
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡ്ജിൽ കൂടെ താമസിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ. പുല്ലൂർ കൊടവലത്തെ കെ. ദേവനന്ദനാണ് വളപട്ടണം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് താമസിച്ചത്.
ലോഡ്ജിൽ ഒപ്പം താമസിച്ചതിന് പിന്നാലെ യുവാവ് വിവാഹവാഗ്ദാനത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. ഈ വിഷമത്തിന് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്.
സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ലോഡ്ജിൽനിന്ന് തിരികെ വീട്ടിലെത്തിയ പെൺകുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോൾ തയ്യാറല്ലെന്ന് യുവാവ് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചത്. പെൺകുട്ടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്.











