06:54pm 17 September 2026
NEWS
ലീഗ് നിലപാടുകൾക്കെതിരെ യൂത്ത് ലീഗിൽ പൊട്ടിത്തെറി
16/09/2026  04:00 PM IST
പ്രദീപ് ഉഷസ്സ്
ലീഗ് നിലപാടുകൾക്കെതിരെ യൂത്ത് ലീഗിൽ പൊട്ടിത്തെറി
HIGHLIGHTS

പി.എം. ശ്രീ പദ്ധതിയെ പിന്തുണയ്ക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകൾക്കെതിരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

കേന്ദ്രസർക്കാരിന്റെ സംഘപരിവാർ വിധേയ തിട്ടൂരങ്ങൾക്ക് മുസ്ലീം ലീഗ് നേതൃത്വം കീഴടങ്ങരുതെന്ന നിലപാടുയർത്തി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ശരിയല്ലെന്നാണ് അവരുടെ തീരുമാനം. മുസ്ലീം ലീഗിന്റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗിലുയരുന്ന അഭിപ്രായ വ്യത്യാസങ്ങൾ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തായിരിക്കുമ്പോൾ, പി.എം. ശ്രീ പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനമാണ് മുസ്ലീം ലീഗ് നേതാക്കൾ ഉയർത്തിയിരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യഡീൽ ആയിരുന്നുവെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്പോലെയുള്ള ലീഗ് നേതാക്കൾ ആരോപിച്ചിരുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം. ശ്രീ അറബിക്കടലിൽ എറിയുമെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസംഗം കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലെ ശക്തമായ പ്രചരണായുധവുമായിരുന്നു. എന്നാൽ യു.ഡി.എഫ് മന്ത്രിസഭ നിലവിൽ വന്നതോടെ, മുൻനിലപാടുകളിൽ നിന്ന് കോൺഗ്രസ് മലക്കം മറിഞ്ഞു. പി.എം. ശ്രീ നടപ്പാക്കാതെ നിർവ്വാഹമില്ലെന്നായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. അതിന് പിന്തുണയേകി മുസ്ലീംലീഗ് നേതാക്കളും രംഗത്ത് വന്നു.

ഈ നിലപാട് മാറ്റം മുസ്ലീം ലീഗിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്. നേരത്തെ പി.എം. ശ്രീക്കെതിരെ രംഗത്തുവന്ന കുഞ്ഞാലിക്കുട്ടിയും, കെ.എം. ഷാജിയുമൊക്കെയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കിയേ പറ്റൂ എന്ന വിധത്തിൽ ശക്തിയുക്തം വാദിക്കുന്നത്. ഡോ. എം.കെ. മുനീറിനെപ്പോലെയുള്ള നേതാക്കൾ ആദ്യമൊക്കെ ഇതിനെ എതിർത്തുവെങ്കിലും, അതൊന്നും കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. അതേസമയം ബഹുഭൂരിപക്ഷം അണികളാകട്ടെ നേതാക്കളുടെ നിലപാട് മാറ്റത്തിൽ അസംതൃപ്തരുമായിരുന്നു. ആ അസംതൃപ്തിയാണ് ഇപ്പോൾ ശക്തമായി പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്.

മുസ്ലീം ലീഗ് നേതാക്കളുടെ നിലപാട് മാറ്റത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് പാണക്കാട് കുടുംബാംഗവും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ്. മലപ്പുറത്തെ മുസ്ലീം യൂത്ത് ലീഗ് ജില്ലാസമ്മേളനത്തിലാണ് പി.എം. ശ്രീ നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ നീക്കത്തിനെതിരെയും, അതിന് പിന്നിലെ അണിയറനീക്കങ്ങൾക്കെതിരെയും മുനവ്വറലി തങ്ങൾ പൊട്ടിത്തെറിച്ചത്. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടകരമായ അന്തരീക്ഷം ഉണ്ടായാൽ അത് പറയാൻ യൂത്ത് ലീഗ് ഉണ്ടാകുമെന്നും, സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം തുറന്നടിച്ചു. 'കഴിഞ്ഞ സർക്കാരാണ് പി.എം. ശ്രീയിൽ ഒപ്പുവച്ചത്. അന്നതിനെ യൂത്ത് ലീഗ് ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇന്നാപദ്ധതി നടപ്പാക്കാൻ യു.ഡി.എഫ്  സർക്കാർ ശ്രമിക്കുന്നു. അതിനെയും തങ്ങൾ എതിർക്കും. ഈ വിധത്തിൽ യൂത്ത് ലീഗിന്റെ നയം മുനവ്വറലി തങ്ങൾ വ്യക്തമാക്കിയപ്പോൾ അത്യധികം ആവേശത്തോടെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ അത് ഏറ്റെടുത്തത്.

ഇതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലീം യൂത്ത് ലീഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടിയാണ് മറനീക്കി പുറത്തെത്തുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ സംഘപരിവാർ വിധേയ പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും, അതിന് പിന്തുണയേകാൻ മുന്നിൽ നിൽക്കുന്നത് മുസ്ലീം ലീഗ് നേതാക്കൾ ആണെന്നുമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്ന ആരോപണം. ആ വാദഗതികൾ ശരിവച്ചുകൊണ്ട് യു.ഡി.എഫ് ക്യാമ്പിൽ നിന്നുതന്നെ പ്രതിഷേധ സ്വരമുയരുന്നതിന് അത്യധികം രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

ലീഗ് നേതാക്കളും ഇ.ഡി. പേടിയും

സംഘപരിവാർ നിയന്ത്രിത പദ്ധതികൾ നടപ്പാക്കാൻ അമിത വ്യഗ്രത യു.ഡി.എഫ് സര്ക്കാർ കാണിക്കുമ്പോൾ അതിന് എല്ലാവിധ ഒത്താശയുമേകി മുന്നിൽ നിൽക്കുന്നത് മുസ്ലീം ലീഗ് നേതാക്കൾ ആണെന്നാണ് സി.പി.എമ്മും മറ്റ് പ്രതിപക്ഷ കക്ഷികളുമുയർത്തുന്ന പ്രധാന ആരോപണം. കേന്ദ്ര സർക്കാരിനെ ഒരു വിധത്തിലും പിണക്കാൻ മുസ്ലീം ലീഗിന് കഴിയില്ലെന്നും, ലീഗിലെ മുതിർന്ന പല നേതാക്കളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) അന്വേഷണപരിധിയിലായതാണ്  ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നും അവർ തുറന്നടിക്കുന്നുമുണ്ട്.

മുസ്ലീംലീഗ് മുഖപത്രമായ 'ചന്ദ്രിക' വഴി നടന്ന കോടികളുടെ കള്ളപ്പണ ഇടപാടും, അതിൽ മുസ്ലീം ലീഗ് നേതാക്കളുടെ പങ്കും ഇതിനുമുമ്പ് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണ്. ഇതിനുപുറമെ മുതിർന്ന പല ലീഗ് നേതാക്കളും ഉൾപ്പെട്ട നിരവധി സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മലപ്പുറത്തെ എ.ആർ. നഗർ സഹകരണ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക അഴിമതിയിലും ആരോപണമുനകൾ നീണ്ടിരിക്കുന്നതും ലീഗ് നേതാക്കൾക്ക് നേരെയാണ്. എ.ആർ. നഗർ ബാങ്കിലെ കുംഭകോണ വിവരങ്ങൾ പൂർണ്ണതോതിൽ പുറത്തെത്തിയാൽ മുസ്ലീംലീഗിനത് വലിയ തോതിൽ തിരിച്ചടിയാകുമെന്നും ലീഗ് നേതൃത്വം ഭയക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തിരിമറിയും, വൻ സാമ്പത്തിക ക്രമക്കേടുമാണ് എ.ആർ. നഗർ ബാങ്കിൽ നടന്നതെന്നാണ് അധികൃതർ കണ്ടെത്തിയത്. കള്ളപ്പണ നിക്ഷേപങ്ങളും, ഇടപാടുകാർ അറിയാതെ അവരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് നടത്തിയ ഇടപാടുകളുമൊക്കെയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നത്. ആദായനികുതി വകുപ്പിന്റെ നോട്ടീസ്  ലഭിച്ചപ്പോൾ മാത്രമാണ് പല ഇടപാടുകാരും തങ്ങളുടെ പേരിൽ വ്യാജമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്ന വിവരം അറിയുന്നത്. ആയിരത്തി ഇരുപത്തി ഒൻപത്(1029) കോടി രൂപയുടെ ക്രമക്കേടുകളും, വൻതോതിൽ അനധികൃത നിക്ഷേപങ്ങളും മുസ്ലീംലീഗ് നിയന്ത്രണത്തിലുള്ള ഈ ബാങ്ക് വഴി നടന്നുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

ഈവിധം വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിമുറുക്കിയാൽ മുസ്ലീംലീഗിനത് വലിയ തിരിച്ചടിയാകും. പല നേതാക്കളും കുരുക്കിലുമാകും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ പിണക്കാതെ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് പച്ചക്കൊടി വീശി ഒപ്പം നിൽക്കാൻ മുസ്ലീം ലീഗ് നേതൃത്വം നിർബന്ധിതരാകുന്നത്. പി.എ. ശ്രീയേയും, കേന്ദ്ര സർക്കാരിന്റെ ലോഗോ മുദ്രണം ചെയ്തുകൊണ്ടുള്ള ഭവനനിർമ്മാണ പദ്ധതിയേയും, സർവ്വകലാശാലകൾ കേന്ദ്രീകരിച്ച കാവിവത്ക്കരണ നീക്കങ്ങളേയുമെല്ലാം നിർവാഹമില്ലാതെ പിന്തുണയ്ക്കാൻ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെപ്പോലെയുള്ള നേതാക്കൾ നിർബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണെന്നാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്ന ആരോപണം. ഫലത്തിൽ ഈവിധം വാദഗതികളെ അംഗീകരിക്കുന്ന സംഭവവികാസങ്ങളാണ് മുസ്ലീം ലീഗിന്റെ യുവജന നിരയിൽ നിന്നുമുണ്ടാകുന്നതെന്നതും പറയാതെ വയ്യ.

ഉന്നതവിദ്യാഭ്യാസ മേഖലകളിലും, സാധുക്കൾക്കുള്ള ഭവന നിർമ്മാണ പദ്ധതികളുമെല്ലാം സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് യൂത്ത് ലീഗ് നേതാക്കൾ ഉയർത്തുന്ന വാദം. ഇതിന് കുടപിടിക്കുന്ന ലീഗ് നേതാക്കളുടെ നിലപാട് ശരിയല്ലെന്നും ഇവർ തുറന്നടിക്കുന്നു. തങ്ങളുടെ പോഷക സംഘടനാ നേതാക്കൾ ഈ വിധത്തിൽ സർക്കാരിനെതിരെ രംഗത്തുവന്നതും, ലീഗ് നിലപാടുകൾക്കെതിരെ പൊട്ടിത്തെറിച്ചതും, മുസ്ലീം ലീഗ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.

കോൺഗ്രസിലും ഭിന്നസ്വരം

മുൻസർക്കാർ ഒപ്പിട്ടതിനാൽ പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. അതേസമയം പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമൊന്നുമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാർലമെന്റിൽ നിന്നുണ്ടായത്. എന്നിട്ടും പി.എം. ശ്രീയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സിലബസിൽ ഇടപെടാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതും ഈവിധത്തിലായിരുന്നു. പദ്ധതിയുടെ പേരിൽ സംഘപരിവാർ സിലബസോ പരിപാടികളോ സർക്കാർ നടപ്പാക്കില്ലെന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രഖ്യാപനം. എന്നിട്ടും യു.ഡി.എഫ് നേതൃത്വം അതിനെ അന്ന് ശക്തിയുക്തം എതിർത്തു. ഇപ്പോഴാകട്ടെ അത് നടപ്പാക്കാൻ കഠിനാധ്വാനവും ചെയ്യുന്നു. ഈ ഇരട്ടത്താപ്പാണ് ഇപ്പോൾ തുറന്ന ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

പി.എം. ശ്രീക്കുവേണ്ടി കേരള സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിലും പ്രതിഷേധ സ്വരങ്ങൾ  ശക്തമാവുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പി.എം. ശ്രീക്കെതിരെ രംഗത്ത് വന്നതോടെ, നേതാക്കൾക്കിടയിലെ അസംതൃപ്തി കൂടിയാണ് മറനീക്കി പുറത്തെത്തിയത്. മുൻകേന്ദ്രമന്ത്രിയും, എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ദീപാദാസ് മുൻഷിയും കെ.സി. വേണുഗോപാലിന്റെ നിലപാടുകൾക്ക് ഒപ്പമാണ്.

പദ്ധതിയിൽ നിന്ന് മാറിയാൽ ആയിരക്കണക്കിന് കോടി നഷ്ടമാകുമെന്ന ചില കോൺഗ്രസ് നേതാക്കളുടെയും, ലീഗ് നേതാക്കളുടെയും വിശദീകരണം തെറ്റാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി എന്നത് പർവ്വതീകരിച്ച കണക്കാണ്. മധ്യപ്രദേശിനെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ലഭിച്ചത് 700 കോടി രൂപയും, കർണാടകയ്ക്ക് ലഭിച്ചത് 238 കോടി രൂപയും മാത്രമാണ്.
ഈ തുക സംസ്ഥാനങ്ങൾക്ക് കണ്ടെത്താനാകുമെന്നും, അതിനായി സംഘപരിവാർ നയങ്ങൾക്ക് കീഴടങ്ങേണ്ടതില്ലെന്നുമാണ് കെ.സി. വേണുഗോപാലിന്റെ വാദം. 

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്. കോൺഗ്രസിന്റെ നേതൃതലത്തിനുതന്നെ ഈവിധം അസംതൃപ്തികൾ ശക്തമായി ഉയരുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പി.എം. ശ്രീയുമായി മുന്നോട്ടുപോകാൻ തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം. അതിന് പിന്തുണയേകി മുസ്ലീം ലീഗും ഒപ്പമുണ്ട്.


ഈ സാഹചര്യത്തെയാണ്, ഭരണകക്ഷിയിലെ പ്രധാന യുവജന സംഘടനയായ മുസ്ലീം യൂത്ത് ലീഗ് ശക്തമായി എതിർക്കുന്നത്. നേതൃനിലപാടുകളെ വെല്ലുവിളിച്ച് ഏത് വിധത്തിൽ മുന്നോട്ടുപോകാൻ യൂത്ത് ലീഗിന് കഴിയുമെന്നാണ് പ്രസക്തമായ ചോദ്യം. അതോ ഈവിധം ആവേശമൊക്കെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റായി' കെട്ടടങ്ങുമോ? കാത്തിരുന്നു കാണുകതന്നെ വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img