
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശിയായ മനു (മനോജ്) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലൂടെ ബൈക്കുകൾ മത്സരയോട്ടം നടത്തി അമിതശബ്ദം സൃഷ്ടിച്ചതിനെ തുടർന്ന് മനുവും സമീപവാസികളായ ചില യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് പ്രാഥമിക വിവരം. പിന്നീട് തർക്കം കൈയാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള നാലുപേരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.










