
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രൻ, കെ.ബി ഗണേഷ്കുമാർ, തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെയാണ് കോഴിഫാം ഫ്ലക്സ് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡിന് മുകളിലും പ്രവർത്തകർ സിപിഎം കോഴി ഫാം എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം സിപിഎം കോഴി ഫാമാണ് എന്ന് പറഞ്ഞിരുന്നു. മധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു വി ഡി സതീശൻ സിപിഎമ്മിനെ കോഴി ഫാം എന്ന് പരിഹസിച്ചത്. കേരളത്തിലേറ്റവും വലിയ ലൈംഗിക ആരോപണം നേരിടുന്ന യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐയും എസ്എഫ്ഐയുമാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.











