12:31am 07 November 2026
NEWS
മുസ്ലിംലീഗിലും യുവതികളും, പുതുമുഖങ്ങളും
29/03/2026  09:49 AM IST
നെല്ലിക്കുത്ത് ഹനീഫ
മുസ്ലിംലീഗിലും യുവതികളും, പുതുമുഖങ്ങളും

സി.പി.എം സ്ഥാനാർത്ഥികൾക്ക് തൊട്ട് പിറകെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്ന മുസ്ലിംലീഗ്, കോൺഗ്രസ്സ്, എൻ.ഡി.എ സ്ഥാനാർഥികളും കൂടി അരങ്ങത്ത് വന്നതോടെ മലപ്പുറത്ത് തെരഞ്ഞെടുപ്പുചൂട് മീനച്ചൂടിനേയും പിറകിലാക്കുന്ന തരത്തിൽ കത്തിമുന്നേറുകയാണ്. മലപ്പുറത്തെ 16 സീറ്റുകളിൽ എല്ലായിടത്തും എൻ.ഡി.എ മത്സരിക്കുന്നുണ്ട്. ബി.ജെ.പി 12 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബി.ഡി.ജെ.എസ് മത്സരിക്കുന്ന മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. എസ്.ഡി.പി.ഐ എട്ട് മണ്ഡലങ്ങളിലും മത്സരിയ്ക്കുന്നുണ്ട്. മങ്കട, പൊന്നാനി, മലപ്പുറം, ഏറനാട്, തവനൂർ, കൊണ്ടോട്ടി, കോട്ടക്കൽ, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് എസ്.ഡി.പി.ഐ മത്സരിയ്ക്കുന്നത്. ഇതിൽ വള്ളിക്കുന്ന് മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയായി പ്രമുഖ എഴുത്തുകാരനും, മുൻ കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.കെ.എൻ. കുറുപ്പ് മത്സരിക്കുന്നു. മുന്നണികളിൽ ഉൾപ്പെട്ട കക്ഷികളുടേയും, അല്ലാത്തവരുടേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഊഷരസമയമാണിത്.  വോട്ടർമാരെ നേരിൽ കണ്ടും, വീടുകൾ കേറിയിറങ്ങിയും  സ്ഥാനാർഥികൾ വോട്ടുകൾ ഉറപ്പിക്കാൻ തുടങ്ങി. കണക്കുകൂട്ടലുകളുടേയും, വോട്ട് ഗണിതങ്ങളുടേയും തിരക്കാണ് ജില്ലയിലെങ്ങും. 

പലതരത്തിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ പ്രചരിച്ച് കൊണ്ടിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചപ്പോൾ, യൂത്ത്‌ലീഗ് ദേശീയ ഭാരവാഹികൾ ഉൾപ്പെടെ നാല് സീറ്റിൽ യുവത്വം ഇടം പിടിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയായും, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജനുമായി രണ്ട് വനിതകൾക്ക് ഇതാദ്യമായി സീറ്റ് നൽകി എന്നതും ഇപ്രാവശ്യത്തെ പ്രധാന സവിശേഷതയാണ്. മുൻ മന്ത്രി എം.കെ മുനീർ എം.എൽ.എ യ്ക്ക് എവിടെയും സീറ്റ് നൽകിയില്ല എന്നതാണ് മറ്റൊരു സവിശേഷത. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും, നിലവിൽ  വള്ളിക്കുന്ന് എം.എൽ.എ യുമായ പി അബ്ദുൽഹമീദ് എന്നിവരും പട്ടികയിലില്ല. സിറ്റിംഗ് എം.എൽ.എ മാരിൽ എം.കെ മുനീർ, പി അബ്ദുൽഹമീദ് എന്നിവർക്ക് പുറമെ യു.എ ലത്തീഫ്, കെ.പി.എ. മജീദ്, പി. ഉബൈദുള്ള എന്നിവരും ലിസ്റ്റിൽ നിന്ന് പുറത്തായി. പി.കെ കുഞ്ഞാലിക്കൂട്ടി വേങ്ങര മണ്ഡലത്തിൽ നിന്ന് മലപ്പുറം മണ്ഡലത്തിലേക്ക് മാറി, വേങ്ങര സീറ്റ് കെ.എം ഷാജിക്ക് നൽകി. 

സ്ഥാനാർത്ഥികളും പുതുമുഖങ്ങളും

 മഞ്ചേശ്വരം-എ.കെ.എം അഷ്‌റഫ്, കാസർകോട്-കല്ലട്ര മായിൻ ഹാജി, അഴീക്കോട്-കരീം ചേലേരി, കുത്തുപറമ്പ്-ജയന്തി രാജൻ, കുറ്റാടി -പാറക്കൽ അബ്ദുല്ല, പേരാമ്പ്ര-ഫാത്തിമ തഹ്ലിയ, തിരുവമ്പാടി-സി.കെ കാസിം, കൊടുവള്ളി-പി.കെ ഫിറോസ്, കുന്ദമംഗലം-എം.എ റസാക്ക്, കോഴിക്കോട് സൗത്ത്-അഡ്വ. ഫൈസൽ ബാബു, വള്ളിക്കുന്ന്-ടി.വി ഇബ്രാഹിം, കൊണ്ടോട്ടി-ടി.പി. അഷ്‌റഫലി, മഞ്ചേരി-അഡ്വ. റഹ്മത്തുള്ള, ഏറനാട്- പി.കെ ബഷീർ, മലപ്പുറം-പി.കെ  കുഞ്ഞാലിക്കുട്ടി, മങ്കട-മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, വേങ്ങര-കെ.എം ഷാജി, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ-കുറുക്കോളി മൊയ്തീൻ, താനൂർ- പി.കെ നവാസ്, തിരൂരങ്ങാടി- പി.എം.എ സമീർ, മണ്ണാർക്കാട്-എൻ. ഷംസുദ്ദീൻ, ഗുരുവായൂർ-സി.എച്ച്  റഷീദ്, കളമശ്ശേരി-അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ. ഇതിൽ ഏഴ് പേർ സിറ്റിംഗ് എം.എൽ.എമാരാണ്. ഒരാൾ മുൻ എം.എൽ.എയുമാണ്. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി  ഇബ്രാഹിം എന്നിവരാണ് സിറ്റിംഗ് എം.എൽ.എ മാർ. കെ.എം ഷാജി മുൻ എം.എൽ.എ യും. പി.എം.എ. സമീർ, ടി.പി അഷ്‌റഫലി, പി.കെ നവാസ്, അഡ്വ. എം.റഹ്മത്തുള്ള എന്നിവർ പുതുമുഖങ്ങളുമാണ്.  

പഴമക്കാരും പുതുമക്കാരും

1991-96, 2001-06, 2011-16 കാലങ്ങളിൽ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിൽ നിന്ന് കളം മാറിയാണ് മലപ്പുറം മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത് പ്രതിപാദ്യ വിഷയമാക്കി സോഷ്യൽ മീഡിയാകളിൽ ട്രോളുകളും നിറഞ്ഞിട്ടുണ്ട്. പാണക്കാട് മുതൽ മലപ്പുറം കുന്നുമ്മൽ വരെ കുഞ്ഞാലിക്കുട്ടി റോഡ്‌ഷോ നടത്തിയിരുന്നു. 2011-ലും, 2016-ലും പെരിന്തൽമണ്ണയിൽ നിന്ന് നിയമ സഭയിലെത്തിയ മഞ്ഞളാംകുഴി അലി, അഞ്ചാം മന്ത്രി വിവാദത്തിൽ കൂടുതൽ ശ്രദ്ധേയനായി. ഇപ്പോൾ മങ്കടയിൽ സിറ്റിംഗ് എം.എൽ.എ യുമാണ്. 2011-ൽ നഗരകാര്യ വികസന മന്ത്രിയായിരുന്നു. മലപ്പുറം-രാമപുരത്തെ ജെംസ് ആർട്‌സ് ആന്റ് സയൻസ് കോളേജ് സ്ഥാപകനും, ചെയർമാനുമാണ്. കന്നിയങ്കക്കാരനായ അഡ്വ. റഹ്മത്തുള്ള എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം, സംസ്ഥാന അച്ചടക്ക സമിതിയംഗം, സംസ്ഥാന മിനിമം വേജസ് ഉപദേശക ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.  കൊണ്ടോട്ടി മണ്ഡലത്തിൽ മത്സരിക്കുന്ന ടി.പി അഷ്‌റഫലി മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ്. ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് സർവ്വ കലാശാലയിൽ ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം ചെയ്ത് വരികയാണ്. എം.എസ്.എഫ് എടക്കര മുസ്ലിയാരങ്ങാടി യൂണിറ്റ് ജനറൽ സെക്രട്ടറി ആയിട്ടാണ് രാഷ്ട്രീയ തുടക്കം. താനൂരിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായ പി.കെ നവാസ് കന്നിയങ്കത്തിലാണ്. എം.എസ്.എഫ് വള്ളിക്കുന്ന് ചേർന്നൂർ യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ തുടക്കം. നിയമപഠന വിദ്യാർത്ഥിയാണ്.  തിരൂരങ്ങാടി മണ്ഡലത്തിൽ മത്സരിയ്ക്കുന്ന പി.എം.എ സമീറിനും ക ന്നിയങ്കമാണ്. മുസ്ലിംലീഗ് ജില്ല സെക്രട്ടറിയാണ്. വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. നിലവിൽ 'ചന്ദ്രിക' ഫിനാൻസ് ഡയരക്ടറാണ്.  

പെരിന്തൽമണ്ണയിൽ സിറ്റിങ് എം.എൽ.എ നജീബ് കാന്തപുരത്തിന് ഇത് രണ്ടാമൂഴമാണ്. പെരിന്തൽമണ്ണ കേന്ദ്രമായ മുദ്ര എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് ചെയർമാൻ എന്നീ പദവികൾ വഹിച്ച് വരുന്നു. കൊണ്ടോട്ടിയിൽ നിന്ന് 2016-ലും, 2021-ലും നിയമസഭയിലെത്തിയ ടി.വി  ഇബ്രാഹിം, ഇത്തവണ വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചരിത്രാധ്യാപകനാണ്. തിരൂർ സിറ്റിംഗ് എം.എൽ.എ യായ കുറുക്കോളി മൊയ്തീന് ഇപ്പോഴത്തെ മത്സരം രണ്ടാം ഊഴമാണ്. സ്വതന്ത്ര കർഷകസംഘം സംസ്ഥാന അധ്യക്ഷൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടക്കൽ മണ്ഡലത്തിൽ മൂന്നാം അങ്കമാണ് സിറ്റിംഗ് എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾക്ക്. ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മേധാവിയായിരുന്നു. നിയമസഭ ലൈബ്രറി ഉപദേശക സമിതിയംഗം, പാർലമെന്ററി പഠന പരിശീലന കേന്ദ്രം ഗവേർണിങ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വേങ്ങര മണ്ഡത്തിൽ മത്സരിക്കുന്ന കെ.എം ഷാജി 2011-ലും, 2016-ലും എം.എൽ.എ യായിരുന്നു. കഴിഞ്ഞ തവണ അഴീക്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടു. ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 

എതിർസ്വരവും ശക്തം

കുഞ്ഞാലിക്കുട്ടിയുടേയും, പാണക്കാടിലെ ചില തങ്ങൾമാരുടേയും വലംകൈ ആയി വർത്തിക്കുന്ന കൊണ്ടോട്ടി-വാഴയൂർ സ്വദേശിയും, ചാർട്ടേഡ് അക്കൗണ്ടന്റുമായ തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.എം.എ സമീറിന് സീറ്റ് നൽകിയ കാരണത്താൽ, പാണക്കാട് സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും എതിരെ മുസ്ലിംലീഗ് മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി പരസ്യമായി രംഗത്ത് വന്നത് മലപ്പുറത്ത് പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടെങ്കിലും, പിന്നീടത് ആവിയായി. തിരൂരങ്ങാടി മണ്ഡലത്തിലേക്ക് സമീറിനെ സാദിക്കലി തങ്ങൾ പ്രഖ്യാപിച്ചതോടെയാണ് വിവാദമുണ്ടായത്. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സമീറിന്  സീറ്റ് കൊടുത്തതിനെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി സോഷ്യൽ മീഡിയായിലൂടെ അതിശക്തമായി പ്രതിഷേധിച്ചത് വിവാദമായി. ഒരു കമ്മിറ്റിയിലും പേരുപോലും നിർദ്ദേശിക്കപ്പെടാത്ത സമീർ എങ്ങനെ സ്ഥാനാർത്ഥിയായി എന്ന ചോദ്യം അബ്ദുറഹ്മാൻ രണ്ടത്താണി സോഷ്യൽ മീഡിയായിലൂടെ പരസ്യമായി തുറന്നടിച്ചു. അർഹതപ്പെട്ടവർ ഉണ്ടായിട്ടും, അവരെയെല്ലാം അവഗണിച്ച് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. നിഷ്‌കളങ്കരായ തങ്ങന്മാരെ, സ്വാർത്ഥ താത്പ്പര്യത്തിനായി ചിലർ കരുവാക്കി മാറ്റുകയാണ്. പ്രതിഫലം പറ്റാതെ പാർട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ ഇതിനെല്ലാമെതിരെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സമീറിനെതിരെ തിരൂരങ്ങാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായി അബ്ദുറഹ്മാൻ രണ്ടത്താണിയെ മത്സരിപ്പിക്കാൻ സി.പി.എം നേതൃത്വം ശ്രമം ആരംഭിച്ചിരുന്നു. പക്ഷേ അത് പിന്നീട് പാളി. 'ചന്ദ്രിക'യിൽ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാണക്കാട് ഹൈദരാലി തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകി ചോദ്യം ചെയ്യുകയും, അദ്ദേഹത്തെ അഴിമതിയുടെ കറയിലേക്ക് തള്ളിവിട്ട മാനസിക പ്രായാസത്താൽ അദ്ദേഹം കിടപ്പിലാവുകയും, കടുത്ത മാനസിക സമ്മർദ്ദത്തോടെ അദ്ദേഹം മരണപ്പെടുകയുമായിരുന്നുവെന്ന് പാണക്കാട് കുടുംബാംഗങ്ങൾ തന്നെ നേരത്തെ ആരോപിച്ചിരുന്നു.

മങ്കട നിയോജക മണ്ഡലത്തിൽ നിലവിലെ എം.എൽ.എ മഞ്ഞളാംകുഴി അലിയെ സ്ഥാനാർത്ഥിയാക്കിയതിൽ മണ്ഡലം മുസ്ലിംലീഗിൽ കടുത്ത എതിർപ്പ് നീറിപ്പുകയുന്നുണ്ട്. അലിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വയ്ക്കുകയും കമ്മറ്റിയിൽ രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തതിനെ തുടർന്ന് മുസ്ലിംലീഗ് മങ്കട മണ്ഡലം പ്രസിഡണ്ട് കുന്നത്ത് മുഹമ്മദിനെ തൽസ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. ഇദ്ദേഹത്തെ മങ്കടയിൽ മഞ്ഞളാംകുഴി അലിക്കെതിരെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ഇടതുപക്ഷം കരുക്കൾ നീക്കുന്നതായി ശ്രുതിയുണ്ടായിരുന്നു. എം.എസ്.എഫ് നേതാവ് നവാസ്, തന്നെ  പീഡിപ്പിച്ചതായി ഫാത്തിമ തഹ്ലിയ ഉൾപ്പെടുന്ന 'ഹരിത നേതാക്കൾ' നേരത്തെ മുസ്ലിംലീഗ് നേതൃത്വത്തിനും, പിന്നീട് പോലീസിലും പരാതി നൽകിയിരുന്നു. തന്റെ കയ്യിലുള്ള വീഡിയോ പുറത്ത് വിട്ടാൽ തഹ്‌ലിയ ഉൾപ്പെടുന്ന ഹരിത നേതാക്കൾ  ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് നവാസ് തിരിച്ചടിച്ചതും വൻ വിവാദമായിരുന്നു. 'കേരളശബ്ദ'വും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആരോപണം ഉയർത്തിയ വ്യക്തിയും, ആരോപണ വിധേയനും ഇന്നിപ്പോൾ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെട്ടത് രണ്ടാം നിര നേതാക്കളിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഫാത്തിമാ തഹലിയായേയും, ജയന്തി രാജനേയും സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിനാ റഷീദും രംഗത്ത് വന്നിട്ടുണ്ട്. ലീഗിന്റെ വനിത സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഇറങ്ങണോ, വേണ്ടയോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. സ്ഥാനാർത്ഥിപ്പട്ടികയിൽ പരിഗണിക്കാത്ത കാരണത്താൽ കോഴിക്കോടിലെ മുസ്ലിംലീഗ് നേതാവ് ഷാഫി ചാലിയവും കടുത്ത അതൃപ്തിയിലാണ്. വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു ഷാഫി ചാലിയത്തിന്റെ കണ്ണ്. സ്വതന്ത്ര സ്ഥാനാർഥിയായാൽ പിന്തുണയ്ക്കാമെന്ന് എൽ.ഡി.എഫ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തതാണ്. അതു നടന്നില്ല.

 പുനലൂർ തർക്കം

 പുനലൂരും, ചടയമംഗലവും വെച്ച് മാറുന്നത് സംബന്ധിച്ച് കോൺഗ്രസ്സ്- മുസ്ലിംലീഗ് ചർച്ച നടക്കുന്നതിനാൽ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും, ഒഴിച്ചിട്ട പുനലൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർഥിയായി ജില്ല പ്രസിഡണ്ട് നൗഷാദ് യൂനുസിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെ, കോൺഗ്രസ്സ് സ്ഥാനാർഥിയായി ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസ്സ് നേതൃത്വവും പ്രഖ്യാപിച്ചു. പുനലൂർ, അഞ്ചൽ ബ്ലോക്ക് കമ്മിറ്റി സംയുക്ത യോഗത്തിൽ മണ്ഡലത്തിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ യോഗം ചേർന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പുനലൂർ മണ്ഡലം യു.ഡി.എഫ് ചെയർമാനും, നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമാണ് നെൽസൺ. പുനലൂർ സീറ്റ് കോൺഗ്രസ്സിന് നൽകുന്നതിൽ ഉറപ്പ് ഉണ്ടാകാത്തതും, മണ്ഡലം ഏത് കക്ഷിക്കാണെന്ന് ഉറപ്പിക്കാത്തതുമാണ് കോൺഗ്രസ്സിനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നു. മുസ്ലിംലീഗ് പുനലൂർ വേണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് കെ.പി.സി.സി മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി ചൂണ്ടിക്കാട്ടി.

പ്രവാസികൾ

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന ഏർപ്പാടുണ്ടായിരുന്നു. കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളാണ് ഇതിന് ചുക്കാൻ പിടിച്ചിരുന്നത്. ഇത്തവണ പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രവാസി വോട്ടർമാർ എത്തുമോ എന്ന കാര്യത്തിൽ മുന്നണികളിൽ കടുത്ത ആശങ്കയുണ്ട്. യു.ഡി.എഫ് ക്യാമ്പിലാണ് ആശങ്ക കൂടുതൽ. നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായതോടെ പല സ്ഥാനാർത്ഥികളും നിരാശയിലാണ്. എസ്.ഐ.ആറിന് ശേഷം ഫെബ്രുവരി 21-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് കേരളത്തിൽ ആകെയുള്ള 2,69,53,644 വോട്ടർമാരിൽ 2,23,558 പേർ പ്രവാസി വോട്ടർമാരാണ്. ഇതിൽ ഏറിയ പങ്കും മലബാർ മേഖലയിലാണ്. അന്തിമ പട്ടിക അനുസരിച്ച് മലപ്പുറം ജില്ലയിൽ 39,501 പ്രവാസി വോട്ടർമാരാണുള്ളത്. പട്ടിക പുറത്ത് വിട്ട ശേഷവും വോട്ട് ചേർക്കൽ തുടരുന്നതിനാൽ പ്രവാസി വോട്ടർമാരുടെ എണ്ണം ഇനിയും വർദ്ധിക്കും. 2.25 ലക്ഷമെത്തുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഫ്‌ളൈറ്റ്ടിക്കറ്റ് ബുക്ക് ചെയ്ത് വോട്ടെടുപ്പിന് നാട്ടിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ച് തിരിച്ച് പോവുന്ന പതിവായിരുന്നു മലബാറിലെ ഏറിയ പ്രവാസികളിലും.  ഇത്തവണ ഈദുൽ ഫിതർ, വിഷു, മധ്യവേനലവധി, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ഒരുക്കം നടത്തിയവർ ഏറെയാണ്. എന്നാൽ, യുദ്ധം കാരണമുണ്ടായ പ്രതിസന്ധി എല്ലാം താളം തെറ്റിച്ചു. വിമാനങ്ങൾ ഇല്ലാത്തതും, ഉള്ളവയിൽ വർദ്ധിച്ച ടിക്കറ്റ് നിരക്കും കാരണം പ്രവാസികൾ എത്തില്ല എന്ന ആശങ്കയിലാണ് മുന്നണികൾ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img