
ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ജ്യോതി രണ്ടു വർഷമായി പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകുന്നെന്ന് പൊലീസ് . 2023 മുതൽ ജ്യോതി പാകിസ്ഥാന് ഇന്ത്യയിൽ നിന്നുള്ള തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നാണ് ഹരിയാന പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലുള്ള ജ്യോതിയെ കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യുകയാണ്. ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് സംഘം എന്നിവരാണ് യുവതിയെ ചോദ്യം ചെയ്യുന്നത്.
അതേസമയം, ജ്യോതി നിരവധി തവണ കേരളത്തിൽ വന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. യുവതി കൊച്ചിയും കോഴിക്കോടുമടക്കം കേരളത്തിൽ വിവിധ നഗരങ്ങളിൽ യാത്രചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒരു തവണ കേരളത്തിലെത്തിയ വിവരം ഇവർ പരസ്യപ്പെടുത്തിയിരുന്നുമില്ല
ജ്യോതി കേരളത്തിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് തങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കേരളത്തിലെ പല സ്ഥലങ്ങളിൽ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 17-നാണ് മട്ടാഞ്ചേരിയിൽ മുറിയെടുത്തത്. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാണ പോലീസ് കൊച്ചി പോലീസിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തി.











