
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ്(21),മുഹമ്മദ് നിദാൽ(21),മുഹമ്മദ് ഷിഫിൻ ഷാൻ(22)എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മുഹമ്മദ് ആരിഫിന് പരിചയമുള്ള കോളജ് വിദ്യാർത്ഥിനിയുടെ മുഖം മോർഫ് ചെയ്തു നഗ്നദൃശ്യങ്ങൾ കാണിച്ചാണ് സംഘം പണം തട്ടാൻ ശ്രമിച്ച ത്.
സ്ക്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയറായിരുന്നു മുഹമ്മദ് ആരിഫ്. വ്യാജ ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർത്ഥിനിക്ക് മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും അയച്ചശേഷം അഞ്ചു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം കൊടുത്തില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ പരാതി പ്രകാരം കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി തന്റെ സ്വർണ്ണം പ്രതികൾക്ക് നൽകാൻ പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് പെൺകുട്ടിയെ പിന്തുടരുകയും സ്വർണം കൈക്കലാക്കിയ പ്രതിയെ പിടികൂടുകയുമായിരുന്നു.











