06:48am 12 November 2026
NEWS
പ്രണയബന്ധം അവസാനിപ്പിക്കാൻ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 19കാരിയടക്കം അഞ്ചുപേർ അറസ്റ്റിൽ
12/11/2026  06:35 AM IST
nila
പ്രണയബന്ധം അവസാനിപ്പിക്കാൻ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 19കാരിയടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: പ്രണയബന്ധത്തിൽനിന്ന് ആൺസുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളെ ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്ത 19കാരിയും സംഘവും പിടിയിൽ. കാമുകിയെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനാണ് ക്രൂരമർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുൾപ്പെടെ അഞ്ചുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടാമ്പി പനങ്ങാട് സ്വദേശിനിയായ സഫാനയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ നേരിട്ട് ഒഴിവാക്കുന്നതിനുപകരം സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. കാമുകിയെ കാണാനായി കഴിഞ്ഞ ദിവസം അർധരാത്രിയോടെ തിരൂരിലെത്തിയ യുവാവിനെ സഫാനയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതികൾ കാറിൽ കയറ്റി.

തുടർന്ന് വാഹനത്തിനുള്ളിൽവെച്ച് യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കൈക്കലാക്കിയ ശേഷം പുഴയോരത്തോട് ചേർന്നുള്ള പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയെയും കൂട്ടുപ്രതികളെയും പിടികൂടി.

തിരൂർ നോർത്ത് അന്നാറ സ്വദേശികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരിൽ ഇർഷാദും അസ്റുദീനും നേരത്തെ ലഹരിമരുന്ന് കേസിൽ പ്രതികളായി ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണ്.

അറസ്റ്റിലായ അഞ്ചുപേരെയും തിരൂർ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img