12:27am 18 January 2026
NEWS
14.5 കിലോമീറ്റര്‍ ഓട്ടോയില്‍
സഞ്ചരിച്ചു, മീറ്ററില്‍ 4300 രൂപ,
യാത്രക്കാരന്‍ ഞെട്ടിപ്പോയി !

24/09/2019  04:35 AM IST
Keralasabdam Online Desk
HIGHLIGHTS

14.5 കിലോമീറ്റര്‍ അകലെയുള്ള യേര്‍വാഡയിലായിരുന്നു യുവാവിന് പോകേണ്ടിയിരുന്നത്. യേര്‍വാഡയിലെ താമസ സ്ഥലത്തേക്ക് ഓണ്‍ലൈന്‍ വഴി ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് യുവാവ് ഓട്ടോ വിളിച്ചത്

14.5 കിലോമീറ്റര്‍ ഓട്ടോയില്‍ യാത്ര ചെയ്താല്‍ എത്രരൂപയാകും ? നാട്ടുനടപ്പനുസരിച്ച് അങ്ങേയറ്റം പോയാല്‍ 500 രൂപ. മെട്രോനഗരത്തിലാണെങ്കില്‍ ഏറിയാല്‍ 750 രൂപ. അത്രയേ ഉള്ളൂ. പക്ഷേ, ജോലിയാവശ്യത്തിനായി പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ എന്‍ജിനിയര്‍, ഓട്ടോ ചാര്‍ജ് കേട്ട് അമ്പരന്നു. വെറും പതിനഞ്ച് കിലോമീറ്റര്‍ ദൂരം ഓടിയതിന് കര്‍ണാടക സ്വദേശിയില്‍ നിന്നും നാട്ടിലെങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജാണ് പൂനെയിലെ ഒരു ഡ്രൈവര്‍ ഈടാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് കഴുത്തറപ്പന്‍ ചാര്‍ജിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഫീസ് ആവശ്യത്തിന് ബസിലാണ് യുവാവ് മഹാരാഷ്ട്രയിലെ പൂനെയിലെത്തിയത്. പൂനെയിലെ കറ്റ്‌രാജ് എന്ന സ്ഥലത്താണ് യുവാവിനെ ബസുകാര്‍ ഇറക്കിയത്. എന്നാല്‍ 14.5 കിലോമീറ്റര്‍ അകലെയുള്ള യേര്‍വാഡയിലായിരുന്നു യുവാവിന് പോകേണ്ടിയിരുന്നത്. യേര്‍വാഡയിലെ താമസ സ്ഥലത്തേക്ക് ഓണ്‍ലൈന്‍ വഴി ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് യുവാവ് ഓട്ടോ വിളിച്ചത്. രാവിലെ 5 മണിക്ക് ഓട്ടോയില്‍ കയറിയ യുവാവിനെ നാല്‍പ്പത്തിയേഴ് മിനിറ്റുകള്‍കൊണ്ട് ഓട്ടോ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. എന്നാല്‍ മീറ്ററില്‍ തെളിഞ്ഞ തുത കണ്ടതോടെ യുവാവ് അമ്പരന്നു. 4300 രൂപയാണ് ഓട്ടോ ഡ്രൈവര്‍ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടത്. യുവാവ് നല്‍കാന്‍ തയ്യാറാകാത്തതോടെ വാക്കുതര്‍ക്കമായി. ഓരോ തവണ നഗരത്തില്‍ വരുമ്പോഴും പോകുമ്പോഴും 600 രൂപ നല്‍കണമെന്നായിരുന്നു ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതിന് കാരണമായി ഓട്ടോ ഡ്രൈവര്‍ വിശദമാക്കിയത്. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം പണം നല്‍കാതെ പറ്റില്ലെന്നായതോടെ യുവാവ് ഓട്ടോക്കൂലി നല്‍കി. യേര്‍വാഡ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് സംഭവത്തെക്കുറിച്ച് പരാതി നല്‍കി. കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img