
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ അറസ്റ്റിലായ സംഭവത്തിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഇന്നലെ രാത്രിയിലാണ് പി കെ ഫിറോസിന്റെ സഹോദരൻ പി.കെ.ബുജൈറിനെ പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നില്ല. എന്നാൽ, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. സഹോദരൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരനെ കേസിൽ നിന്നും രക്ഷിക്കാനായി താനോ തന്റെ കുടുംബവും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനു പരുക്കേറ്റു. ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ചതിനുള്ള കുറ്റങ്ങളാണ് നിലവിൽ ബുജൈറിനെതിരെ ചുമത്തിയത്.
ബുജൈർ അറസ്റ്റിലായതിനു പിന്നാലെ പി.കെ.ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്ന ആളാണ് സഹോദരനെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.











