12:52am 13 December 2025
NEWS
ജോര്‍ജ്ജിനയച്ച സന്ദേശം തട്ടിപ്പാണ്, കൂട്ടഅവധി ബാങ്കുകള്‍ക്ക് ബാധകമല്ല
07/09/2019  01:06 PM IST
Keralasabdam Online Desk
HIGHLIGHTS

ഒരാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന പ്രചാരണം തെറ്റ്. സെപ്റ്റംബര്‍ ഒന്‍പത്, 12 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. വിശദീകരണവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍

ജോര്‍ജ്ജേ... ഇന്നുകൂടിക്കഴിഞ്ഞാല്‍ പിന്നെ എ.ടി.എമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ല. നീ കുപ്പിക്കുള്ള കാശ് സംഘടിപ്പിച്ച് വെച്ചേക്കണേ... തൃശൂരിലെ ഒരു വാട്‌സ് ആപ് കൂട്ടായ്മയില്‍ വന്ന സന്ദേശമാണിത്. ഞൊടിയിടയില്‍ സന്ദേശം പലയിടങ്ങളിലേക്കും ഫോര്‍വേഡ് ചെയ്യപ്പെട്ടു. കൈയില്‍ കാശുകരുതാത്തവര്‍ ബാങ്കുകളിലേക്ക് ഓടി. ചിലര്‍ എ.ടി.എമ്മിന് മുന്നില്‍പ്പോയി വരിനിന്നു. എന്നാലിതെല്ലാം വെറും കെട്ടുകഥകളാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ പറയുന്നു. ഓണാഘോഷം പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇനി കുറേദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന പ്രചാരണത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സെപ്തംബര്‍ ഏഴ് ശനിയാഴ്ച ബാങ്കുകള്‍ അടച്ചാല്‍പിന്നെ സെപ്തംബര്‍ 16നേ തുറക്കൂവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇത് തെറ്റാണെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഓണം ഉള്‍പ്പെടെയുള്ള അവധികളെ തുടര്‍ന്ന് ബാങ്കുകള്‍ക്കും അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ നുണകള്‍ കേട്ട് ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്  ് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് രമേശ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജനങ്ങള്‍ കൂട്ടത്തോടെ ഓണം ആഘോഷിക്കാന്‍ ഇറങ്ങുമ്പോള്‍ എ.ടി.എമ്മുകള്‍ വേഗത്തില്‍ കാലിയാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വേണ്ടകരുതലെടുക്കുന്നത് നല്ലതാണ്. എന്നാലിത് മറികടക്കാന്‍ മിക്ക ബാങ്കുകളും പ്രത്യേകസജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിദിവസങ്ങളില്‍ എ.ടി.എമ്മില്‍ കൂടുതല്‍ ക്യാഷ് കരുതാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ആശങ്കപ്പെടേണ്ട സംഗതികളൊന്നുമില്ലെന്നും രമേശ് വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടാം വാരം മുഴവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയാണ്. സെപ്റ്റംബര്‍ എട്ടു മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് അവധി. സെപ്റ്റംബര്‍ ഒന്‍പത് മുഹ്റം, 10 ന് ഉത്രാടം, 11 തിരുവോണം, 12 മൂന്നാം ഓണം, 13 ശ്രീനാരായണ ഗുരു ജയന്തി, 14 രണ്ടാം ശനി, സെപ്റ്റംബര്‍ 15 ഞായര്‍ എന്നിങ്ങനെയാണ് അവധി. ഈ അവധികള്‍ ബാങ്ക് അവധിയുമായി കൂട്ടിക്കുഴച്ച് ചിലരുണ്ടാക്കിയ കഥകളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img