
മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾക്കകം ജീവനൊടുക്കിയ പതിനെട്ടുകാരിയുടെ കാമുകനും തൂങ്ങിമരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി സജീർ (19) ആണു മരിച്ചത്. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവറിനെ (18) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സജീർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയൽവാസികളായ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ, വീട്ടുകാർ പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചതോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. ഈ മാസം മൂന്നിവാണ് ഷൈമ സിനിവറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ എടവണ്ണയിലാണു സജീറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന സജീർ, വീട്ടിലെത്തിയ ശേഷം ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സജീർ ആരുമറിയാതെ ഇവിടെനിന്നു കടന്നുകളഞ്ഞു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.











