റഷ്യൻ ബാലെ നൃത്തസംവിധായകൻ യൂറി ഗ്രിഗറോവിച്ച് അന്തരിച്ചു

മോസ്കോ: റഷ്യൻ ബാലെ നൃത്തസംവിധായകനും ബാലെ നർത്തകനുമായ യൂറി ഗ്രിഗറോവിച്ച് അന്തരിച്ചു. 98 വയസ്സായിരുന്നു. ബാലെ നർത്തകനും നൃത്തസംവിധായകനുമായുള്ള 80 വർഷത്തെ കലാ ജീവിതത്തിനാണ് യൂറി ഗ്രിഗറോവിച്ചിന്റെ മരണത്തോടെ അന്ത്യമായിരിക്കുന്നത്.
സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ ബാലെ കുടുംബത്തിലാണ് ജനനം. നട്ക്രാക്കർ, സ്വാൻ ലെയ്ക്ക്, ദ സ്റ്റോൺ ഫ്ലവർ തുടങ്ങിയ ക്ലാസിക് ബാലെകളുടെ നൃത്തസംവിധായകനാണ്. റഷ്യയിലെ വിഖ്യാതമായ ബോൾഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്നു. 1995-ൽ ബോൾഷോയി തിയേറ്ററുമായി ബന്ധംപിരിഞ്ഞെങ്കിലും 2008-ൽ അദ്ദേഹം തിരിച്ചെത്തി.
പുരുഷനൃത്തത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന ബാലെയിൽ പുരുഷന്മാർക്ക് ഇടമുണ്ടാക്കുകയുംചെയ്ത വ്യക്തിയാണ് ഗ്രിഗറോവിച്ചെന്ന് നൃത്തസംവിധായകൻ ബോറിസ് അമികോവ് പറഞ്ഞു. വ്യത്യസ്തനും കഠിനാധ്വാനിയുമായ നൃത്തസംവിധായകനായിരുന്നു ഗ്രിഗറോവിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ അനുസ്മരിച്ചു.











