
ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുന്നത് ചെറുക്കുമെന്ന് അബിൻ വർക്കി
സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എം.പി പെന്തിക്കോസ്തു സഭയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി രംഗത്ത്. ജോൺ ബ്രിട്ടാസ് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗങ്ങളിലൊന്നായ പെന്തിക്കോസ്തു സഭ, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം യൂട്യൂബർ സംദിഷുമായി നടത്തിയ അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് എം.പി ഈ വിഭാഗത്തെ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് അബിൻ വർക്കി പ്രസ്താവിച്ചു.
പെന്തിക്കോസ്തു വിഭാഗങ്ങളുടെ പ്രാർത്ഥന രീതികൾ അനാവശ്യവും അരോചകവുമാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ചതെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുവരുത്തിയ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് എം.പി നടത്തിയത്. "വിശ്വാസത്തിൽ താല്പര്യമില്ലെങ്കിലും പെന്തിക്കോസ്ത് വിഭാഗങ്ങളുടെ വോട്ടുകൾ നേടാൻ അവരുടെ പള്ളികൾ കയറിയിറങ്ങുന്ന സഖാക്കന്മാരെ വിശ്വാസികൾ തിരിച്ചറിയണം," അബിൻ വർക്കി അഭിപ്രായപ്പെട്ടു.
ഏതൊരു മതവിശ്വാസിയുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു കൊടുത്ത ഈ അവകാശങ്ങൾ കേന്ദ്രസർക്കാർ മാത്രമല്ല, കേരള സർക്കാരോ അവരുടെ പിണിയാളുകളായ എംപിമാരോ നിഷേധിക്കാൻ ശ്രമിച്ചാലും അത് ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ, എത്രയും വേഗം വിവാദപ്രസ്താവന പിൻവലിച്ച് ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ആവശ്യപ്പെട്ടു.











