
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. ഇന്നലെ വൈകിട്ടാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22)നെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22) വീട്ടിലെത്തി കുത്തിക്കൊന്നത്. ഇതിന് പിന്നാലെ ചെമ്മാൻമുക്കിലെ റെയിൽവേ ഗേറ്റിനു സമീപത്തുവെച്ത് തേജസ് രാജ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് തേജസ്.
തേജസുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിൻറെ സഹോദരി പിൻമാറിയതാണ് തേജസ് രാജിന് പകയുണ്ടാകാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തേജസുമായുള്ള ബന്ധത്തിൽ നിന്ന് യുവതി പിൻമാറുകയായിരുന്നു.
ബന്ധം തുടരണമെന്ന് തേജസ് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, തേജസിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഫെബിൻറെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്.











