
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദാണ് (28) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 130 ഗ്രാം എംഡിഎംഎയാണ് ഇയാൾ വിഴുങ്ങിയത്. എംഡിഎംഎ പൊതി വിഴുങ്ങിയെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസ് ഇയാളെ ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ വയറ്റിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തി. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തിയത്. വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിലൂടെയേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.











