08:10am 09 November 2026
NEWS

എറണാകുളത്ത് വൻ ലഹരി വേട്ട; 94.032 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

30/07/2026  10:13 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 എറണാകുളത്ത് വൻ ലഹരി വേട്ട; 94.032 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: എറണാകുളത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ വൻ തോതിൽ എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവാവും യുവതിയും അറസ്റ്റിലായി. ആലപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫി (29), സുഹൃത്തായ സരിത എന്നിവരാണ് അറസ്റ്റിലായത്. 94.032 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തു. 

എറണാകുളം എക്സൈസ് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. എറണാകുളം സൗത്ത് മേഖലയിലെ ക്വീ ഹോട്ടൽ ഇൻ എന്ന ലോഡ്ജിലെ മുറിയിൽ നടത്തിയ പരിശോധനയിൽ നിന്ന് ആദ്യം 65.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫി എറണാകുളത്തെ വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നയാളാണെന്ന് എക്സൈസ് അറിയിച്ചു. ഇയാളെ ആഴ്ചകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

മുഹമ്മദ് ഷാഫിയും സരിതയും ചേർന്ന് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് എറണാകുളത്തും ആലപ്പുഴയിലും വിൽപ്പന നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർ അടുത്തിടെ ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവർ താമസിച്ചിരുന്ന മുറി കണ്ടെത്തി പരിശോധന നടത്തിയത്.

പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിലേക്ക് എംഡിഎംഎ വിൽക്കാനായി പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം രാത്രി 10.30ഓടെ സരിതയെ എറണാകുളത്ത് നിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ ഒരു വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയുമായി അവിടെ എത്തി നടത്തിയ പരിശോധനയിൽ നിന്ന് 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഇതോടെയാണ് ആകെ പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് 94.032 ഗ്രാമായി ഉയർന്നത്.

ഗ്രാമിന് 4,000 രൂപ നിരക്കിലാണ് പ്രതികൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഒരു മൊബൈൽ ഫോണും ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 17,770 രൂപയും പിടിച്ചെടുത്തു.

പ്രതികളിൽ നിന്ന് എംഡിഎംഎ വാങ്ങിയവരെയും എക്സൈസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർഥ്, എസ്. അമൽ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിൻസി, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) വിഷ്ണു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img