
വിവാഹച്ചടങ്ങിനിടെ വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി എത്തിയതോടെ ചടങ്ങ് അലങ്കോലപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവാഹ വേദിയിലെത്തിയ 27-കാരിയായ യുവതി, വിവാഹിതനാകാൻ എത്തിയ 32-കാരൻ തന്റെ നിയമപരമായ ഭർത്താവാണെന്നും വിവാഹമോചനം പൂർത്തിയാകുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയാണെന്നും ആരോപിച്ചതോടെയാണ് ചടങ്ങ് തടസ്സപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പോലീസിൽ നൽകിയ പരാതിയിൽ, 2022-ലാണ് ഇരുവരും വിവാഹിതരായതെന്ന് യുവതി വ്യക്തമാക്കുന്നു. വിവാഹശേഷം കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും പരാതിയിൽ പറയുന്നു.
ഇതിനിടെ ഭർത്താവ് രഹസ്യമായി മറ്റൊരു വിവാഹം നടത്താൻ ഒരുങ്ങുകയാണെന്ന വിവരം അയൽവാസിയിൽ നിന്നാണ് ലഭിച്ചതെന്ന് യുവതി അറിയിച്ചു. തുടർന്ന് സഹോദരിക്കൊപ്പം വിവാഹവേദിയിലെത്തി വരനെയും കുടുംബാംഗങ്ങളെയും നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് വിവാഹച്ചടങ്ങ് താൽക്കാലികമായി തടസ്സപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വരനെയും ഇരു കുടുംബാംഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാത്രി വൈകിയും ഇരുകൂട്ടരുമായി ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, നിയമപരമായി വിവാഹമോചനം പൂർത്തിയാകാതെ വീണ്ടും വിവാഹം നടത്തുന്നതിന്റെ നിയമസാധുതയെക്കുറിച്ചും വ്യാപക ചർച്ചകൾ ഉയർന്നു. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.










