05:43pm 12 October 2026
NEWS
തുട അടിച്ചുപൊട്ടിച്ചു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റെന്ന് നടി സെയ്ൻ മേരി ഖാൻ; ദൃശ്യങ്ങൾ പുറത്ത്
12/10/2026  02:39 PM IST
nila
തുട അടിച്ചുപൊട്ടിച്ചു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റെന്ന് നടി സെയ്ൻ മേരി ഖാൻ; ദൃശ്യങ്ങൾ പുറത്ത്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റെന്ന് നടി സെയ്ൻ മേരി ഖാൻ. ശരീരത്തിലേറ്റ അടിയുടെ പാടുകളും ചതവുകളും വെളിപ്പെടുത്തുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കൈകളിലും വിരലുകളിലും കാലുകളിലുമുള്ള ചുവന്നും കരിനീലിച്ചും കാണപ്പെടുന്ന പാടുകൾ വിഡിയോയിൽ വ്യക്തമാണ്.

‘ഞങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ല’ എന്ന സന്ദേശവും സെയ്ൻ വിഡിയോയിൽ പങ്കുവച്ചു. ‘ഡെമോക്രസി ഫിറ്റ് ചെക്ക്’ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

ബോളിവുഡ് നടൻ ഇമ്രാൻ ഖാനും സുഹൃത്ത് ലേഖ വാഷിങ്ടണിനുമൊപ്പമാണ് സെയ്ൻ പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ തന്നെയും ഇമ്രാൻ ഖാനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രശസ്ത സംവിധായകൻ മൻസൂർ ഖാന്റെ മകളും നടൻ ആമിർ ഖാന്റെ അനന്തരവളുമാണ് സെയ്ൻ. ഇമ്രാൻ ഖാനും ജുനൈദ് ഖാനും സെയ്‌നിന്റെ കസിൻസാണ്.

മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾക്കുശേഷം ഇവരെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചില്ലെന്ന് സെയ്ൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പൊലീസ് വാനിലുണ്ടായിരുന്നവർ മുദ്രാവാക്യം വിളിച്ചപ്പോൾ റോഡിലുണ്ടായിരുന്നവരും ഏറ്റുവിളിച്ചെന്നും താരം പറഞ്ഞു.

ഒടുവിൽ യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് തങ്ങളെ എത്തിച്ചത്. എന്തിനാണ് അവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചിട്ടും പൊലീസുകാർ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സെയ്‌നിന്റെ ആരോപണം. കസ്റ്റഡിയിലെടുത്തതിന്റെ കാരണം ചോദിച്ചപ്പോൾ രണ്ടു മിനിറ്റിനുള്ളിൽ അറിയിക്കാമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നെങ്കിലും മണിക്കൂറുകളോളം മറുപടി ലഭിച്ചില്ലെന്നും താരം ആരോപിച്ചു. നഗരത്തിലൂടെ മണിക്കൂറുകളോളം പൊലീസ് വാനിൽ ചുറ്റിക്കറക്കിയശേഷം പൊലീസുകാരോട് ‘ജയ് ഹിന്ദ്’ പറഞ്ഞാണ് സ്റ്റേഷൻ വിട്ടതെന്നും സെയ്ൻ കുറിച്ചു.

അതേസമയം, ഓഗസ്റ്റ് ക്രാന്തി മൈതാനിൽ പ്രതിഷേധം നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നില്ലെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രതിഷേധങ്ങൾക്ക് അനുമതിയുള്ളത് ആസാദ് മൈതാനിൽ മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ, പ്രതിഷേധത്തിന് അനുമതി തേടി മുംബൈ പൊലീസിന് ഇമെയിൽ അയച്ചിരുന്നുവെന്നും അധികൃതരിൽനിന്ന് മറുപടി ലഭിച്ചില്ലെന്നുമാണ് കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരുടെ വാദം. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടികളും കസ്റ്റഡിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇതോടെ ചർച്ചയായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img