04:22am 08 November 2026
NEWS
സൂംബ ഡാൻസ്: മുസ്ലിം സംഘടനകൾ എന്തുകൊണ്ട് എതിർക്കുന്നു ?
22/07/2025  08:07 PM IST
നെല്ലിക്കുത്ത് ഹനീഫ
സൂംബ ഡാൻസ്: മുസ്ലിം സംഘടനകൾ എന്തുകൊണ്ട് എതിർക്കുന്നു ?

എന്താണ് സൂംബ..?
ഒരു ലോ-ഇംപാക്ട് എയറോബിക് ഫിറ്റ്‌നസ് ഫോം ആണിത്. 90-കളിൽ കൊളംബിയയിലാണ് സൂംബയുടെ പിറവി. കൊളംബിയൻ എയറോബിക്‌സ് ഇൻസ്ട്രക്ടർ ആൽബർട്ടോ ബെറ്റോ പെരേസ് ആണ് ഇതിന്റെ ഉപജ്ഞാതാവ്. ശരീരപേശികളിലേക്ക് നല്ലപോലെ രക്തപ്രവാഹമുണ്ടാക്കാൻ ഹൃദയത്തെ ചടുലമാക്കുന്ന ചലനങ്ങളാണ് ഈ വ്യായാമനൃത്തത്തിലുള്ളതത്രെ. ലാറ്റിൻ ശൈലിയിലുള്ള നൃത്തച്ചുവടുകളാണ് സൂംബയിലുള്ളത്. വേഗതയേറിയതും മന്ദഗതിയിലുള്ളതുമായ നൃത്തചലനങ്ങളുടേയും, താളങ്ങളുടേയും സംയോജനമാണ് സൂംബ. ജാസ്, കൺട്രി, ഹിപ്-ഹോപ്പ് തുടങ്ങിയ സംഗീതങ്ങളാണ് ഇതിലേത്. കലോറി ബേൺ ചെയ്യാൻ സൂംബ സഹായിക്കുന്നു എന്ന് പറയുന്നുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സൂംബ സെഷൻ കൊണ്ട് 300 മുതൽ 900 കലോറി വരെ ബേൺ ചെയ്യുമെന്നാണ് അവകാശവാദം. അതോടൊപ്പം മാനസിക അവസ്ഥ മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സൂംബ ഫലപ്രദമാണെന്ന് പറയുന്നു.

ആൽബർട്ടോ ബെറ്റോ പെരേസ് സംഗീത അകമ്പടിയോടെ ചില നൃത്തച്ചുവടുകൾക്ക് രൂപം നൽകിയതാണ് സൂംബയുടെ തുടക്കം. 2001-ൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ രീതിയിലുള്ള വ്യായാമ ക്ലാസ്സുകൾ അദ്ദേഹം അമേരിക്കയിലും പരിചയപ്പെടുത്തി. ആൽബെർട്ട് പെരേസിന്റെ എയറോബിക്‌സ് ശൈലി പിന്നീട് സാങ്കേതിക സഹായത്തോടെ, കൂടുതൽ വികസിപ്പിച്ചതോടെയാണ് ഇത് സൂംബ എന്നറിയപ്പെടാൻ തുടങ്ങിയത്. തുടർന്ന് കൂടുതൽ ആളുകൾ ഇതിൽ അകൃഷ്ടരായി. 185 രാജ്യങ്ങളിലായി 1,60000-ത്തിലധികം സ്ഥലങ്ങളിലായി ഏതാണ്ട് 14 ദശലക്ഷം ആളുകൾ സൂംബ  പ്രാക്ടീസ് ചെയ്യപ്പെടന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന ക്ലബ്ബുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയിടത്തെല്ലാം നടക്കുന്ന സൂംബ  പ്രോഗ്രാമുകൾ ഏറെ ജനപ്രിയമാണ്. സാധാരണഗതിയിൽ നിന്നുകൊണ്ട് ചെയ്യുന്ന വ്യായാമരീതിയാണ് സുംബ. ഇതിന് കർശനമായ ചട്ടങ്ങളൊന്നുമില്ല. സംഗീതത്തിന് ഒരു തരത്തിലുള്ള മാനദണ്ഡങ്ങളൊന്നുമില്ല. സംഗീതം  വേഗതയേറിയതാണ്. സംഗീതത്തിനോടൊപ്പം അംഗചലനങ്ങളും ചടുലമായിരിക്കണം. കുട്ടികൾക്കും, പ്രായമായവർക്കും വ്യത്യസ്തത വരുത്തിയാണ് സൂംബ പരിശീലിപ്പിക്കുന്നത്. സൂംബ കിഡ്സ് ആൻഡ് സൂംബ കിഡ്സ് ജൂനിയർ, സൂംബ ടോണിംഗ്, അക്വാ സൂംബ, സൂംബ സെന്റോ എന്നിങ്ങനെ വിവിധ തരം സൂംബകൾ ഉണ്ട്. വെള്ളത്തിൽ ചെയ്യപ്പെടുന്ന നൃത്തത്തെ 'അക്വാ സൂംബ' എന്നാണ് പറയുക. അടുത്ത കാലത്താണ് സൂംബ നമ്മുടെ നാട്ടിലെത്തുന്നത്. അത് കൊണ്ടുതന്നെ ഇതേക്കുറിച്ച് പലർക്കും വ്യക്തമായ ഗ്രാഹ്യവുമില്ല.

കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയും, മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി 'സൂംബഡാൻസ്' എന്ന പുതിയ പാഠ്യ പദ്ധതി നിലവിൽ വരികയാണ്. എട്ടാം ക്ലാസ്സിലെ 'കലാപഠനം' പാഠപുസ്തകത്തിൽ 'ജനപ്രിയ നൃത്തങ്ങൾ' എന്ന ഭാഗത്താണ് സൂംബ ഡാൻസ് പാഠഭാഗമായി ചേർത്തിട്ടുള്ളത്. നടപ്പ് അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ പാഠ്യപദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള എല്ലാ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലനം നൽകാൻ നിർദ്ദേശം നൽകി കഴിഞ്ഞു. നേരത്തെ എസ്.എസ്.കെ (സർവ്വ ശിക്ഷാ കേരള) യുടെ കീഴിൽ എയറോബിക്‌സ് പരിശീലനം നൽകിയിരുന്നു. അത് പക്ഷേ, വളരെക്കുറച്ച് വിദ്യാർത്ഥികൾ മാത്രമേ അതിൽ പങ്കാളിത്തം വഹിച്ചിരുന്നുള്ളൂ. അതേസമയം സൂംബ ഡാൻസ് സ്‌കൂളുകളിലെ മൊത്തം വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 1,60,000 അധ്യാപകർ സൂംബ ഡാൻസ് പരിശീലകരാകുമെന്ന് പറയപ്പെടുന്നു. പാലക്കാട്-എടത്തനാട്ടുകര യു.പി സ്‌കൂൾ അധ്യാപകനായ ടി.കെ അഷ്റഫ് സൂംബാ ഡാൻസ് പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് ഈ വിഷയം വ്യാപകമായ ചർച്ചകൾക്ക് വഴിമരുന്നായി മാറിയത്.

സ്‌കൂൾ കാമ്പസുകളിൽ ആവിഷ്‌ക്കരിക്കാനിരിക്കുന്ന സൂംബ ഡാൻസിന്റെ ധാർമ്മികവും, സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകൾ ഇതിനെതിരെ രംഗത്ത് വരികയും, ഈ സംരംഭത്തെ ശക്തമായി എതിർക്കുകയും ചെയ്തതോടെ വിഷയം വിവാദമായിരിക്കുകയാണ്. അടുത്തെങ്ങും അത് ശമിക്കുന്ന മട്ടില്ല. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി, സർക്കാർ സ്‌കൂളുകളിൽ 'സൂംബ ഡാൻസ്' നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരണങ്ങൾ ശക്തമാണ്. മുസ്ലിം സംഘടനകളിൽ നിന്നാണ് വൻതോതിലുള്ള എതിർപ്പ് ഉയർന്നിട്ടുള്ളത്.

മുസ്ലിം സംഘടനകൾ രംഗത്ത്

സൂംബാ ഡാൻസ് അംഗീകരിക്കാനാകില്ലെന്നാണ് മുസ്ലിം സംഘടനകളുടെ പക്ഷം. എടത്തനാട്ടുകര യു.പി സ്‌കൂൾ അധ്യാപകൻ ടി.കെ അഷ്റഫ് സൂംബാ ഡാൻസ് പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. കാന്തപുരം എ.പി വിഭാഗം, മുജാഹിദ് വിഭാഗം തുടങ്ങി പല മുസ്ലിം സംഘടനകളും  സൂംബ പരിശീലനത്തിനെതിരെ രംഗത്ത് വന്നു. ഇതോടെ വിവാദം കനത്തു.  ധാർമ്മികതയ്ക്ക് ക്ഷതമേൽപ്പിക്കുന്ന നടപടിയാണ് ഇതെന്ന് മുസ്ലിം സംഘടനകൾ പറയുന്നു. സോഷ്യൽ മീഡിയാ വഴി വിവാദം കത്തിപ്പടർന്നു. കൂടുതൽ സമുദായ സംഘടനകൾ വിഷയത്തിൽ പ്രതിഷേധസ്വരം ഉയർത്താനും തുടങ്ങി. ഇത്തരത്തിലുള്ള പരിശീലനങ്ങൾ ഒന്നുമില്ലാതെ തന്നെ. വിദ്യാർത്ഥികൾ ഒരു നിയന്ത്രണവുമില്ലാതെ അഭിരമിക്കുന്ന കാലമാണിത്. സ്‌കൂളുകളിലെ സെന്റ്ഓഫ് വേളകളിലും, മറ്റ് അവസരങ്ങളിലുമെല്ലാം വിദ്യാർത്ഥികൾ, രക്ഷിതാക്കളുടേയും, പി.ടി.എ കമ്മറ്റികളുടേയും എതിർപ്പ് വകവയ്ക്കാതെ ഡ്രഗ്ഗിനും, ഡി.ജെ പാർട്ടികൾക്കും അടിമകളാണിന്ന്. പരസ്പരം കൊലവിളി നടത്തുന്നു. അടുത്തിടെ ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വരുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. നിലവിലുള്ള ശാരീരിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് പകരം, ഇത്തരത്തിലുള്ള പാശ്ചാത്ത്യ അശ്ലീലം അടിച്ചേൽപ്പിക്കുന്നത് ശരിയായ നടപടിയല്ല. വിദ്യാർത്ഥികളുടെ ധാർമ്മിക ബോധത്തിൻ മേലുള്ള കടന്നുകേറ്റമാണ് സർക്കാരിപ്പോൾ ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റേയും, മൗലികാവകാശങ്ങളുടേയും ലംഘനമാണിതെന്നും മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം വിദ്യാർത്ഥികളിലുള്ള ഇസ്ലാമിക സംസ്‌കാരത്തെ നശിപ്പിച്ച് പാശ്ചാത്യസംസ്‌കാരം അടിച്ചേൽപ്പിക്കുകയും, മതനിരാസം എന്ന മാനസിക അവസ്ഥ സൃഷ്ടിക്കാനുമുള്ള ഒരു പ്രോജക്ട് ആണിതെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മേൻമയും, ഒപ്പം ശാസ്ത്രീയതയും അവകാശപ്പെട്ട് വ്യായാമത്തിന്റെ കവചവും ഉണ്ടാക്കി രൂപം നൽകിയിട്ടുള്ള സൂംബാ ഡാൻസ് വിദേശ രാജ്യങ്ങളിൽ അൽപ്പവസ്ത്രം ധരിച്ച് ആണും പെണ്ണും കൂടിക്കലർന്ന് നടത്തുന്ന കൂത്താട്ടമാണ്. അവിടങ്ങളിൽ എന്തുമാകാം. അതുപോലെ കേരളത്തേയും അരാജകമാക്കണോ എന്നും അവർ ചോദിക്കുന്നു. നവലിബറൽ ആശയങ്ങൾ കലാലയങ്ങളിലൂടെ പുതു തലമുറയിലേക്ക് പകരുന്ന പ്രവണതയായതുകൊണ്ട് തന്നെയാണ് വിശ്വാസിസമൂഹം ഇതിനെ എതിർക്കുന്നത്.  
പാത്രം കൊട്ടി കൊറോണയെ നാട് കടത്തിയ നാട്ടിൽ, സൂംബ കളിച്ചാൽ ലഹരി നിർമാർജ്ജനം ചെയ്യപ്പെടുമെന്ന് പറയുന്നത് എത്രമാത്രം ഭോഷ്‌ക്കാണെന്ന് അറിയാത്തവരല്ല കേരളീയ സമൂഹം. വിവരക്കേട് പറയാനും, അത് നടപ്പാക്കാനും സർക്കാർ മുതിരുന്നു. അതിന് കുടപിടിക്കാനായി പുരോഗമനവാദികൾ എന്നവകാശപ്പെടുന്ന ഒരു വിഭാഗവും.  സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നത് ടെൻഷൻ കൊണ്ടോ, പഠനഭാരം കൊണ്ടോ ആണെന്ന് പറയുന്നതിനും, സൂംബ ഡാൻസ് കളിച്ചാൽ ലഹരി ഉപയോഗം ഇല്ലാതാകും എന്ന് പറയുന്നതിനും എന്ത് തെളിവാണ് നിരത്താനുള്ളതെന്നും മുസ്ലിം സംഘടനകൾ ചോദിക്കുന്നു. 

സർക്കാർ നിലപാട്

സ്‌കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സൂബയ്ക്ക് വർഗ്ഗീയനിറം കൊടുത്താൽ അംഗീകരിക്കാനാവില്ലെന്നും, എതിർപ്പുകൾ ലഹരിയേക്കാൾ മാരകമായ വിഷമാണെന്നും രൂക്ഷമായ ഭാഷയിലാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി  മറുപടി നൽകിയത്. ഇസ്ലാം മതത്തിന്റെ കുപ്പായമണിഞ്ഞ തനി യാഥാസ്ഥിതികരായ ചിലരാണ് സൂംബയെ എതിർക്കുന്നത്. ആ അൽപ്പന്മാരുടെ സമ്മർദ്ദത്തിന് സർക്കാർ വിധേയമാകരുതെന്ന് സ്പീക്കർ എ. എൻ ഷംസീറും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയോട് രൂക്ഷമായി തന്നെയാണ് മുസ്ലിം സംഘടനകളും പ്രതികരിച്ചിട്ടുള്ളത്. മുസ്ലിം സംഘടനകളോടുള്ള പൊതു ആഹ്വാനമാണ് മന്ത്രിയുടെ ഭാഷയും വാക്കുകളും, ഇതാണ് കൂടുതൽ വർഗ്ഗീയമെന്നും സംഘടനകൾ തിരിച്ചടിച്ചു. മുസ്ലിം സംഘടനകളെ മോശക്കാരും, ഒന്നിനും കൊള്ളാത്തവരുമായി ചിത്രീകരിച്ച് സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയാൽ മുസ്ലിം സംഘടനകൾക്ക് അവരുടേതായ നിലപാടിൽ മുന്നോട്ട് പോകേണ്ടി വരും. മുസ്ലിം സംഘടനകളുടെ കരുത്ത് എന്താണെന്ന് കാണിക്കാനുള്ള അവസരം സംജാതമായിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ശരീഅത്തിന് എതിരായ കാര്യങ്ങളെ ശക്തമായിത്തന്നെ എതിർക്കുമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ല്യാരും വ്യക്തമാക്കി. 

പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ്. ആൺകുട്ടികളും, പെൺകുട്ടികളും കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടാകാം. താൻ ഈ കാര്യത്തിൽ പ്രാകൃതനാണെന്നാണ് അഷ്‌റഫ് അഭിപ്രായപ്പെട്ടത്. പൊതു വിദ്യാഭ്യാസ വകുപ്പിനേയും, സർക്കാറിനേയും അപകീർത്തിപ്പെടുന്ന തരത്തിൽ അഷ്റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന കാരണം പറഞ്ഞ് അഷ്‌റഫിനെ അധികൃതർ ഉടനടി സസ്‌പെന്റ് ചെയ്തു. 

സർക്കാരിന്റെ ഈ നടപടി നീതീകരിക്കാനാകാത്തതാണെന്ന് മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രകടിപ്പിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ, കേവലം സൂംബ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തത് വിവേചനപരമാണ്. വിമർശിച്ചവരെ അപഹസിക്കുകയും, അവർക്കെതിരെ നടപടി എടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധവുമാണ്. അഷ്‌റഫിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും മുസ്ലിം സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, ഡോ.ഹുസൈൻ മടവൂർ, ഡോ.ഫസൽ ഗഫൂർ, ഡോ. യൂസുഫ് നദവി, ശിഹാബ് പൂക്കോട്ടൂർ, ഡോ. ബഹാവുദ്ധീൻ നദ്‌വി, അഡ്വ. മുഹമ്മദ് ഹനീഫ, എഞ്ചിനീയർ മമ്മത് കോയ, പി.എൻ അബ്ദുൽ ലത്തീഫ് മദനി, ഹാഫിള് പി.പി ഇസ്ഹാക്ക് അൽഖാസിമി, ഹാഫിള് അബ്ദുൽ ഷുക്കൂർ ഖാസിമി, ഇ.പി അഷ്‌റഫ് ബാഖവി, മുസമ്മുൽ കൗസരി, ടി.കെ ഫാറൂക്ക്, നാസർ ഫൈസി കൂടത്തായി, എന്നിവരാണ് സയുക്ത പ്രസ്താവന നടത്തിയത്. ധാർമ്മികവും സാംസ്‌കാരികവുമായ ആശങ്കകൾ കാരണം സൂംബയിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പറയുന്നതിനെയാണ് മുസ്ലിം സംഘടനകൾ എതിർക്കുന്നത്. മറ്റൊരു വശത്ത് ഇതിന്റെ ഫലപ്രാപ്തിയും, ശാസ്ത്രീയ അടിത്തറയും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്

സൂംബയെ വിമർശിക്കുന്നവരുമായി  ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ആരേയും സൂംബ അടിച്ചേൽപ്പിക്കരുതെന്നും, പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗ്ഗീയവാദികൾക്ക് ഇന്ധനം നൽകുന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സൂംബ നൃത്തത്തിൽ മതനേതൃത്വത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് മുൻമന്ത്രി എം.എ ബേബിയും അഭിപ്രായപ്പെട്ടു. കുട്ടികൾ പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. അപ്പോഴാണ് പുരോഗമനം ഉണ്ടാവുക. ആൺകുട്ടികളും, പെൺകുട്ടികളും തമ്മിൽ ഇടകലർന്ന് കളിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല. 150-ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപമാണ് ഇത്. സമചിത്തമായ സംവാദത്തിലൂടെ ആശയ വിനിമയം നടത്താം. സമത്വ പൂർണ്ണമായ സമൂഹം എന്നത് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണെന്നും, അഭിപ്രായങ്ങളും വിമർശനങ്ങളും ആകാമെന്നും, ആരും ആജ്ഞാപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തികനേട്ടം എന്ന നിലയിലും, ആനന്ദം തേടിയുമാണ് ന്യൂജെൻ മയക്കുമരുന്നിലേക്ക് തിരിയുന്നത്. കുറുക്കുവഴിയിലൂടെ പണം ലഭിക്കുന്നതോടെ വിദ്യാർത്ഥികൾ ഇതിന്റെ വിപണനത്തിന് ഭാഗഭാക്കാകുന്നു, അവർക്ക് പണം വേണം, സൂംബ ഡാൻസ് കൊണ്ട് അവർക്കത് ലഭിക്കുമോ എന്ന ചോദ്യവും ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. സൂംബ വിവാദത്തിൽ എം.എസ്.എഫ് നിലപാട് ഏറ്റുപിടിക്കാൻ കെ.എസ്.യു തയ്യാറായിട്ടുമില്ല. മുസ്ലിം സംഘടനകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മുസ്ലിംലീഗ് സമീപനമെടുത്തിട്ടുള്ളത്. സൂംബയെ മുസ്ലിംലീഗ് പൂർണ്ണമായി എതിർക്കുന്നില്ല. ഏതൊരു പദ്ധതിയും എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിലാണ് ആവിഷ്‌ക്കരിക്കേണ്ടതെന്ന നിലപാടിലാണ് മുസ്ലിംലീഗ്. സൂംബ നൃത്തത്തെക്കുറിച്ചുള്ള എല്ലാ വിഭാഗങ്ങളുടേയും ആശങ്കകളും പരിഹരിക്കണം. വിഷയം മത സംഘടനകൾക്ക് ദോഷം ചെയ്യാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന മൃദുനിലപാടാണ് മുസ്ലിം ലീഗിനുള്ളത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും, ചർച്ചകളും പരിഗണിക്കേണ്ടതുണ്ടന്നും മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

അടുത്തിടെ, 1500-ഓളം പേർ പങ്കാളിത്തം വഹിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബയുടെ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചിരുന്നു. പല പ്രമുഖരും സന്നിഹിതരായിരുന്നു. വിവര ദോഷികളായ പുരോഹിതൻമാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിംജനത നിന്ന് കൊടുക്കരുതെന്ന് എസ്.എൻ. ഡി.പി യുടെ മുഖമാസിക യോഗനാദം എഡിറ്റോറിയലിൽ പറയുന്നു, പുരോഹിതൻമാരുടെ ജൽപ്പനങ്ങൾ കേട്ടാൽ കേരളം ഏതോ അറബിരാജ്യമാണെന്ന് തോന്നും. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ആവിഷ്‌കരിച്ചതല്ല സൂംബ ഡാൻസ്. മലപ്പുറത്തെ മെക്-7 വ്യായാമ കൂട്ടായ്മക്കെതിരേയും ഇത്തരക്കാർ രംഗത്ത് വന്നിരുന്നു. ഇത്തരം ആവശ്യങ്ങളുമായി എല്ലാ മതങ്ങളും  രംഗത്ത് വന്നാൽ അത് വലിയ ദോഷം ഉണ്ടാക്കുമെന്നും യോഗനാദം എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.   

അധ്യാപക പക്ഷം

വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ സൂംബ ഡാൻസ് പ്രയോജനപ്പെടുമെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠനത്തെ ബാധിക്കാത്ത വിധം ഒരു മണിക്കൂർ സമയം സൂംബ ഡാൻസ് പരിശീലിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. എൽ.പി-യു.പി പ്രൈമറി വിദ്യാർത്ഥികൾ അണിനിരക്കുന്ന അസംബ്ലിയിൽ അവർക്കും പരിശീലനം നൽകും. ലെക്ചർ ക്ലാസ്സുകളിലൂടെ മാത്രം ന്യൂജനറേഷൻ കുട്ടികളെ പഠിപ്പിക്കുക എന്നത് ഇപ്പോൾ ദുഷ്‌കരമാണ്. അവർക്ക് അതിനുള്ള ക്ഷമയില്ല. ഇന്നത്തെ തലമുറയ്ക്ക് കളിക്കാനും ഓടിച്ചാടി നടക്കാനുമുള്ള അവസരങ്ങൾ കുറയുകയാണ്. വീട്ടിൽ കുട്ടികളുടെ ശരീരം അനങ്ങുന്നില്ല. കുട്ടികളിൽ പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നു. ശരീരത്തിന്റെ എല്ലാ അവയവങ്ങളും ചലിക്കേണ്ടതുണ്ട്. അതിനെല്ലാം ഉള്ള പ്രതിവിധി കൂടിയാണ്  സൂംബ ഡാൻസ്. എല്ലാം ആക്സസ് ചെയ്യാൻ പറ്റുന്ന ഒരു കാല ഘട്ടത്തിന്റെ ഭാഗമാണവർ. 

കുട്ടികൾ പഠനത്തിലൂടെ മാത്രം വളരേണ്ടവരല്ല. കളിച്ചും, ചിരിച്ചും ആരോഗ്യത്തോടെ വളരുകയാണ് വേണ്ടത്. മണിക്കൂറുകളോളം ക്ലാസ്സിലോ, കമ്പ്യൂട്ടറിന് മുന്നിലോ ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ വ്യായാമം നൽകണം. അവരുടെ ഉദാസീനമായ ശീലങ്ങളെ ചെറുക്കണം. കുട്ടികളിൽ മാനസിക-ശാരീരിക ഉല്ലാസം വർദ്ധിപ്പിക്കുന്ന ആക്ടിവിറ്റികൾ അവർക്കേറെ ഗുണം ചെയ്യും. പരീക്ഷകൾ, അസൈൻമെന്റുകൾ, ഡെഡ്‌ലൈനുകൾ, മറ്റ് സമ്മർദ്ദങ്ങൾ എന്നിവ കാരണം വിദ്യാർത്ഥി ജീവിതം ഏറെ ക്ലേശകരമാണിന്ന്. ഈ സമ്മർദ്ദത്തെ നേരിടാൻ സൂംബ ഒരു മികച്ച മാർഗ്ഗമാണ്. നൃത്തത്തിന്റെ ഉയർന്ന ഊർജ്ജസ്വലതയും ആവിഷ്‌കാര സ്വഭാവവും വിദ്യാർത്ഥികളുടെ പിരി മുറുക്കങ്ങളെ പോസിറ്റീവായ രീതിയിൽ മാറ്റുന്നു. അവരുടെ അക്കാദമിക്, സാമൂഹിക ജീവിതത്തേയും അത് സ്വാധീനിയ്ക്കും.

കുട്ടികളിലുള്ള ഹൈ എനർജി, ആക്ടിവിറ്റി ഓറിയന്റഡ് ആയ എന്തെങ്കിലും കാര്യത്തിലേക്ക് വഴി തിരിച്ച് വിട്ടാൽ, അവരിലുള്ള മോശം ചിന്തകൾ മാറിക്കിട്ടും. ചിലർ ആരോപിക്കുന്ന പോലെ, കുട്ടികളെ ഇടകലർത്തിയോ അൽപ്പവസ്ത്രം ധരിപ്പിച്ചോ ഒന്നുമല്ല സൂംബ പരിശീലിപ്പിക്കുന്നത്. ഫുൾസ്ലീവ് ചുരിദാർ ധരിച്ചും, തട്ടമിട്ടുമൊക്കെയാണ് കുട്ടികൾ സൂംബ ഡാൻസ് പരിശീലിക്കുന്നത്. ആൺകുട്ടികൾ ഒരു ലൈൻ, പെൺകുട്ടികൾ വേറൊരു ലൈൻ എന്ന നിലയിലാണ് ക്രമീകരണം. ലളിതമായ സ്റ്റെപ്പുകൾ പാട്ടിന്റെ ഒപ്പം ചെയ്യുമ്പോൾ മൈൻഡ് ഫ്രീ ആയി, പ്രഷർ കുറയ്ക്കാൻ അത് സഹായിക്കുന്നു. കുട്ടികളിലെ എക്സ്ട്രാ എനർജിയെ കായികരീതിയിലേക്ക് തിരിച്ച് വിടുമ്പോൾ ലഹരി ഉപയോഗം പോലുള്ള ദുശ്ശീലങ്ങൾ അവരിൽ ഇല്ലാതാക്കാൻ കഴിയുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ആൺകുട്ടികളിൽ ചിലർ മടിപിടിച്ച് ഒഴിഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും, പൊതുവെ ഏറെ ഉത്സാഹത്തോടേയാണ് വിദ്യാർത്ഥികൾ സൂംബയെ സ്വീകരിക്കുന്നതെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഇത്തരം വാദഗതികളെല്ലാം പൊള്ളയാണെന്നും, സ്‌കൂൾസമയത്തിന് ശേഷം ഒരു മണിക്കൂർ സമയം ഡാൻസിനായി മാറ്റി വെക്കണം എന്ന നിർദ്ദേശം വന്നാൽ തീരുന്നതാണ് അധ്യാപകരുടെ ആവേശമെന്നും വിമർശിക്കപ്പെടുന്നു. ഏതായാലും ദേശീയ-അന്തർദേശീയ പ്രധാന്യമുള്ള മറ്റ് വിഷയങ്ങളെല്ലാം വിട്ട് മലയാള ചാനലുകൾ കുറേ നാൾ സൂംബയുമായി സമയം പോക്കി. മുസ്ലിം സംഘടനകളും സർക്കാരും നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതോടെ സൂംബാ വിവാദം ഇനിയും കുറേ കത്തിപ്പടർന്നേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img