11:40pm 09 July 2026
NEWS
ഭാര്യക്ക് സന്ദേശം അയച്ചെന്ന പരാതിയിൽ സ്റ്റേഷനിലെത്തിയ യുവാവിന് പെപ്പർ സ്പ്രേ; എസ്ഐയിൽ നിന്ന് 50,000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്
08/07/2026  07:36 PM IST
NILA
ഭാര്യക്ക് സന്ദേശം അയച്ചെന്ന പരാതിയിൽ സ്റ്റേഷനിലെത്തിയ യുവാവിന് പെപ്പർ സ്പ്രേ; എസ്ഐയിൽ നിന്ന് 50,000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്
 

 

തിരുവനന്തപുരം: ഭാര്യയ്ക്ക് മൊബൈൽ സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ നടപടി. പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നൽകാനും തുക എസ്ഐ സുമേഷ് ലാലിൽ നിന്ന് ഈടാക്കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

2023 ഒക്ടോബർ 9-ന് തിരുവനന്തപുരം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ചിറയിൻകീഴ് കുറക്കട സ്വദേശിയായ ശ്രീനാഥിനെയാണ് ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചെന്ന പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. ചോദ്യം ചെയ്യുന്നതിനിടെ എസ്ഐ ശ്രീനാഥിനെ മർദിക്കുകയും കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ അന്വേഷണം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഈ വർഷം മാർച്ച് 15-ന് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കമ്മീഷന്റെ നിർദേശപ്രകാരമാണ് ആഭ്യന്തര സെക്രട്ടറി നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചത്.

ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് കുടുംബ കോടതിയിൽ തുടരുന്നതിനിടെയായിരുന്നു സംഭവം. അതേസമയം, കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലും എസ്ഐയുടെ ഭാഗത്തുനിന്ന് അതിക്രമം നടന്നതായി സ്ഥിരീകരിച്ചിരുന്നതായും രേഖകളിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img