
മുംബൈ: യുവ നടി സഞ്ജിത ഉഗാളെ (22) യുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ യുവതിയെ മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. നടിയുടെ പിതാവ് മച്ചിന്ദ ഉഗാളെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ സഞ്ജിതയെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഹിന്ദി ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന സഞ്ജിത. ‘കുങ്കും ഭാഗ്യ’, ‘സാജൻ ഘർ’, ‘ദിൽവാലി ദുൽഹ ലേ ജായേഗി’ എന്നീ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.










