12:01am 12 November 2026
NEWS
ഇന്ത്യ ജപ്പാൻ ശാസ്ത്രീയ സഹകരണ രംഗം ശക്തിപ്പെടുത്തി യുവശാസ്ത്രജ്ഞർ
22/11/2025  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ ജപ്പാൻ ശാസ്ത്രീയ സഹകരണ രംഗം ശക്തിപ്പെടുത്തി യുവശാസ്ത്രജ്ഞർ
HIGHLIGHTS

ജപ്പാനിലെ ഷിമാനെ സർവകലാശാല പ്രസിഡന്റ് ഹിരോഷി ഒതാനിയോടൊപ്പം ഷിമാനെ സർവകലാശാല എർത്ത് സയൻസ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിൽപ എ.എസ് ഉം കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രതീഷ് കുമാറും സംഘവും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രതീഷ് കുമാർ ആർ.ടി, ജപ്പാനിലെ ഷിമാനെ സർവകലാശാല എർത്ത് സയൻസ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിൽപ എ.എസ്., എന്നിവർ സംയുക്തമായി ജപ്പാൻ സയൻസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ (JST) സകൂറ സയൻസ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് കരസ്ഥമാക്കി.

ഭൂശാസ്ത്രത്തിലും സമുദ്രശാസ്ത്രത്തിലും വിദ്യാർത്ഥികൾക്ക് അന്തർദേശീയ പഠനവും ഗവേഷണ വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ നേട്ടം പ്രധാന ഘട്ടമാകുന്നു. പ്രത്യേകിച്ച് ജപ്പാനിലെ കടലുമായി ബന്ധപ്പെട്ട അഗ്നിപർവത ഘടനകളുടെയും അവയുടെ വികാസ ചരിത്രത്തിന്റെയും പഠനത്തിൽ അന്തർവിഷയ സഹകരണത്തെ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.

ഡോ. രതീഷ് കുമാർ നയിച്ച കുസാറ്റിലെ രണ്ടാം വർഷ എം.എസ്.സി മറൈൻ ജിയോളജി, ജിയോഫിസിക്സ് വിദ്യാർത്ഥികളായ ആറംഗ സംഘം ജപ്പാനിലെ ഷിമാനെ സർവകലാശാല സന്ദർശിച്ചു. കുസാറ്റ് വിദ്യാർത്ഥികളായ അനഖ എസ്., വീണ ജി. പ്രകാശ്, ഫ്ലോജെൻ ബേസിൽ (മറൈൻ ജിയോളജി), സഫ്ന പി., സാൻട്ര വർഗീസ്, അലൻ അഗസ്റ്റിൻ (മറൈൻ ജിയോഫിസിക്സ്) എന്നിവരാണ് പങ്കെടുത്തത്. അക്കാദമിക് ശില്പശാലകൾ, ലാബ് പ്രദർശനങ്ങൾ, ജിയോളജിക്കൽ ഫീൽഡ് സ്റ്റഡികൾ, ജപ്പാനീസ് ഗവേഷകരുമായുള്ള സംവാദങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുത്തു.

ഷിമാനെ സർവകലാശാലാ പ്രസിഡന്റായ പ്രൊഫസർ ഹിരോഷി ഒതാനിയുമായി നടന്ന ചർച്ചയിൽ, രണ്ടുസർവകലാശാലകളുടെയും അക്കാദമിക് ബന്ധം കൂടുതൽ ശക്തമാക്കാനും സംയുക്ത പി.എച്ച്.ഡി. പ്രോഗ്രാം ആരംഭിക്കാനുള്ള സാധ്യതകളെയും കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു.

സംഘം ജപ്പാൻ കടലിന്റെ തീരദേശപ്രദേശങ്ങളായ കാത്സുറാജിമയും ഡികോൺജിമയുമെല്ലാം ഉൾപ്പെടുന്ന ദ്വീപുകളിലെ അഗ്നിപർവത പാറകളായ റൈയോളൈറ്റ്, ഡേസൈറ്റ്, ആൻഡസൈറ്റ്, ബസാൾട്ട് തുടങ്ങിയവ പരിശോധിച്ചു. ജപ്പാൻ കടലിന്റെ ടെക്ടോണോ-മാഗ്മാറ്റിക് ചരിത്രം മനസ്സിലാക്കുന്നതിന് ഇതിലൂടെ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു.അക്കാദമിക് സെഷന്റെ ഭാഗമായി ഡോ. രതീഷ് കുമാർ “ക്രോസിംഗ് സ്കെയിൽസ് ഇൻ ജിയോസയൻസ്: ഫ്രം പ്ലാനറ്ററി ഇന്റീരിയേഴ്സ് ടു ആർകിയോളജിക്കൽ ഹെറിറ്റേജ്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഭൂമിയുടെ ആന്തരിക ഘടനകളിൽ നിന്ന് പുരാവസ്തു പൈതൃക പഠനങ്ങളിലേക്കുള്ള വിവിധ ശാസ്ത്രീയ അളവുകളിൽ നടത്തുന്ന തന്റെ ബഹുവിഷയ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട അനുഭവങ്ങളും അവലോകനങ്ങളും അദ്ദേഹം പങ്കുവെച്ചു. വിദ്യാർത്ഥികൾക്ക് ഷിമാനെ സർവകലാശാലയിലെ അധ്യാപക-ഗവേഷക സമൂഹത്തിന് മുന്നിൽ ഗവേഷണ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. മികച്ച പ്രകടനത്തിനായി അനഖ എസ്. മികച്ച ആക്ടിവിറ്റി/പർഫോർമർ ഫ്ലോജെൻബേസിൽ മികച്ച ഗവേഷണ അവതരണം അവാർഡുകൾ കരസ്ഥമാക്കി.

സംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, സംഘം ജപ്പാനിലെ പ്രശസ്ത പൈതൃക സ്മാരകങ്ങൾ സന്ദർശിച്ചു. അവയിൽ പ്രധാനമായത് മാത്സു പാലസ്—ജപ്പാന്റെ സമുറായ് കാലഘട്ടത്തിൻറെ പൈതൃകവും ആർക്കിടെക്ചറൽ വൈഭവവും പ്രതിനിധീകരിക്കുന്ന അപൂർവ്വ കൊട്ടാരം. കൂടാതെ, ഇനാസ നോ ഹാമ ബീച്ചിലെ ബെൻതെൻജിമ ക്ളിഫ് ദേവാലയം, ഇസുമോ ഗ്രാൻഡ് ദേവാലയം പോലുള്ള ജപ്പാനിലെ പ്രധാനപ്പെട്ട ഷിൻഡോ മതദേവാലയങ്ങളും സന്ദർശിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img