
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയുമായി നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച ഫലപ്രദമെന്ന് പിന്നീട് ട്രംപ് പറഞ്ഞെങ്കിലും വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായില്ല. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്താൻ തീരുമാനമായി ഇതിനുശേഷം റഷ്യ – യുക്രെയ്‌ൻ – അമേരിക്ക ചർച്ചയുമുണ്ടാകും.
യുക്രെയ്‌ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ചർച്ചയിൽ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും. ആദ്യം വെടിനിർത്തൽ വേണമെന്ന് ജൻമനിയും ഫ്രാൻസും ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചയ്‌ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ – യുക്രെയ്‌ൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്‌ക്ക് തയാറെന്ന് സെലെൻസ്‌കി അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.











