
ലഖ്നൗ: അമ്മാവനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. ഭാട്ടിപുര ചന്ദു ഗ്രാമവാസിയായ ബൽറാമിനെ(30)യാണ് കൊലപ്പെടുത്തിയത്. സീതാപൂർ സ്വദേശിയായ ആദേഷ് (22) ആണ് തന്റെ അമ്മാവനായ ബൽറാമിനെ കഴുത്തറുത്ത് കൊന്നത്. അമ്മായിയുമായി അവിഹിതബന്ധം തുടരാൻ അമ്മാവൻ തയസ്സമായതിനാലാണ് യുവാവ് കടുംകൈ ചെയ്തത്.
ആദേഷും ബൽറാമിന്റെ ഭാര്യയും പ്രണയത്തിലായിരുന്നു. എന്നാൽ, തങ്ങളുടെ പ്രണയത്തിന് അമ്മാവൻ തടസ്സമെന്ന് കണ്ടതോടെയാണ് യുവാവ് കൊലനടത്തിയത്. ബുധനാഴ്ച്ച രാത്രിയിൽ ആദേഷ് തന്റെ രണ്ട് കൂട്ടാളികളോടൊപ്പം ഭാട്ടിപുര ചന്ദു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബൽറാമിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് കഴുത്തറുത്ത് കൊന്നത്. ബൽറാം സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായി ഷാജഹാൻപൂർ എസ്.പി. രാജേഷ് ദ്വിവേദി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ബൽറാമിന്റെ സഹോദരൻ വിവരം പൊലീസിനെ അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് എസ്.പി. പറഞ്ഞു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു ബൽറാമിന്റെ മൃതദേഹം. കൊലപാതകം നടക്കുന്ന സമയത്ത് ബൽറാമിന്റെ ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള ആൺകുട്ടിയും ഇതേ മുറിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കുറ്റകൃത്യത്തിൽ ബൽറാമിന്റെ ഭാര്യയ്ക്കുള്ള പങ്ക് അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ബൽറാമിന്റെ ഭാര്യ പൊലീസ് കസ്റ്റഡിയിലാണ്. ഒളിവിൽ പോയ ആദേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആദേഷും ബൽറാമിന്റെ ഭാര്യയും പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്.പി. പറഞ്ഞു.










