറയുന്നു. പക്ഷേ, എനിക്ക് ദേഷ്യവും സങ്കടവും നിരാശയും തോന്നുന്നു. എനിക്കു നിങ്ങള്‍ പറയുന്നതു വിശ്വസിക്കാന്‍ കഴിയുന്നതേയില്ല. 10 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ തന്നെ ആഗോളതാപനിലയില്‍ ഒന്നര ഡിഗ്രിയുടെ കുറവേ വരുത്താന്‍ കഴിയൂ. മറിച്ചായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനുഷ്യസമൂഹത്തിന്റെ നിയന്ത്രണത്തിലല്ല എന്നോര്‍ക്കണം. 50% എന്നത് നിങ്ങള്‍ക്ക് ഒരുപക്ഷേ സ്വീകാര്യമായിരിക്കാം. എന്നാല്‍ അന്തരീക്ഷമലിനീകരണമുള്‍പ്പെടെ മറഞ്ഞിരിക്കുന്ന ഒരുപാടു ഘടകങ്ങള്‍ നിങ്ങള്‍ കണക്കിലെടുത്തിട്ടില്ല. നിങ്ങളും ആശ്രയിക്കുന്നത് ശതകോടി ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചുകയറ്റുന്ന എന്റെ തലമുറയെയാണ്. അതൊന്നും നിയന്ത്രിക്കാന്‍ നമുക്ക് യാതൊരു സാങ്കേതികവിദ്യയുമില്ല.
50 % സാധ്യതയില്‍ ജീവിക്കുക എന്നത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എല്ലാം പതിവുപോലെ നീങ്ങുമെന്ന രീതി നടിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും. ഈ കണക്കുകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ പോലും നമുക്കൊരു പ്ലാനും പദ്ധതിയുമില്ല. കാരണം ഈ കണക്കുകള്‍ പോലും നിങ്ങളെ അസ്വസ്ഥരാക്കുന്നു. അതു കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കാതിരിക്കുന്നു. നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയാണ്. ഈ ചതി ലോകയുവത്വം മനസ്സിലാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ കണ്ണുകള്‍ നിങ്ങളിലാണ്. നിങ്ങള്‍ ഇനിയും ഞങ്ങളെ തോല്‍പിച്ചാല്‍ അതിനു മാപ്പില്ല. ഇങ്ങനെ മുന്നോട്ടുപോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇവിടെ ഇപ്പോള്‍ ഈ നിമിഷം ഞങ്ങള്‍ ഒരു നിയന്ത്രണരേഖ വരയ്ക്കുകയാണ്. ലോകം ഉണര്‍ന്നു കഴിഞ്ഞു. മാറ്റം അനിവാര്യമാണ്; നിങ്ങള്‍ക്കിഷ്ടമായാലും ഇല്ലെങ്കിലും.
ആരാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ?
സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ഥിനി. 16 വയസ്സ്. കാലാവസ്ഥാവ്യതിയാനം തടയാന്‍ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 2018 ഓഗസ്റ്റില്‍ ഗ്രേറ്റ സമരം തുടങ്ങി. പിന്നീട് വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ പോകാതെ സ്വീഡന്‍ പാര്‍ലമെന്റിനു മുന്നില്‍ 'കാലാവസ്ഥയ്ക്കുവേണ്ടി സ്‌കൂള്‍ സമരം' എന്നെഴുതിയ പ്ലക്കാര്‍ഡുമായി ധര്‍ണ. കഴിഞ്ഞ വെള്ളിയാഴ്ച ലോകമെങ്ങും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗ്രേറ്റയെപ്പോലെ ക്ലാസ് ബഹിഷ്‌കരിച്ച് കാലാവസ്ഥയ്ക്കായി തെരുവിലിറങ്ങി. ആളുകളുമായി ഇടപഴകുന്നതിനും സാമൂഹികബന്ധമുണ്ടാക്കുന്നതിനും കടുത്ത വൈഷമ്യം അനുഭവിച്ചിരുന്ന കുട്ടിയായിരുന്നു ഗ്രേറ്റ. 'അസ്പര്‍ജേഴ്സ് സിന്‍ഡ്രോം' എന്ന ലഘു ഓട്ടിസം മൂലമാണിത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ പുരസ്‌കാരം ഈയിടെ ലഭിച്ചു.
ഗ്രേറ്റയുടെ സംഭാഷം കേള്‍ക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന യുട്യൂബ് വീഡിയോ ക്ലിക് ചെയ്യുക
Photo Courtesy - Google











