
ഭർത്താവ് എസി വാങ്ങിനൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് എസി വാങ്ങി നൽകണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും എസി വാങ്ങാൻ ആകാശ് തയ്യാറായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. രണ്ടുവർഷം മുൻപാണ് ആകാശും മോണിക്കയും വിവാഹിതരായത്. സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി കടുത്ത ചൂടിനെ തുടർന്ന് ആകാശും മാതാപിതാക്കളും അനിയനും വീടിന്റെ ടെറസിലാണ് കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ മോണിക്കയെ കാണുകയായിരുന്നു എന്ന് ആകാശ് പറഞ്ഞു. തുടർന്ന് പൊലീസിൽ അറിയിച്ചു.
പ്രണയവിവാഹമായതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി സഹകരിച്ചിരുന്നില്ല എന്നാണ് വിവരം. സ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.










