
ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയതിന് പിന്നാലെ, തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്ന പതിനേഴുകാരിയെയും അവരുടെ കുടുംബത്തിലെ രണ്ടുപേരെയും യുവാവ് കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിലാണ് സംഭവം. 35കാരനായ രാജ് കുമാറാണ് കേസിലെ പ്രതി. കൃത്യത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ആദ്യം ഷബാദ് പ്രദേശത്തെ വീട്ടിലെത്തിയ രാജ് കുമാർ ഭാര്യ പാർവതി (30), നാലുവയസ്സുകാരനായ മകൻ, 18 മാസം പ്രായമായ കുഞ്ഞ് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെത്തിയ പ്രതി, തനിക്കെതിരെ പരാതി നൽകിയിരുന്ന 17കാരിയുടെ വീട്ടിൽ കയറി പെൺകുട്ടിയെയും അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തുകയായിരുന്നു.
ആറ് പേരുടെ കൊലപാതകത്തിന് പിന്നാലെ രാജ് കുമാർ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ച ശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വ്യാപക തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷം മേയ് 16നാണ് പതിനേഴുകാരി രാജ് കുമാറിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും പത്ത് ദിവസം മുൻപാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 2018-ൽ പ്രണയവിവാഹം കഴിച്ച രാജ് കുമാറിനും പാർവതിക്കും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.










