01:02pm 25 August 2026
NEWS
ഭർത്താവിനെ ഉപേക്ഷിച്ച് പുനർവിവാഹം; യുവതിയെ അർദ്ധനഗ്നയാക്കി ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു; 3 പേർ അറസ്റ്റിൽ
04/07/2026  11:01 AM IST
NILA
ഭർത്താവിനെ ഉപേക്ഷിച്ച് പുനർവിവാഹം; യുവതിയെ അർദ്ധനഗ്നയാക്കി ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു, 3 പേർ അറസ്റ്റിൽ

 

മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ജൂൺ 30-ന് ഉജ്ജൈനിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള അർനിയ വേഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസമാക്കിയ യുവതിയെ യുവാവിന്റെ ബന്ധുക്കളും ചില ഗ്രാമവാസികളും ചേർന്നാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിക്കുകയും കഴുത്തിൽ ചെരുപ്പുമാല അണിയിക്കുകയും തുടർന്ന് ഗ്രാമത്തിലൂടെ നടത്തിക്കുകയും മർദിക്കുകയും ചെയ്യുന്നത് കാണാം. നിരവധി പേർ ചേർന്നാണ് യുവതിയെ കൈയേറ്റം ചെയ്തതെന്നാണ് ആരോപണം.

യുവതി 12 വർഷം മുമ്പാണ് ആദ്യ വിവാഹം കഴിച്ചത്. പിന്നീട് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിലെ യുവാവിനൊപ്പം താമസം ആരംഭിച്ചു. തുടർന്ന് യുവാവിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും, ജയിൽ മോചിതനായ ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ചു. ഇതാണ് യുവാവിന്റെ കുടുംബത്തിലും പ്രദേശവാസികളിലും തർക്കത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

11 പേർക്കെതിരെ കേസ്

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതിൽ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img