
ജമ്മു കശ്മീരിലെ ശ്രീനഗറിനെയും സോനാമാർഗ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിൽ നിർമ്മിച്ചിരിക്കുന്ന ടണൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നിർണായക നേട്ടങ്ങളിലൊന്നാണ്. പ്രതികൂല കാലാവസ്ഥയിൽ ഇന്ത്യൻ സൈന്യത്തിന് ചെന്നെത്താൻ കഴിയാതിരുന്ന ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിലേക്ക് ഇനിമുതൽ ഏത് കാലാവസ്ഥയിലും എത്തിപ്പെടാൻ സഹായിക്കുന്നതാണ് ഇസഡ്-മോർ ടണൽ. ചൈനയുടെയും പാകിസ്ഥാന്റെയും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാനും ഇതിലൂടെ കഴിയും.
2,700 കോടി രൂപയുടെ പദ്ധതിയാണ് ഇസഡ്-മോർ ടണൽ. ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളിൽ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിർമാണ തൊഴിലാളികളുമായും സംസാരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള മോദിയുടെ ആദ്യ കശ്മീർ സന്ദർശനമാണിത്.
മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിനും സോനാമാർഗിനും ഇടയിലുള്ള 6.5 കിലോമീറ്റർ നീളമുള്ള രണ്ടു വരി റോഡാണ് ടണലിൽ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായുള്ള 7.5 മീറ്റർ വീതിയുള്ള രക്ഷപ്പെടൽ പാതയും സമാന്തരമായി സജ്ജീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിലാണ് ഈ തുരങ്കം. ശ്രീനഗറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ടണൽ ലേയിലേക്കുള്ള യാത്ര സുഗമമാക്കും. ലേയിലേക്കുള്ള യാത്രയിൽ ശ്രീനഗറിനും സോനാമാർഗിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള വഴികൾ ഒഴിവാക്കുമെന്നതാണ് ടണലിന്റെ പ്രത്യേകത.











