
‘എക്‌സ് മുസ്ലിം’ യൂട്യൂബർ സലീം വാസ്തി കൊലക്കേസിൽ അറസ്റ്റിൽ. 31 വർഷം മുമ്പ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ സലിം ഖാൻ എന്ന വ്യക്തിയാണ് സലീം വാസ്തി എന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി പൊലീസാണ് ഗാസിയാബാദിലെ ലോനിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
1995-ൽ ഡൽഹിയിലെ ഒരു വ്യവസായിയുടെ 13 വയസ്സുകാരനായ മകൻ സന്ദീപ് ബൻസാളിനെ സ്കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരു ദിവസത്തിനു ശേഷം 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയെങ്കിലും, ആവശ്യത്തിന് വഴങ്ങാതിരുന്നതിനാൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മുസ്തഫാബാദ് ഭാഗത്തെ ഒരു ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ, കുട്ടിയുടെ സ്കൂളിൽ ആയോധനകല പരിശീലിപ്പിച്ചിരുന്ന സലിം ഖാൻ എന്ന വ്യക്തിയാണ് കേസിൽ സംശയിതനായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും, നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കേസിൽ ഇയാളെയും കൂട്ടുപ്രതിയെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാൽ 2000-ൽ ഇടക്കാല ജാമ്യം ലഭിച്ച ശേഷം സലിം ഒളിവിൽ പോകുകയും പിന്നീട് നീണ്ടകാലം പിടിയിലാകാതിരിക്കുകയും ചെയ്തു. 2011-ൽ ഹൈക്കോടതി ശിക്ഷ ശരിവെച്ചപ്പോഴും ഇയാൾ ഒളിവിലായിരുന്നു. വർഷങ്ങളായി, പുതിയ വിലാസം സ്വീകരിച്ചും അധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ സ്വന്തം മരണം സൃഷ്ടിച്ചും ഇയാൾ അറസ്റ്റ് ഒഴിവാക്കിയതായി പൊലീസ് പറഞ്ഞു
സലിം അഹമ്മദ് എന്ന പേരിൽ ജീവിച്ച ഇയാൾ പിന്നീട് ‘സലീം വാസ്തി’ എന്ന പേരിൽ യൂട്യൂബറായും സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകനായും ശ്രദ്ധ നേടി. ഹരിയാണയിലും ഉത്തർപ്രദേശിലുമുള്ള പല സ്ഥലങ്ങളിലും താമസിച്ച ശേഷം ഗാസിയാബാദിലെ ലോനിയിൽ സ്ഥിരതാമസമാക്കി വസ്ത്രവ്യാപാരം നടത്തുകയായിരുന്നു.
ഒരു പ്രമുഖ യൂട്യൂബർ ഏറെനാളായി ഒളിവിൽ കഴിയുന്ന കുറ്റവാളിയാകാം എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇൻസ്‌പെക്ടർ റോബിൻ ത്യാഗിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിന് മുമ്പ് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.










