
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടയിലും, സൂംബ നൃത്തത്തെയും സ്കൂളുകളിലെ സമയക്രമ പരിഷ്കാരങ്ങളെയും ചൊല്ലിയുള്ള വിവാദങ്ങളിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ചില മുസ്ലീം സംഘടനാനേതാക്കൾ സൂംബ നൃത്തത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ പ്രതികരിക്കുന്നത്. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മതവിദ്വേഷം വളർത്തുകയുമാണ് അവരുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂളുകളിലെ സമയക്രമ പരിഷ്കാരത്തിലും മതപഠനവുമായി ബന്ധപ്പെടുത്തി ഈ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂൾ സമയക്രമത്തിനനുസരിച്ച് മതപഠനത്തിന്റെ സമയം ക്രമീകരിക്കാതെ ധാർഷ്ട്യത്തോടെയുള്ള സമീപനമാണ് അവർ സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങളെ ആരെങ്കിലും മതരാജ്യവും മതസംസ്ഥാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിച്ചാൽ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂംബ നൃത്തത്തെ കുട്ടികളുടെ മാനസിക-ശാരീരിക ഉല്ലാസത്തിനുതകുന്ന ഒരു വ്യായാമമുറയായി കാണണമെന്നും, തങ്ങളുടെ പഠനകാലത്തെ ഡ്രിൽ പോലെയാണിതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. സ്കൂൾ യൂണിഫോം പൂർണ്ണമായി ധരിച്ച് നടത്തുന്ന സൂംബയെ എന്തിന്റെ പേരിലാണ് ചില സംഘടനകൾ വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ വിജയത്തിൽ അതിശയമില്ല
നിലമ്പൂർ യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റായതിനാൽ യു.ഡി.എഫ് വിജയത്തിൽ അതിശയമില്ലെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിന് നല്ല മാർജിനിലുള്ള വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. അൻവർ നേടിയ 20,000-ത്തോളം വോട്ടുകളെ തള്ളിക്കളയാനാകില്ലെന്നും അൻവറിന്റെ ശക്തി തിരിച്ചറിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങളുമായി അടുത്തിടപഴകിയതിനുള്ള അംഗീകാരമാണിതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
അൻവറിന്റെ യു.ഡി.എഫ് പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉറച്ച നിലപാടാണ് സ്വീകരിച്ചതെന്നും, ലീഗ് രണ്ട് വള്ളത്തിൽ നിന്നപ്പോഴും സതീശൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു. സാധാരണ പല കാര്യങ്ങളിലും ചാഞ്ഞും ചരിഞ്ഞുമുള്ള നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിലും ഈ കാര്യത്തിൽ കേഡർ പാർട്ടികളുടേതിന് സമാനമായ നിലപാട് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി കാണേണ്ടതില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നിലമ്പൂർ വിജയത്തിന്റെ പേരിലുണ്ടായ ക്യാപ്റ്റൻ, മേജർ, സോൾജിയർ വാദങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന്, "അവർ അണ്ണനും തമ്പിയും കളിച്ചോട്ടെ, ജനം ഇതൊക്കെ കാണുകയല്ലേ, ഒരാൾ ഡൽഹിയിലുൾപ്പെടെ മൂന്നു തട്ടിലല്ലേ കളിക്കുന്നത്" എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഭാരതാംബ വിവാദത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേക നിലപാടില്ലെന്നും വിശ്വാസം രക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.











