
കീവ്: യുദ്ധത്തിന്റെ വേദനയും പ്രതിരോധത്തിന്റെ ആത്മവിശ്വാസവും നിറഞ്ഞ ക്രിസ്മസ് സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി. റഷ്യൻ ആക്രമണങ്ങളിലൂടെ രാജ്യത്തിനും ജനങ്ങൾക്കും ദുരിതം വിതയ്ക്കുന്ന ശക്തിയുടെ അന്ത്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സെലൻസ്കിയുടെ പ്രതികരണം. സമാധാനത്തിനായി യുക്രെയ്ൻ പോരാടുകയും പ്രാർഥിക്കുകയും തുടരുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു സെലൻസ്കിയുടെ വിമർശനം. “അയാൾ നശിക്കട്ടെ” എന്ന വാക്കുകളിലൂടെ യുദ്ധത്തിന് ഉത്തരവാദികളായ നേതൃത്വത്തെ അദ്ദേഹം കടന്നാക്രമിച്ചു.തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും യുക്രെയ്ൻ ജനതയുടെ ആത്മവിശ്വാസവും ഐക്യവും തകർന്നിട്ടില്ലെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നിയൻ ഹൃദയങ്ങളെയും വിശ്വാസത്തെയും കീഴടക്കാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ലെന്നും, രാജ്യത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ യുക്രെയ്നിൽ ശക്തമായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സെലൻസ്കി ക്രിസ്മസ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ നടന്ന ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.











