
മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെൽത്തങ്ങാടി ഒടിലനൽ സ്വദേശിയായ ചേതനെയാണ് വിഷം കഴിച്ചതായി പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബണ്ട്വാൾ ഉളിഗ്രാമിലെ ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21)യാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ നഴ്സിങ് ഹോമിൽ ജീവനക്കാരിയായിരുന്ന ലാവണ്യയുടെ പിന്നാലെ ഏറെ നാളായി ചേതൻ പ്രണയാഭ്യർഥനയുമായി എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യുവതി അത് നിരന്തരം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ ചേതൻ ബാഗിൽ ഒളിപ്പിച്ചിരുന്ന കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി പിന്തുടർന്ന് വെട്ടിവീഴ്ത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ആക്രമണത്തിന് ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ ലാവണ്യയെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










