കർണാടകം: മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് ഹാസൻ സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയത്. ദേവഗൗഡയുടെ ജന്മനാടായ ഹൊളെനരസിപുർ സ്ഥിതിചെയ്യുന്ന ഹാസൻ ജില്ല ജെഡിഎസ്സിന്റെ ശക്തിദുർഗ്ഗമായിരുന്നു. ഏറെക്കാലം ദേവഗൗഡ പ്രതിനിധീകരിച്ചിരുന്ന ഹാസൻ ലോകസഭാമണ്ഡലം ഇക്കൊല്ലം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദേവഗൗഡയുടെ കൊച്ചുമകനിൽ നിന്ന് കോൺഗ്രസ്സ് പിടിച്ചെടുത്തിരുന്നു. ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട ജയിലിൽ കഴിയുകയാണ് ദേവഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ ഗൗഡ. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാമനഗറിലെ ചന്നപട്ടണയും കോൺഗ്രസ്സ് പിടിച്ചതോടെ ജെഡിഎസ്സിന്റെ സ്വാധീനമേഖലകൾ ഒന്നൊന്നായി തകരുന്ന കാഴ്ചയാണ് കാണുന്നത്. ദേവഗൗഡയ്ക്കും മകൻ കുമാരസ്വാമിയ്ക്കും മറുപടി നൽകാനാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഹാസനിൽ വൻ പൊതുയോഗം വിളിച്ചുചേർത്തത്. ദേവഗൗഡയുടെ മുൻ ശിഷ്യനാണ് സിദ്ധരാമയ്യ. ജെഡി എസ്സിൽ നിന്നാണ് അദ്ദേഹം കോൺഗ്രസ്സിലെത്തിയത്. "കോൺഗ്രസ്സ് ഗവണ്മെന്റിനെ വീഴ്ത്തുമെന്ന് താങ്കൾ വീമ്പു പറയുന്നു. 136 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന ഗവണ്മെന്റിനെ കേവലം 18 എം എൽഎമാർ മാത്രമുള്ള താങ്കളുടെ പാർട്ടിയ്ക്ക് വീഴ്ത്താനാവുമോ? വർഗീയ പാർട്ടിയുമായി കൈകോർത്ത താങ്കൾക്ക് എന്ത് രാഷ്ട്രീയ ധാർമ്മികതയാണുള്ളത്? രാഷ്ട്രീയത്തിൽ താങ്കളുടെ കാലം കഴിഞ്ഞെന്ന യാഥാർഥ്യം മനസ്സിലാക്കി വിശ്രമിക്കുക" ദേവഗൗഡയെ സിദ്ധരാമയ്യ ഉപദേശിച്ചു. " എന്നെ വളർത്തിയത് താങ്കളാണെന്ന് ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ. സ്വന്തം കുടുംബക്കാരെയല്ലാതെ മറ്റാരെയെങ്കിലും വളരാൻ താങ്കൾ സമ്മതിച്ചിട്ടുണ്ടോ? വർഗീയപാർട്ടിയുമായി സഖ്യമുണ്ടാക്കിയ താങ്കളുടെ പാർട്ടി സെക്കുലർ എന്നെ പദം ബ്രാക്കറ്റിലാക്കി നടക്കുന്നത് ധാർമ്മികതയാണോ? ഞാനും ആർ എൽ ജാലപ്പയും പിന്തുണച്ചില്ലായിരുന്നെങ്കിൽ 1994 ൽ താങ്കൾ മുഖ്യമന്ത്രി ആകുമായിരുന്നില്ല എന്നെ കാര്യം മറക്കരുത്" വൻ ജനാവലിയെ സാക്ഷിയാക്കി സിദ്ധരാമയ്യ ദേവഗൗഡയെ ഓർമിപ്പിച്ചു. ഹാസൻ ഉൾപ്പെടുന്ന വൊക്കലിഗ ബെൽറ്റിൽ കോൺഗ്രസിന്റെ കടന്നുകയറ്റം തുടരുകയാണ്. ജെഡിഎസ്സ് അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്നു. 93കാരനായ ദേവഗൗഡയ്ക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്നാണ് തെളിയുന്നത്.