08:47pm 28 April 2026
NEWS
മതം ചോദിച്ച ശേഷം കുത്തി; സെക്യൂരിറ്റി ​ഗാർഡുകളെ ആക്രമിച്ച അൻസാരി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആ​ഗ്രഹിച്ചിരുന്നെന്ന് പൊലീസ്
28/04/2026  06:33 PM IST
nila
മതം ചോദിച്ച ശേഷം കുത്തി; സെക്യൂരിറ്റി ​ഗാർഡുകളെ ആക്രമിച്ച അൻസാരി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആ​ഗ്രഹിച്ചിരുന്നെന്ന് പൊലീസ്

മുംബൈയിൽ സുരക്ഷാ ഗാർഡുകളെ ആക്രമിച്ച യുവാവ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആ​ഗ്രഹിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുംബൈയിലെ നയ നഗർ പ്രദേശത്തെ നിർമാണ സ്ഥലത്ത് തിങ്കൾ പുലർച്ചെ നാലുമണിയോടെയാണ് സായിബ് സുബൈർ അൻസാരി എന്ന മുപ്പത്തൊന്നുകാരൻ  രണ്ട് സെക്യൂരിറ്റി ഗാർഡുകളെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിന് മുൻപ് അവരുടെ മതം ചോദിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രാജ്കുമാർ മിശ്ര, സുബ്രോട്ടോ സെൻ എന്നിവരാണ് അൻസാരിയുടെ ആക്രമണത്തിന് ഇരകളായത്. പരിക്കേറ്റ മിശ്ര സ്വയം ആശുപത്രിയിലെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ സെന്നിനെ നാട്ടുകാരനായ നയീബ് ഷെയ്ഖ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ 90 മിനിറ്റിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അൻസാരിയെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മതവിദ്വോഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മേയ് 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

തുടർ അന്വേഷണത്തിൽ, അൻസാരിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ “ഐഎസ്ഐഎസിൽ ചേരാൻ ആഗ്രഹമുണ്ട്” എന്ന കുറിപ്പ് കണ്ടെത്തി. മീരാ റോഡിൽ നടത്തിയ ഈ ആക്രമണം ഭീകരസംഘടനയിൽ ചേരാനുള്ള ആദ്യ ശ്രമമാണെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

സയൻസ് ബിരുദധാരിയായ അൻസാരി 2019-ൽ അമേരിക്കയിൽ ജോലി ലഭിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. മീരാ റോഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഓൺലൈനായി കെമിസ്ട്രി ക്ലാസുകൾ എടുത്തിരുന്ന ഇയാൾ ഇന്റർനെറ്റിലൂടെ തന്നെ ഭീകര ചിന്താഗതിയിലേക്ക് വഴിമാറിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img