04:00am 07 November 2026
NEWS
ജയിൽ വളപ്പിലെ ഇളം പാദങ്ങൾ: ശിക്ഷിക്കപ്പെടാതെ ജയിലിൽ കഴിയുന്ന കുഞ്ഞുങ്ങൾ
16/07/2025  08:13 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
ജയിൽ വളപ്പിലെ ഇളം പാദങ്ങൾ: ശിക്ഷിക്കപ്പെടാതെ ജയിലിൽ കഴിയുന്ന കുഞ്ഞുങ്ങൾ

വിചാരണത്തടവുകാരായോ കുറ്റവാളികളായോ ജയിലിൽ കഴിയുന്ന അമ്മമാർക്കൊപ്പം ജയിലിൽ കഴിയുന്ന കുട്ടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2006 ഏപ്രിൽ 13-ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആർ ഡി ഉപാധ്യായ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി പറയവെയാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വരുന്ന കുട്ടികളെ കുറിച്ച് സുപ്രീം കോടതി ആശങ്ക പുറപ്പെടുവിച്ചത്. 
കുട്ടികൾ നിർബന്ധപൂർവ്വമാണ് ജയിൽവാസത്തിലേ ക്കെത്തുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. അമ്മാർക്കൊപ്പം കുട്ടികൾ ജയിലിൽ എത്തുന്നതിനുള്ള ചില കാരണങ്ങൾ കുട്ടിയുടെ ഇളം പ്രായമോ അമ്മയുടെ അഭാവത്തിൽ അവരെ പരിപാലിക്കാൻ മറ്റാരും ഇല്ലാത്ത അവസ്ഥയിലോ ആയിരിക്കാമെന്നും കോടതി വിലയിരുത്തുന്നുണ്ട്. എന്നാൽ ജയിൽ അന്തരീക്ഷം തീർച്ചയായും കുട്ടികളുടെ പുരോഗതിക്ക് അനുയോജ്യമല്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിക്കുന്നത്. 

ഇന്ത്യൻ ഭരണഘടനയും മൂന്ന്, നാല് ഭാഗങ്ങളിൽ കുട്ടികളുടെ പരിചരണം, ക്ഷേമം, പുരോഗതി എന്നിവയെ കുറിച്ച് പ്രത്യേകമായി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ ഏറ്റവും നല്ല താൽപ്പര്യത്തിനാണ് ഭരണഘടന പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. 
മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ആർട്ടിക്കിൾ 15 നിരോധിക്കുന്നുണ്ട്. 86-ാം ഭരണഘടന ഭേദഗതി പ്രകാരം ചേർത്ത ആർട്ടിക്കിൾ 21-എ ആറു മുതൽ പതിനാല് വയസ്സു വരെയുളള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളെ ഫാക്ടറിയിലോ ഖനിയിലോ ജോലി ചെയ്യിക്കുന്നതോ മറ്റ് അപകടകരമായ ജോലികളിൽ ഏർപ്പെടുത്തുന്നതോ ആർട്ടിക്കിൾ 24 നിരോധിച്ചിട്ടുണ്ട്. 

കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യത്തിന്റേയും അന്തസ്സിന്റേയും സാഹചര്യങ്ങളിൽ പുരോഗമിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നും ചൂഷണത്തിൽ നിന്നും ധാർമികവും ഭൗതികവുമായ ഉപേക്ഷിക്കലിൽ നിന്നും ബാല്യവും യുവത്വവും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. 

കേരളത്തിലെ ജയിലുകൾ പരിശോധിക്കാം

കേരളത്തിലെ സെൻട്രൽ ജയിലുകളിൽ ശിക്ഷ വിധിക്കാതെയും ശിക്ഷയാണെന്നറിയാതെയും കഴിയുന്ന കുട്ടികളുണ്ട്. തിരുവനന്തപുരത്ത് ഒന്നും തൃശൂരിൽ ആറും കുട്ടികളാണ് ഇത്തരത്തിൽ കഴിയുന്നത്. അമ്മമാർക്ക് കോടതി ശിക്ഷ വിധിച്ചപ്പോൾ അതിനൊപ്പം ശിക്ഷിക്കപ്പെടാതെ ഇളം പ്രായത്തിൽ തന്നെ ജയിലറകളിൽ കഴിയുന്നവരാണിവർ. 
ആറു വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇത്തരത്തിൽ കേരളത്തിലെ ജയിലുകളിലുള്ളത്. മാലമോഷണം, ചീറ്റിംഗ് തുടങ്ങിയ ശിക്ഷകളാണ് ഈ കുട്ടികളുടെ മാതാക്കൾക്ക് കോടതി വിധിച്ചിരിക്കുന്നത്. 2025 ജൂൺ-30 വരെയുള്ള കണക്കാണ് ഏഴ് എന്നത്. ഇതിൽ ഒരു കുട്ടിയെ ജയിലിൽ തന്നെയാണ് പ്രസവിച്ചത്. 

കേരളത്തിലെ ജയിലുകളുടെ കാര്യം രസാവഹമാണ്. മൂന്ന് സെൻട്രൽ ജയിലുകളിലും ഒരു തുറന്ന ജയിലിലും മറ്റ് സബ് ജയിലുകളിലുമായി ആകെ പാർപ്പിക്കാവുന്ന തടവു പുള്ളികളുടെ എണ്ണം എണ്ണായിരമാണ്. എന്നാലിപ്പോൾ അതിന്റെ ഒന്നര ഇരട്ടി, പന്ത്രണ്ടായിരം പേർ ജയിൽ കഴിയുന്നുണ്ട്. എണ്ണായിരത്തിനുള്ള സൗകര്യം പന്ത്രണ്ടായിരം പേർ ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന അവസ്ഥകൾ ചിന്തിക്കാവുന്നതാണല്ലോ. 
പൂജപ്പുരയിലെ വുമൺ ഓപ്പൺ പ്രിസൺ അട്ടക്കുളങ്ങര, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലെ വുമൺ പ്രിസൺ ആന്റ് കറക്ഷണൽ ഹോം എന്നിവിടങ്ങളിലാണ് വനിതാ തടവുകാരെ താമസിപ്പിക്കുന്നത്. ഇതു കൂടാതെ എറണാകുളം, ആലപ്പുഴ, കോട്ടയം, തൊടുപുഴ, മഞ്ചേരി എന്നിവിടങ്ങളിലെ സബ് ജയിൽ വനിതാ ബ്ലോക്കുകളിലും വനിതാ തടവുകാരുണ്ട്. കേരളത്തിലെ ആകെ പന്ത്രണ്ടായിരം തടവുകാരിൽ 300 പേർ മാത്രമാണ് വനിതകൾ. ആപേക്ഷികമായി നോക്കുമ്പോൾ എണ്ണം തുലോം കുറവാണ്. അമ്മമാരിൽ ചിലരോടൊപ്പമെങ്കിലും കുട്ടികളും ജയിലിൽ എത്തുന്നത് സ്വാഭാവികമായും സങ്കടകരമായ കാഴ്ചയാണ്. ശിക്ഷാ തടവുകാരും റിമാന്റ് പ്രതികളും ഉൾപ്പെടെയുള്ളവരാണ് വനിതാ തടവുകാർ.

കുട്ടികൾക്കുവേണ്ടിയുള്ള നിയമങ്ങൾക്ക് പഞ്ഞമില്ലാത്ത രാജ്യം

ഭരണഘടനാ വ്യവസ്ഥകൾക്ക് പുറമേ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിൽ നിരവധി നിയമങ്ങൾ വേറെയുമുണ്ട്. ഗാർഡിയൻസ് ആൻഡ് വാർഡ്‌സ് ആക്ട് 1890, ബാലവിവാഹ നിയന്ത്രണ നിയമം 1929, ഫാക്ടറി നിയമം 1948, ഹിന്ദു ദത്തെടുക്കൽ പരിപാലന നിയമം 1956, കുറ്റവാളികളുടെ പ്രൊബേഷൻ നിയമം 1958, അനാഥാലയങ്ങളും മറ്റ് ചാരിറ്റബിൾ ഹോമുകളും (മേൽനോട്ടവും നിയന്ത്രണവും) നിയമം 1960, ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം 1986, ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം 2000, പ്രസവപൂർവ രോഗനിർണയ സാങ്കേതിക വിദ്യകൾ (ദുരുപയോഗം നിയന്ത്രിക്കലും തടയലും) നിയമം 1994 തുടങ്ങിയവ അതിൽ ചിലതാണ്. 
1992-ൽ ഇന്ത്യ അംഗീകരിച്ച കുട്ടികളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള കൺവെൻഷന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനായി 1986-ലെ ബാലനീതി നിയമത്തിന് പകരമായി 2000-ലെ ബാലനീതി നിയമം നിലവിൽ വന്നു.

ഇവയ്ക്ക് പുറമേ, കുട്ടികൾക്കായുള്ള ദേശീയനയം 1974 ഓഗസ്റ്റ് 22-ന് അംഗീകരിച്ചു. ഈ നയം, മറ്റു കാര്യങ്ങൾക്കൊപ്പം ജനനത്തിനു മുമ്പും ശേഷവും വളർച്ചാ ഘട്ടങ്ങളിലും കുട്ടികൾക്ക് പൂർണ്ണമായ ശാരീരിക, മാനസിക, സാമൂഹിക വികസനത്തിനായി മതിയായ സേവനങ്ങൾ നൽകണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. സമഗ്രമായ ആരോഗ്യ പരിപാടി, അമ്മമാർക്കും കുട്ടികൾക്കും പൂരക പോഷകാഹാരം, വിദ്യാഭ്യാസത്തിന്റെയും വിനോദ പ്രവർത്തനങ്ങളുടെയും പ്രോത്സാഹനം, ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പ്രത്യേക പരിഗണന, കുട്ടികളുടെ ചൂഷണം തടയൽ എന്നിവ നിർദ്ദേശിച്ച നടപടികളിൽ ഉൾപ്പെടുന്നു.

കുട്ടികളുടെ അവകാശ ങ്ങളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനായി 1992- ഡിസംബറിൽ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള കൺവെൻഷനിൽ അംഗമായി. ആരോഗ്യകരവും സുഖകരവുമായ അന്തരീക്ഷത്തിൽ ഓരോ കുട്ടിക്കും അതിജീവനത്തിനും വികസനത്തിനും അവകാശം നൽകുക എന്നതാണ് കൺവെൻഷന്റെ ലക്ഷ്യം.
2002- മെയ് മാസത്തിൽ ന്യൂയോർക്കിൽ നടന്ന കുട്ടികൾക്കായുള്ള യു എൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ മാനവവിഭവശേഷി വികസന മന്ത്രിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ, എൻ ജി ഒകൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു. 1990-ൽ നടന്ന ലോക ഉച്ചകോടിയുടെ തുടർച്ചയായിരുന്നു ഇത്. കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനം ഉച്ചകോടി അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതി അംഗീകരിക്കുകയും ചെയ്തു.

അവകാശങ്ങളുണ്ട് എല്ലാ കുട്ടികൾക്കും

കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഇന്ത്യാ ഗവൺമെന്റ് വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നു. കൂടാതെ, ഒരു കുട്ടിയും വിശക്കുന്നവരോ നിരക്ഷരരോ രോഗിയോ ആയി തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ 2003-ലെ കുട്ടികൾക്കായുള്ള ദേശീയ ചാർട്ടർ അംഗീകരിച്ചു. പ്രസ്തുത ചാർട്ടർ പ്രകാരം, രാജ്യത്തിന്റേയും സിവിൽ സമൂഹത്തിന്റെയും കുടുംബങ്ങളുടെയും സംയുക്ത പ്രവർത്തനത്തിലൂടെയും കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലെ അവരുടെ ബാധ്യതയിലൂടെയും കുട്ടികളുടെ മികച്ച താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാർ ഉറപ്പുവരുത്തുന്നത്. സന്തോഷകരമായ ബാല്യകാലം ആസ്വദിക്കാനുള്ള അവകാശം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുക, കുട്ടികളുടെ ആരോഗ്യം, വളർച്ച, വികസനം എന്നിവയെ നിഷേധിക്കുന്ന മൂലകാരണങ്ങളെ പരിഹരിക്കുക, സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുക എന്നിവയിലൂടെ എല്ലാത്തരം ദുരുപയോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് വിശാലമായ സാമൂഹിക പശ്ചാത്തലത്തിൽ സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ ചാർട്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ കുട്ടികളുടെയും അതിജീവനം, ജീവിതം, സ്വാതന്ത്ര്യം, ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യവും പോഷകാഹാരവും പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന ആവശ്യങ്ങളും സുരക്ഷയും ഹനിക്കുക, കളിയും ഒഴിവുസമയവും, അതിജീവനത്തിനായുള്ള ആദ്യകാല ബാല്യകാല പരിചരണം, വളർച്ചയും വികാസവും, സാമ്പത്തിക ചൂഷണത്തിൽ നിന്നും എല്ലാത്തരം ദുരുപയോഗങ്ങളിൽ നിന്നും സംരക്ഷണം, ദുരിതത്തിലായ കുട്ടികളുടെ ക്ഷേമത്തിനായി സംരക്ഷണം, സർഗ്ഗാത്മകതയുടെ പ്രകടനം ഉൾപ്പെടെ അവരുടെ വ്യക്തിത്വത്തിന്റെ സമഗ്രമായ വികാസത്തിന് അവസരം നൽകുക എന്നിവയാണ് ദേശീയ ചാർട്ടർ ലക്ഷ്യമിടുന്നത്. 

പരിഗണനയില്ല അമ്മയ്ക്കും കുട്ടിക്കും

കുട്ടികളെ പ്രസവിക്കുന്ന സ്ത്രീ തടവുകാർക്ക് സൗകര്യങ്ങളിലോ പരിഗണനയിലോ മാറ്റങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടിലില്ല. എല്ലാ വനിതാ തടവുകാർക്കും ഒരേ ഭക്ഷണവും ഒരേ സൗകര്യങ്ങളുമാണ് നൽകിയത്. പ്രസവം കഴിഞ്ഞ മാതാക്കളാണെന്നോ കുഞ്ഞുമക്കളുണ്ടെന്നോ ഉള്ള പരിഗണന ലഭിച്ചതേയില്ല. മാത്രമല്ല ജയിലുകളിൽ കുട്ടികൾക്കായി പ്രത്യേകമായ മെഡിക്കൽ സൗകര്യങ്ങളും ലഭ്യമല്ലായിരുന്നു.
മാതാക്കളിൽ ചിലരൊഴികെ മിക്ക മാതൃതടവുകാരും ജയിലുകളിൽ കഴിയുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയവർ തന്നെയായിരുന്നു. തിരക്കേറിയ അന്തരീക്ഷം, ഉചിതമായ ഭക്ഷണത്തിന്റെയും പാർപ്പിടത്തിന്റെയും അഭാവം, എല്ലാറ്റിനുമുപരി, കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ, പ്രത്യേകിച്ച് പിതാവിന്റെ വാത്സല്യം നഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് വലിയ തടസ്സങ്ങളായി അമ്മമാർ പൊതുവെ കരുതിയെന്നത് പഠനത്തിലുണ്ട്.
കുട്ടികളുടെ ശരിയായ പരിപാലനത്തിന് അടിയന്തരമായും ആവശ്യമായ ആറ് മേഖലകൾ ഇത്തരം മാതൃതടവുകാർ മനസ്സിലാക്കിയിരുന്നു. അവ ഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ, താമസം, വിദ്യാഭ്യാസം, വിനോദം, പതിവ് കുറ്റവാളികളുമായി കുട്ടികൾക്ക് ബന്ധമില്ലാതിരിക്കൽ എന്നിവയായിരുന്നു അവ. 

ഈ കുട്ടികളെയോ അവരുടെ അമ്മമാരെയോ പരിപാലിക്കുന്നതിനുള്ള പ്രത്യേക ചുമതലകളൊന്നും ജയിൽ ഓഫിസ് വിഭജിച്ചു നൽകുകയോ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ജയിൽ ജീവനക്കാർക്ക് തങ്ങളുടെ ഭരണപരമായ ജോലികൾ, അച്ചടക്ക പരിപാലനം, സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങൾ തുടങ്ങി ദൈനംദിനമായ നിരവധി കടമകൾക്കൊപ്പം തന്നെ കുട്ടികളുടേയും മാതാവിന്റേയും കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ജയിൽ മാതാക്കൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും പ്രത്യേക പരിഗണനയോ സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് മാത്രമല്ല ജയിലുകളിലെ കുട്ടികളെ പരിപാലിക്കുന്നതിൽ പ്രത്യേക പരിശീലനം വേണമെന്ന ബോധ്യം പോലും ഉണ്ടായിരുന്നില്ല. 
ഈ പഠനം ചില നിർദ്ദേശങ്ങൾ കൂടി സർക്കാറുകൾക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു. കുട്ടികൾക്ക് താമസിക്കാൻ കഴിയാത്ത വിധത്തിലുള്ള സബ് ജയിലുകളിലാണ് പലരും കഴിയുന്നതെന്നും കുട്ടികളുള്ള മാതാക്കളെ ഇത്തരം ജയിലുകളിലാക്കരുതെന്നതുമായിരുന്നു ആദ്യത്തെ പ്രധാന നിർദ്ദേശം. കുട്ടികളുടെ ജൈവികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും നിർദ്ദേശം പറയുന്നു. 

ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയെ ജയിലിലേക്ക് അയക്കുമ്പോൾ പ്രസവത്തിന് മുമ്പും ശേഷവും അമ്മയ്ക്കും കുഞ്ഞിനും പരിചരണം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേക ജയിലിൽ ഉണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്ന നിർദ്ദേശം വളരെ പ്രധാനപ്പെട്ടതായിരുന്നു. 
അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ എല്ലാത്തരം കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട സ്ത്രീ കുറ്റവാളികൾ, വിചാരണത്തടവുകാർ തുടങ്ങിയവരുള്ളതും കൂടുതൽ പേരുള്ളതുമായ ബാരക്കുകളിൽ കുട്ടികളെ താമസിപ്പിക്കുന്നത് അത്തരം കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ദോഷകരമാകുന്നതിനാൽ  കുട്ടികളെ അത്തരം അന്തരീക്ഷത്തിലെത്തിക്കരുത്. 

എല്ലാ ജയിലുകളിലും കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ഭക്ഷണവും ചേരുവകളും നൽകുന്നതിന് സ്ഥിരമായ ക്രമീകരണമുണ്ടാവുകയും വനിതാ തടവുകാരുടെ കുട്ടികൾക്ക് വസ്ത്രങ്ങൾ, കിടക്കവിരികൾ മുതലായവ ഒന്നിലധികം സെറ്റുകളിലായി നൽകുകയും വേണം. ഓരോ അമ്മ തടവുകാരിക്കും അവരുടെ കുട്ടിക്ക് ഭക്ഷണം നൽകുന്നതിന് അനുയോജ്യമായ വലുപ്പത്തിലും മെറ്റീരിയലിലുമുള്ള പ്രത്യേക പാത്രങ്ങളും നൽകണം.

ജയിലിൽ താമസിക്കുന്ന ഓരോ കുട്ടിക്കും വൈദ്യസഹായം പൂർണ്ണമായും ഉറപ്പാക്കുന്നതിനോടൊപ്പം വനിതാ തടവുകാരി രോഗബാധിതയായാൽ കുട്ടിയെ പരിപാലിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ജയിൽ ജീവനക്കാർ ചെയ്യുകയും വേണം. 
വനിതാ തടവുകാരുടെ ഓരോ കുട്ടിക്കും ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം നൽകുന്നതിന് എല്ലാ ജയിലുകളിലും മതിയായ ക്രമീകരണങ്ങൾ ലഭ്യമാക്കണം. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്ക് വൈവിധ്യമാർന്ന വിനോദ പരിപാടികളും സൗകര്യങ്ങളും ലഭ്യമാക്കണം.
തടവിലാക്കപ്പെടുന്ന അമ്മയോടൊപ്പം കുട്ടി ജയിലിൽ താമസിക്കുന്നതിനെ പഠന റിപ്പോർട്ട് പിന്തുണക്കുന്നില്ല എന്ന ശ്രദ്ധേയമായ സംഗതി കൂടി നിർദ്ദേശങ്ങളിലുണ്ട്. കുട്ടികളെ മറ്റെവിടെയെങ്കിലും സുരക്ഷിതമായി പരിപാലിക്കാനുള്ള സാധ്യതകൾ പരീക്ഷിക്കണമെന്നും അവ പരാജയപ്പെട്ടാലുള്ള അവസാന ആശ്രയം മാത്രമായിരിക്കണം ജയിലെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏറ്റവും കുറഞ്ഞ എണ്ണം കുട്ടികൾ മാത്രമായിരിക്കണം അവരുടെ അമ്മമാരോടൊപ്പം ജയിലുകളിലുണ്ടാവുന്നതെന്ന് അധികൃതർ ഉറപ്പാക്കേണ്ടതുണ്ട്.

ഇന്ത്യൻ ജയിലുകളുടെ അവസ്ഥകൾ

ഇന്ത്യയിൽ നിലവിൽ ആയിരത്തി അഞ്ഞൂറോളം ജയിലുകളാണുള്ളത്. അവിടങ്ങളെല്ലാം അനുവദിക്കപ്പെട്ടതിലും കൂടുതൽ പേരെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. 
ശിക്ഷാ തടവുകാരേക്കാൾ കൂടുതൽ വിചാരണത്തടവുകാരാണ് ഇന്ത്യൻ ജയിലുകളിലുള്ളതെന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ജയിലുകളിലുള്ളവരിൽ എഴുപത് ശതമാനത്തോളം പേർ വിചാരണത്തടവുകാരാണെന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വിചാരണത്തടവുകാരിൽ പലരും വിചാരണ നടന്നിരുന്നുവെങ്കിൽ ലഭിക്കേണ്ടിയിരുന്ന ശിക്ഷയേക്കാൾ കൂടുതൽ തടവിൽ കഴിയുന്നവരാണ് പലരുമെന്ന വിചിത്ര കണ്ടെത്തലുകളും അന്വേഷണങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. യു എസിൽ 20 ശതമാനവും യു കെ യിൽ 11 ശതമാനവുമാണ് ജയിലുകളിലുള്ള വിചാരണത്തടവുകാരെങ്കിൽ ഇന്ത്യയിലെ 70 ശതമാനമെന്നതിന്റെ ഭീകരത തിരിച്ചറിയാനാവും. 
ജയിൽ പരിഷ്‌ക്കാരങ്ങളിൽ നിയമാനുസൃതമായ ജീവനക്കാരുടെ കുറവും ഫണ്ടിന്റെ അഭാവവും വലിയ ഘടകമാണ്. പോഷകാഹാരക്കുറവ്, ശുചിത്വക്കുറവ്, ഇരകളുടെ വായടയ്ക്കാൻ ഭീഷണിപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന കസ്റ്റഡി ബലാത്സംഗ കേസുകൾ തുടങ്ങി നിരവധി വെല്ലുവിളികൾ വനിതാ തടവുകാർ നേരിടുന്നുണ്ട്. മനുഷ്യത്വരഹിതമായ മാനസിക ശാരീരിക പീഡനങ്ങൾ ജയിലിലെ മറ്റൊരു രീതിയാണ്. മാത്രമല്ല ഇന്ത്യയിലെ വിവിധ ജയിലുകളിൽ നടത്തിയ കേസ് പഠനങ്ങളിൽ എച്ച് ഐ വി, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികളുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പഠനങ്ങളുടെ ഫലങ്ങൾ

ജയിൽ പരിഷ്‌കാരങ്ങൾക്കായുള്ള നടപടികൾ മെച്ചപ്പെടുത്തുന്നതിനും ശരിയായ നിർവ്വഹണം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാരുകളും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളും മാറ്റങ്ങൾ നടപ്പിലാക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് നേരത്തെ അഭ്യർഥിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ അവരുടെ ജയിൽ മാന്വലുകളിൽ കാലാകാലങ്ങളിൽ അത്തരം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിവായി ജയിലുകൾ സന്ദർശിച്ച് സംസ്ഥാന സർക്കാറിന്റെ പരിഗണനയ്ക്കായി ജയിലുകളുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശങ്ങളുണ്ട്. 
ഇന്ത്യയിലെ ജയിലുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനും പരിഷ്‌ക്കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി മാലിമത്ത് കമ്മിറ്റി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കമ്മിറ്റി, ജസ്റ്റിസ് റോയ് കമ്മിറ്റി തുടങ്ങി നിരവധി കമ്മിറ്റികളുണ്ടായിട്ടുണ്ട്. എന്നാൽ പതിവ് ഇന്ത്യൻ രീതികളിൽ പരിഷ്‌ക്കരങ്ങൾ പലതും പഠന റിപ്പോർട്ടിൽ തന്നെ ഉറങ്ങുകയാണെന്നതാണ് വസ്തുത.

അമ്മത്തടവുകാരോടൊപ്പം കുടുങ്ങുന്ന 'കുട്ടിത്തടവുകാർ'

ഇന്ത്യൻ ജയിലുകളിലെ സ്ത്രീ തടവുകാരുടെ കുട്ടികളെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസസ് ഒരു ഗവേഷണ പഠനം നടത്തിയിരുന്നു. 2002 ഫെബ്രുവരിയിൽ സർക്കാറിന്റെ ശ്രദ്ധയിലേക്ക് നിരവധി വിഷയങ്ങൾ കൊണ്ടുവരാൻ പ്രസ്തുത പഠനത്തിന് സാധിച്ചു. 
ജയിലുകളിൽ കഴിയുന്ന കുട്ടികളിൽ ഭൂരിഭാഗവും വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണെന്നും ഭക്ഷണം, ആരോഗ്യ സംരക്ഷണം, താമസം, വിദ്യാഭ്യാസം, വിനോദം മുതലായവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ദാരിദ്ര്യങ്ങൾ അനുഭവിക്കുന്നവരാണെന്നും കണ്ടെത്തി. അവരുടെ ശരിയായ ജൈവ മാനസിക സാമൂഹിക വികസനത്തിനായി ഒരു ജയിലിലും ഉചിതമായ പരിപാടികൾ നിലവിലില്ലെന്നും പഠനം പറയുന്നു.

അമ്മമാരോടൊപ്പം ജയിലിലുള്ള കുട്ടികളുടെ പരിചരണം കൂടുതലും അവരുടെ അമ്മമാർ തന്നെയാണ് നിർവഹിക്കുന്നത്. കുട്ടികളെ പരിപാലിക്കാൻ ഒരു ജയിലിലും പരിശീലനം ലഭിച്ച ജീവനക്കാരില്ലെന്നതാണ് വസ്തുത. പല ജയിലുകളിലും കുട്ടികളുള്ള സ്ത്രീതടവുകാർക്ക് പ്രത്യേകമോ അധികമോ ആയ ഭക്ഷണം നൽകുന്നില്ലെന്ന വളരെ ശ്രദ്ധേയമായ നിരീക്ഷണവും പഠനത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഒരു ഗ്ലാസ് പാൽ അധികമായി ലഭിച്ചു എന്നത് എടുത്തുപറയുന്നുണ്ട്. ചില ജയിലുകളിൽ, അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം പ്രത്യേക ഭക്ഷണം നൽകുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരം മുതിർന്ന തടവുകാരുടേത് പോലെയായിരുന്നു. 

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കമ്മിറ്റി

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായി 1987-ൽ  ഇന്ത്യൻ ജയിലുകളിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഒരു കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. നാഷണൽ എക്‌സ്‌പേർട്ട് കമ്മിറ്റി ഓൺ വിമൺ പ്രിസണേഴ്‌സ് എന്ന പേരിലുള്ള പ്രസ്തുത കമ്മിറ്റി 1988- ഫെബ്രുവരിയിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ സ്ത്രീ തടവുകാരുടെ ചികിത്സയും പുനരധിവാസവും മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. 

പൊലീസ് സേനയിലേക്ക് സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ തടവിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളും ദുർബലതകളും പരിഹരിക്കുന്നതിന് ഗുണകരമാകുമെന്ന് കമ്മിറ്റി നിർദ്ദേശത്തിലുണ്ട്.  സ്ത്രീ തടവുകാരെ കൈകാര്യം ചെയ്യാൻ സ്ത്രീജീവനക്കാരെ നിയമിക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മിറ്റി വാദിക്കുകയും കൂടുതൽ സെൻസിറ്റീവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. 

കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട സ്ത്രീകളാണെങ്കിലും അവരെ ബഹുമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അക്കാര്യം പ്രധാനപ്പെട്ടതാണെന്നും കമ്മിറ്റി പറയുന്നു. എല്ലാ തടവുകാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കണമെന്നും കമ്മിറ്റിയുടെ ശുപാർശയിലുണ്ട്. 
സ്ത്രീകൾക്ക് കൂടുതൽ മാനുഷികവും ഫലപ്രദവുമായ ജയിൽസംവിധാനം സൃഷ്ടിക്കുക, അവരുടെ അതുല്യമായ ആവശ്യങ്ങളിലും വെല്ലുവിളികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ കൂടി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img